മുസ്ലിംകള്‍ക്കെതിരെ വിദ്വേഷം പരത്തുന്ന രീതിയില്‍ പ്രസംഗിച്ച സംഘ്പരിവാര്‍ നേതാവും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്റിഫിക് ഹെറിറ്റേജ് സ്ഥാപകനുമായ ഡോ. എന്‍ ഗോപാലകൃഷ്ണന്‍ മാപ്പു പറഞ്ഞ് രംഗത്ത്. ഇയാള്‍ക്കെതിരെ ശക്തമായ നടപടി വേണമെന്നാവശ്യപ്പെട്ട് പൊലീസില്‍ പരാതി ലഭിച്ചിരുന്നു.
യൂട്യൂബില്‍ പോസ്റ്റ് ചെയ്ത വിഡിയോയിലൂടെയാണ് ഇയാളുടെ മാപ്പപേക്ഷ. തന്റെ പഴയ പ്രസംഗം ചിലര്‍ വിഡിയോയാക്കി പ്രചരിപ്പിക്കുകയായിരുന്നുവെന്നും വാക്കുകള്‍ വളച്ചൊടിക്കുകയായിരുന്നുവെന്നും ഇയാള്‍ ആരോപിച്ചു.
“മലപ്പുറം ജില്ല മുസ്ളിങ്ങളുടെ പേരില്‍ ഉണ്ടാക്കിയതാണ്. ഏറ്റവും കൂടുതല്‍ എംഎല്‍എമാര്‍ അവിടെ ഉണ്ടാവാന്‍ കാരണം പന്നി പ്രസവിക്കുന്നമാതിരി ഓരോവീട്ടിലും കുട്ടികളെ ഉണ്ടാക്കുന്നതാണ്. രണ്ടും മൂന്നും ഭാര്യമാരെ വെച്ചുകൊണ്ട്. അതുകൊണ്ടാണ് മലപ്പുറത്തെക്കുറിച്ച് പറയുന്നത്.- എന്നിങ്ങനെയായിരുന്നു ഇയാളുടെ പ്രസംഗം. ഇതിനെതിരെ സോഷ്യല്‍മീഡിയയിലടക്കം കടുത്ത പ്രതിഷേധമുയര്‍ന്നിരുന്നു.
ആദ്യ വിഡിയോയില്‍ സഭ്യമല്ലാത്ത പദങ്ങളുപയോഗിച്ച് പ്രസംഗിച്ച ഇയാള്‍ രണ്ടാമത്തെ വിഡിയോയില്‍ സൂക്ഷിച്ചാണ് ഓരോ പദങ്ങളും ഉപയോഗിച്ചിരിക്കുന്നത്. പ്രസംഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെയും സിപിഎമ്മിനെയും പ്രശംസിക്കുന്നുമുണ്ട്. സോഷ്യല്‍മീഡിയയില്‍ പ്രതിഷേധം കനത്ത സാഹചര്യത്തില്‍ പൊലീസ് കടുത്ത നടപടിക്ക് മുതിരുമോ എന്ന ഭയമാണ് തിരുത്തലിന് കാരണമെന്നാണ് സൂചന.