X
    Categories: gulfNews

കെട്ടുകഥകള്‍ പ്രചരിപ്പിക്കുന്നത് ഇരട്ടത്താപ്പോടെ; യഥാര്‍ത്ഥ കാരണങ്ങള്‍ വേറെയെന്നും ഖത്തര്‍ അമീര്‍

അശ്‌റഫ് തൂണേരി

ദോഹ: ക്രൂരമായ കെട്ടുകഥകള്‍ നിരന്തരമായി പ്രചരിപ്പിക്കുന്നവരുടെ പിന്നിലെ താത്പര്യവും ഇരട്ടത്താപ്പും ഇതിനകം സമൂഹത്തിന് ബോധ്യമായതായി ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി. ഖത്തര്‍ ശൂറാ സമിതി 51ാമത് വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ചുള്ള ആദ്യ നിയമ നിര്‍മ്മാണ കാലയളവിലെ രണ്ടാമത്തെ സാധാരണ സമ്മേളന ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോകകപ്പിന് ആതിഥേയത്വം വഹിക്കാന്‍ ഖത്തര്‍ യോഗ്യത നേടിയതു മുതല്‍ കടുത്ത വിമര്‍ശനങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്. തുടക്കത്തില്‍ വിമര്‍ശനങ്ങളെ പോസിറ്റീവായാണ് തങ്ങള്‍ കണ്ടത്. ചില വിമര്‍ശനങ്ങള്‍ ഗുണകരമായിട്ടുമുണ്ട്. പക്ഷെ ഒരു ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ ആതിഥേയ രാജ്യവും അഭിമുഖീകരിക്കാത്ത കുപ്രചാരണങ്ങളാണ് പിന്നീടുണ്ടായത്. നിര്‍ഭാഗ്യവശാല്‍ ഈ പ്രചാരണത്തിന് പിന്നിലെ യഥാര്‍ത്ഥ കാരണങ്ങളും ഉദ്ദേശ്യങ്ങളും ചോദ്യം ചെയ്യപ്പെട്ടു.

പലതരം കെട്ടുകഥകളുമായി ഇരട്ടത്താപ്പോടെ ഇത്തരം പ്രചാരവേലകള്‍ വ്യാപിപ്പിക്കാന്‍ ശ്രമമുണ്ടെന്ന് തങ്ങള്‍ക്ക് നേരത്തെ തന്നെ ബോധ്യമായതായി അമീര്‍ വിശദീകരിച്ചു. ഫിഫ ഫുട്‌ബോള്‍ ലോകകപ്പ് എന്ന ചരിത്രസംഭവത്തിന് ആതിഥേയത്വം വഹിക്കാന്‍ തയ്യാറെടുക്കുന്ന എല്ലാ ജനങ്ങളുടെയും ശ്രമങ്ങളെ പ്രാധാന്യത്തോടെ കാണുന്നു. ഈ ലോകകായിക മേളയ്ക്ക് ആതിഥേയത്വം വഹിക്കുന്ന രാജ്യത്തിന് ലോകസമൂഹത്തോടുള്ള താത്പര്യവും കടപ്പാടും എത്ര ഊഷ്മളമാണെന്ന് ബോധ്യപ്പെടുത്താനുള്ള സന്ദര്‍ഭം കൂടിയാണിത്. ഇത് കേവലം ഒരു കായിക മത്സരം മാത്രമല്ല, മറിച്ച് ഒരു പ്രധാന മാനുഷിക വിനിമയങ്ങളുടെ പ്രധാന അവസരം കൂടിയാണെന്നും അദ്ദേഹം വിശദീകരിച്ചു.

Test User: