X

വിവിപാറ്റ് സ്ലിപ്പുകളും വോട്ട് എണ്ണവും തമ്മില്‍ കൃത്യത വേണം; പ്രതിപക്ഷ നേതാക്കള്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ കാണുന്നു

വോട്ടിംഗ് യന്ത്രത്തിന്റെ വിശ്വസ്യത ഉറപ്പാക്കണം എന്നാവശ്യപ്പെട്ട് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷ നേതാക്കള്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ കാണും. വോട്ടിംഗ് യന്ത്രങ്ങളുടെ വിശ്വാസ്യത ഉറപ്പാക്കണമെന്നും കൂടുതല്‍ വിവിപാറ്റ് സ്ലിപ്പുകള്‍ എണ്ണണമെന്നും ആവശ്യപ്പെട്ടാണ് പ്രതിപക്ഷ കക്ഷികള്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ കാണുന്നത്. വൈകിട്ട് 3 മണിയോടെ ജാഥയായി പതിപക്ഷ കക്ഷി നേതാക്കള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിലേക്ക് പോകാനാണ് തീരുമാനിച്ചതെങ്കിലും സുരക്ഷാപ്രശ്നം കാരണം അത് ഒഴിവാക്കി. തുടര്‍ന്ന് വിഷയം ഉന്നയിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കാനാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ തീരുമാനം. എക്‌സിറ്റ് പോളുകള്‍ എന്‍ഡിഎക്ക് ഭൂരിപക്ഷം പ്രവചിച്ച സാഹചര്യത്തിലാണ് പ്രതിപക്ഷം വീണ്ടും തെരഞ്ഞെടുപ്പ് കമ്മീഷനെ കാണുന്നത്.

തെരഞ്ഞെടുപ്പ് കമ്മീഷനെ കാണുന്നതിന് മുന്നോടിയായി ഡല്‍ഹി കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബില്‍ പ്രതിപക്ഷ കക്ഷികള്‍ യോഗം ചേര്‍ന്നു. കോണ്‍ഗ്രസ്, തൃണമൂല്‍, ബിഎസ്പി, എസ്പി, ആര്‍ജെഡി, ജെഡിഎസ്, സിപിഐ, സിപിഎം, എന്‍സിപി, ഡിഎംകെ, ടിഡിപി തുടങ്ങി 19 അംഗ പ്രതിപക്ഷ കക്ഷി നേതാക്കള്‍ യോഗത്തിലെത്തി.

ഒരു നിയോജകമണ്ഡലത്തിലെ അഞ്ച് ബൂത്തുകളിലെ വിവിപാറ്റ് രസീതുകള്‍ എണ്ണണമെന്നാണ് നിലവിലെ ഉത്തരവ്. എന്നാല്‍ ഇങ്ങനെ എണ്ണുന്ന വിവിപാറ്റ് രസീതുകളും ബൂത്തിലെ വോട്ടെണ്ണവും തമ്മില്‍ എന്തെങ്കിലും വ്യത്യാസമുണ്ടായാല്‍ നിയോജകമണ്ഡലത്തിലെ മുഴുവന്‍ വിവിപാറ്റ് രസീതുകളും എണ്ണണമെന്ന ആവശ്യവുമായാണ് പ്രതിപക്ഷ നേതാക്കള്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുന്നത്.

നേരത്തെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യം തള്ളിയതിനെ തുടര്‍ന്ന് പ്രതിപക്ഷം സുപ്രിം കോടതിയെ സമീപിച്ചിരുന്നു. ഒരു നിയോജകമണ്ഡലത്തിലെ അഞ്ച് ബൂത്തുകളിലെ വിവിപാറ്റ് രസീതുകള്‍ എണ്ണണം എന്നായിരുന്നു കോടതി ഉത്തരവ്.

chandrika: