സെഞ്ചൂറിയന്‍ : ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും ഇന്ത്യ ആദ്യ ഇന്നിങ്‌സില്‍ ലീഡു വഴങ്ങി. ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 335 പിന്തുടര്‍ന്ന ഇന്ത്യ 307ന് പുറത്തായി. ഇതോടെ 28 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡാണ് ആതിഥേയര്‍ നേടിയത്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ രണ്ടാം ഇന്നിങ്‌സില്‍ 16ന് രണ്ടു വിക്കറ്റ് എന്ന നിലയിലാണ് ദക്ഷിണാഫ്രിക്ക. ഒരു റണ്‍സു വീതം നേടിയ ഹാഷിം അംലയുടെയും മക്രത്തിന്റെയും വിക്കറ്റാണ് നഷ്ടമായത്. ജസ്പ്രിന്റ് ബുംറക്കാണ് രണ്ടു വിക്കറ്റും.
ആദ്യ ടെസ്റ്റില്‍ അമ്പേ പരാജയമായ നായകന്‍ കോഹ്‌ലിയുടെ ഇന്നിങ്‌സാണ് ഇന്ത്യയെ മുന്നൂറ് കടത്തിയത്. 153 റണ്‍സ് നേടിയ കോഹ്‌ലി, രണ്ടു റെക്കോര്‍ഡാണ് സെഞ്ചൂറിയന്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ സ്വന്തമാക്കിയത്. തന്റെ 109-ാം ടെസ്റ്റ് ഇന്നിംഗ്‌സില്‍ ഇരുപത്തിയൊന്നാം സെഞ്ചുറിയിലെത്തിയ താരം ഏറ്റവും വേഗത്തില്‍ ഇരുപത്തിയൊന്ന് സെഞ്ചുറികള്‍ നേടുന്ന കാര്യത്തില്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറെ മറികടന്നു. 110 ഇന്നിങ്‌സുകളില്‍ നിന്നാണ് സച്ചിന്‍ ഇത്രയും സെഞ്ച്വറി നേടിയത്. ഇതോടെ അന്താരാഷ്ട്ര ടെസ്റ്റ് മത്സരങ്ങളില്‍ ഏറ്റവും വേഗത്തില്‍ ഇരുപത്തിയൊന്ന് സെഞ്ചുറികളടിക്കുന്ന നാലാം താരമായി മാറാനും ഇന്ത്യന്‍ നായകനായി. കൂടാതെ 1997 ല്‍ നായനെന്ന നിലയില്‍ കേപ്ടൗണില്‍ സച്ചിന്‍ നേടിയ സെഞ്ച്വറിക്കു ശേഷം സൗത്താഫ്രിക്കയില്‍ സെഞ്ച്വറി നേടുന്ന ആദ്യ താരമായി മാറാനും കോഹ്‌ലിക്കായി.
മൂന്നാം ദിവസം അഞ്ചിന് 183 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യയ്ക്ക് നഷ്ടമാവുകയായിരുന്നു. ഹര്‍ദിക് പാണ്ട്യ (15) , രവിചന്ദ്രന്‍ അശ്വിന്‍ (38 ) മാത്രമാണ് കോഹ്‌ലിക്ക് കുറച്ചെങ്കിലും പിന്തുണ നല്‍കിയത്. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി മോര്‍നെ മോര്‍ക്കല്‍ രണ്ട് വിക്കറ്റെടുത്തു.