ഇരിങ്ങാലക്കുട: മൊബൈല്‍ ഫോണും വാഹനവും കൊച്ചിയിലെ വീട്ടില്‍ ഉപേക്ഷിച്ച് വിനയ് മറഞ്ഞത് എവിടേക്ക്? വേളൂക്കര കല്ലംകുന്നിലെ ഇരട്ടമരണത്തിനു പിന്നില്‍ പൊലീസിനെ കുഴക്കുന്നത് ഈ ചോദ്യമാണ്. കരുവാപ്പടി കാവുങ്ങല്‍ രാജിയെയും (54) മകന്‍ വിജയ് കൃഷ്ണനെയും (26) ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിട്ടു ദിവസങ്ങളായെങ്കിലും അവ്യക്തതകള്‍ നീങ്ങിയിട്ടില്ല. ആത്മഹത്യ തന്നെയെന്നു പൊലീസ് ഉറപ്പിക്കുന്നുണ്ടെങ്കിലും രാജിയുടെ മൂത്തമകന്‍ വിനയ് കൃഷ്ണയെ കണ്ടെത്തിയാലേ മരണകാരണത്തെക്കുറിച്ചു സൂചന ലഭിക്കൂ. തന്റെ ഫോണും ബൈക്കും കൊച്ചി മരടിലെ വീട്ടില്‍ ഉപേക്ഷിച്ചു വിനയ് അപ്രത്യക്ഷനായിട്ടു ദിവസങ്ങളായി.
കഴിഞ്ഞ 28ന് ആണ് കല്ലംകുന്നിലെ കുടുംബവീട്ടില്‍ ഉത്തരത്തില്‍ തൂങ്ങിയ നിലയില്‍ രാജിയെയും വീടിനോടു ചേര്‍ന്നുള്ള കിണറ്റില്‍ വിജയ് കൃഷ്ണയെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. 25 ന് രാജിയും വിജയ് കൃഷ്ണയും വിനയിനെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നതായി പൊലീസ് കണ്ടെത്തി.
ഫോണില്‍ കിട്ടാതിരുന്നതുമൂലം സുഹൃത്തുവഴിക്കാണ് വിനയിനോട് സംസാരിച്ചത്. 26 മുതല്‍ വിനയിന്റെ ഫോണ്‍ സ്വിച്ച് ഓഫായി. വിനയിനു വലിയ സാമ്പത്തിക ബാധ്യതയുള്ളതായും നേരത്തെ ജോലി ചെയ്തിരുന്ന സ്ഥാപനത്തില്‍ സാമ്പത്തിക ക്രമക്കേടു നടത്തിയതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍, സംഭവ ദിവസം വേളൂക്കരയിലെത്തിയതിനു തെളിവുകളില്ല. 2 ആഴ്ച കൂടുമ്പോള്‍ വിനയ് വീട്ടിലെത്തുക പതിവാണ്.
മരടില്‍ വിനയ് താമസിച്ചിരുന്ന വീട്ടില്‍ നടത്തിയ പരിശോധനയില്‍ മൊബൈല്‍ ഫോണും ബൈക്കും കണ്ടെത്തി. മുന്‍പും വിനയ് അപ്രത്യക്ഷനായിട്ടുണ്ട്. അന്വേഷണങ്ങള്‍ക്കൊടുവില്‍ മൂന്നാറില്‍ നിന്നാണ് ഇയാളെ കണ്ടെത്തി തിരികെയെത്തിച്ചത്.
വിജയ്, രാജി എന്നിവര്‍ക്കു സാമ്പത്തികമോ കുടുംബപരമായോ പ്രശ്‌നങ്ങള്‍ ഉള്ളതായി അയല്‍വാസികള്‍ക്കോ ബന്ധുക്കള്‍ക്കോ അറിവില്ല. രാജിയുടെ അമ്മ മാത്രമാണു കുടുംബ വീട്ടില്‍ താമസം. എന്നാല്‍, കഴിഞ്ഞ ഒരാഴ്ചയായി അമ്മ മറ്റൊരു മകളുടെ വീട്ടിലായിരുന്നു. അമ്മ വീട്ടിലില്ലെന്നറിഞ്ഞിട്ടും രാജിയും വിജയും ഇവിടെയെത്തിയത് ജീവനൊടുക്കുകയെന്ന ഉദ്ദേശത്തോടെയാണെന്ന നിഗമനത്തിലാണ് പൊലീസ്.