ന്യൂഡല്‍ഹി: മതവൈരം വളര്‍ത്തുന്ന വിദ്വേഷപ്രസംഗത്തിലൂടെ ഡോ.എന്‍ ഗോപാലകൃഷ്ണന്‍ കേന്ദ്രനേതൃത്വത്തിന്റെ ശ്രദ്ധ നേടാന്‍ ശ്രമിക്കുകയാണെന്ന് ആക്ഷേപം ഉയരുന്നു. മോദി സര്‍ക്കാറിനെ പ്രീണിപ്പിച്ച് കേന്ദ്ര സര്‍വകലാശാലകളുടെയോ മറ്റു സ്ഥാപനങ്ങളിലോ മേധാവിത്വം നേടുകയാണ് ഗോപാലകൃഷ്ണന്റെ ലക്ഷ്യം. ആര്‍എസ്എസ് നേതാവ് ഗിരീഷ് ചന്ദ്ര ത്രിപാഠിയെ ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലറായി നിയമിച്ചതു പോലെ കേന്ദ്ര സ്ഥാപനങ്ങളുടെ ഏതെങ്കിലും ചുമതലയില്‍ തന്നെ പരിഗണിച്ചേക്കുമെന്നാണ് അദ്ദേഹം പ്രതീക്ഷിക്കുന്നത്.
രാജ്യത്ത് 46 കേന്ദ്ര സര്‍വകലാശാലകളാണ് ആകെയുള്ളത്. കേന്ദ്ര മന്ത്രിസഭ നല്‍കുന്ന പാനല്‍ അനുസരിച്ച് രാഷ്ട്രപതിയാണ് ഈ സര്‍വകലാശാലകളിലേക്കുള്ള വൈസ് ചാന്‍സലര്‍മാരെ നിയമിക്കുന്നത്. കാസര്‍കോട്ടെ പെരിയയില്‍ സ്ഥിതി ചെയ്യുന്ന കേന്ദ്ര സര്‍വകലാശാലയുടെ വൈസ്ചാന്‍സലര്‍ സ്ഥാനമാണ് ഗോപാലകൃഷ്ണന്‍ ലക്ഷ്യംവെക്കുന്നതെന്നാണ് പരക്കെയുള്ള ആക്ഷേപം. നിലവില്‍ പ്രൊഫ.ജി.ഗോപകുമാറാണ് കാസര്‍കോട്ടെ സര്‍വകലാശാലയുടെ വൈസ് ചാന്‍സലര്‍. 2014 ആഗസ്ത് ഏഴിനാണ് അദ്ദേഹം സ്ഥാനമേറ്റത്. അദ്ദേഹത്തിന്റെ കാലാവധി മൂന്നു വര്‍ഷമായതിനാല്‍ 2017ല്‍ പുതിയ വിസിയെ നിയമിക്കും. ഈ നിയമനത്തില്‍ തന്റെ പേര് പരിഗണനക്കു വരുന്നതിനാണ് ഗോപാലകൃഷ്ണന്‍ ഇത്തരത്തില്‍ മതസ്പര്‍ദ്ധ ഉയര്‍ത്തുന്ന തരത്തില്‍ പ്രസംഗം നടത്തുന്നതെന്നാണ് സമൂഹമാധ്യമങ്ങളിലും മറ്റും ചര്‍ച്ചയാകുന്നത്. നിലവില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്റിഫിക് ഹെറിറ്റേജ് സ്ഥാപകനാണ് ഗോപാലകൃഷ്ണന്‍.