നിര്‍ദിഷ്ട കെ-റെയിലിന്റെ അലൈന്‍മെന്റ് പൂര്‍ണമായി പുറത്തു വിടാത്തതിനു പിന്നില്‍ ദുരൂഹത. ഡിപിആര്‍ പുറത്തുവിട്ടെങ്കിലും മാഹി വഴിയുള്ള അലൈന്‍മെന്റിലാണ് ദുരൂഹത തുടരുന്നത്. കണ്ണൂര്‍-കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന മാഹിയില്‍ ഭൂമി വിട്ടുനല്‍കുന്നത് സംബന്ധിച്ച് പോണ്ടിച്ചേരിയുടെ വിയോജിപ്പ് കെ-റെയിലിന് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്.
സര്‍ക്കാര്‍ പുറത്ത് വിട്ട 3773 പേജുള്ള ഡിപിആറില്‍ സില്‍വര്‍ ലൈനിന്റെ തിരുവനന്തപുരത്തു നിന്നുള്ള 120 കി.മീ അലൈന്‍മെന്റ് മാത്രമാണ് വ്യക്തമാക്കിയത്. എന്നാല്‍, വടക്കന്‍ കേരളത്തില്‍ പലയിടത്തും സര്‍വെ കല്ലുകള്‍ സ്ഥാപിച്ചെങ്കിലും മാഹിയില്‍ ഇതു സംബന്ധിച്ച് അനിശ്ചിതത്വം തുടരുകയാണ്. മാഹി വഴി പാത കടന്നുപോകില്ലെന്ന് നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ പോണ്ടിച്ചേരി സര്‍ക്കാറിന് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഇതു സംബന്ധിച്ചുള്ള കാര്യങ്ങള്‍ ദൂരൂഹമായി തുടരുകയാണ്. ഡിപിആറില്‍ പൂര്‍ണ അലൈന്‍മെന്റ് പുറത്തുവിടാത്തതിനു പിന്നില്‍ മാഹിയില്‍ ഭൂമി ഏറ്റെടുക്കുന്നത് സംബന്ധിച്ച് തീരുമാനമാവാത്തതാണെന്ന് അറിയുന്നു. പദ്ധതിക്കായി പോണ്ടിച്ചേരി അനുമതി നിഷേധിച്ചാല്‍ തുടര്‍നടപടികളെ പ്രതികൂലമായി ബാധിക്കും. എന്നാല്‍, കെ-റെയിലിന്റെ വെബ് സൈറ്റിലുള്ള രൂപരേഖയില്‍ ഗൂഗിള്‍ മാപ്പില്‍ മാഹിയിലൂടെ തന്നെയാണ് പാത കടന്നുപോകുന്നത്. കേന്ദ്ര റെയില്‍വെ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചാല്‍ നിലവിലുള്ള റെയില്‍പാതയോട് ചേര്‍ന്ന് പാതയൊരുക്കാമെന്നാണ് കണക്ക് കൂട്ടല്‍. റെയില്‍വെയുടെ ഭൂമി ഏറ്റെടുത്താല്‍ സ്വകാര്യഭൂമി പരമാവധി കുറക്കാമെന്നും ഇതുവഴി കുടിയിറക്ക് പരമാവധി ഒഴിവാക്കാമെന്നും കെ-റെയില്‍ കരുതുന്നു.
മാഹിയെ ബന്ധിപ്പിക്കാതെയുള്ള അതിവേഗപാത പ്രായോഗികമല്ല. അങ്ങനെ നിര്‍മിക്കുകയാണെങ്കില്‍ പാളത്തിന് വലിയ വളവുണ്ടാവും.ഇതോടൊപ്പം മൂന്നിരട്ടി പേരെ കുടിയിറക്കേണ്ടിവരികയും ചെയ്യും. ഇതിനാല്‍ കേന്ദ്ര അനുമതിക്ക് ശേഷം പോണ്ടിച്ചേരിയുമായി ചര്‍ച്ച നടത്തി അന്തിമ അലൈന്‍മെന്റ് നിശ്ചയിക്കാമെന്നാണ് കെ-റെയിലിന്റെ തീരുമാനം.
പദ്ധതിക്ക് ഭൂമി വിട്ടുനല്‍കില്ലെന്ന് മാഹി എം.എല്‍.എ
കെ-റെയില്‍ പദ്ധതിക്കായി ഭൂമി നല്‍കില്ലെന്ന് മാഹി എംഎല്‍എ രമേശ് പറമ്പത്ത്. അതിവേഗ റെയില്‍ പദ്ധതിയുടെ അലൈന്‍മെന്റ് മാഹിയുടെ ഭാഗമായ ചാലക്കരയിലൂടെ കടന്നുപോകുന്നുണ്ടെന്ന രീതിയില്‍ പുറത്തുവന്ന വാര്‍ത്തകള്‍ ജനങ്ങളില്‍ ആശങ്ക ഉയര്‍ത്തുന്നുണ്ട്. ജനസാന്ദ്രത കൂടിയ മാഹിയിലൂടെ പാത കടന്നുപോകുമ്പോള്‍ വലിയ ദുരിതമായിരിക്കും ജനങ്ങള്‍ക്ക് ഉണ്ടാവുക. കൂടിയിറക്കുന്നവര്‍ക്ക് ആവശ്യമായ സൗകര്യമൊരുക്കാന്‍ കഴിയില്ല. പദ്ധതി മാഹി വഴി കടന്നുപോകില്ലെന്ന് രണ്ട് വര്‍ഷം മുമ്പ് അന്നത്തെ പുതുച്ചേരി മുഖ്യമന്ത്രി നാരായണ സ്വാമിക്ക് കേരള മുഖ്യമന്ത്രി ഉറപ്പുനല്‍കിയിരുന്നു. ഇത് പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.