X
    Categories: MoreViews

1.29 കോടി പേര്‍ക്ക് ഇനി സൗജന്യ റേഷനില്ല

 

മുന്‍ഗണന വിഭാഗത്തിലെ 1.29 കോടി പേര്‍ക്ക് ഇനി സൗജന്യ റേഷനില്ല. കേന്ദ്ര ഭക്ഷ്യഭദ്രതാ നിയമപ്രകാരം റേഷന്‍ വ്യാപാരികള്‍ക്ക് വേതന പാക്കേജ് നടപ്പാകുന്നതിന്റെ ഭാഗമായാണ് 29,06,709 മുന്‍ഗണന കാര്‍ഡുകളില്‍പ്പെട്ടവരെ ഒറ്റയടിക്ക് പുറത്താക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. റേഷന്‍ കാര്‍ഡുകള്‍ പലതും അര്‍ഹരായവരുടെ കയ്യില്‍ അല്ലെന്ന ആക്ഷേപം നിലനില്‍ക്കെയാണ് സൗജന്യ റേഷന്‍ നിര്‍ത്തലാക്കുന്നത്.

റേഷന്‍കടകളില്‍ ഇപോസ് (ഇലക്ട്രോണിക് പോയന്റ് ഓഫ് സെയില്‍) യന്ത്രം സ്ഥാപിക്കുന്നതോടെ ‘കൈകാര്യ ചെലവാ’യി അരിക്കും ഗോതമ്പിനും കിലോക്ക് ഒരു രൂപ അധികം ഈടാക്കും. മുന്‍ഗണന വിഭാഗത്തിലെ (പിങ്ക് റേഷന്‍ കാര്‍ഡ്) ഓരോ അംഗത്തിനും സൗജന്യമായി ലഭിക്കുന്ന നാല് കിലോ അരിക്കും ഒരു കിലോ ഗോതമ്പിനും ഇനി അഞ്ചു രൂപ നല്‍കണം. കാര്‍ഡില്‍ നാല് അംഗങ്ങള്‍ ഉണ്ടെങ്കില്‍ 20 രൂപ നല്‍കണം.

സൗജന്യ റേഷന് അര്‍ഹതയുള്ളത് 5,95,800 അന്ത്യോദയ അന്നയോജന വിഭാഗം (മഞ്ഞ കാര്‍ഡുടമകള്‍) മാത്രമായിരിക്കും. ഇവര്‍ക്ക് കാര്‍ഡ് ഒന്നിന് 30 കിലോ അരിയും അഞ്ച് കിലോ ഗോതമ്പും സൗജന്യമായി ലഭിക്കും. നീല കാര്‍ഡിലെ ഓരോ അംഗത്തിനും രണ്ട് കിലോ അരി കിലോഗ്രാമിന് രണ്ട് രൂപക്കാണ് ഇപ്പോള്‍ ലഭിക്കുന്നത്. ഇത് കിലോക്ക് മൂന്നാകും.

ഇ പോസ് യന്ത്രം സ്ഥാപിക്കുന്നതോടെ വെള്ള റേഷന്‍ കാര്‍ഡുടമകള്‍ അരിക്ക് 9.90 രൂപയും ഗോതമ്പിന് 7.90 രൂപയും നല്‍കണം. 15 രൂപക്ക് ലഭിക്കുന്ന ആട്ടക്ക്16 രൂപ ആകും. ഒരു രൂപയുടെ അധിക വര്‍ധന വഴി 117.4 കോടിയാണ് ലക്ഷ്യംവെക്കുന്നത്. ചില്ലറ വ്യാപാരികള്‍ക്ക് പ്രതിമാസം കുറഞ്ഞത് 16,000 രൂപ കമീഷന്‍ ലഭിക്കുന്ന വിധത്തില്‍ 349.5 കോടിയുടെ വേതന പാക്കേജിനാണ് അംഗീകാരം നല്‍കിയിരിക്കുന്നത്.

chandrika: