യാങ്കൂണ്‍: മ്യാന്മറില്‍ അക്രമങ്ങള്‍ വ്യാപിച്ചതോടെ ബംഗ്ലാദേശിലേക്ക് പലായനം ചെയ്യുന്ന റോഹിന്‍ഗ്യാ മുസ്്‌ലിംകളുടെ എണ്ണം വര്‍ധിച്ചു. സൈനിക നടപടിയില്‍ ഇതുവരെ 86 പേര്‍ കൊല്ലപ്പെടുകയും 30,000ത്തോളം പേര്‍ അഭയാര്‍ത്ഥികളാവുകയും ചെയ്തിട്ടുണ്ടെന്നാണ് കണക്ക്. അക്രമങ്ങളില്‍നിന്ന് രക്ഷതേടി നദി മുറിച്ചുകടക്കാന്‍ ശ്രമിക്കുന്നതിനിടെ ബോട്ട് മുങ്ങിയും ചിലര്‍ മരിച്ചു. മ്യാന്മറിനെയും ബംഗ്ലാദേശിനെയും വേര്‍തിരിക്കുന്ന നഅഫ് നദിയിലാണ് അഭയാര്‍ത്ഥികള്‍ മുങ്ങിമരിച്ചത്.
ബോട്ടിലുണ്ടായിരുന്ന ഭൂരിഭാഗം പേര്‍ക്കും നീന്തല്‍ അറിയുമായിരുന്നു. കുട്ടികളടക്കം ഏഴുപേരെ കാണാതായിട്ടുണ്ട്. നദി മുറിച്ചുകടന്ന് എത്തുന്നവരിപ്പോള്‍ ബംഗ്ലാദേശിലെ അഭയാര്‍ത്ഥി ക്യാമ്പുകളിലാണ്. എന്നാല്‍ അഭയാര്‍ത്ഥികളുടെ ഒഴുക്ക് നിയന്ത്രിക്കുന്നതിന് പല കുടുംബങ്ങളെയും ബംഗ്ലാദേശ് അധികാരികള്‍ തിരിച്ചയച്ചുതുടങ്ങി. ഇത് അഭയാര്‍ത്ഥികളുടെ സ്ഥിതി കൂടുതല്‍ ദയനീയമാക്കിയിട്ടുണ്ട്. ഒക്ടോബര്‍ ആദ്യം ഒമ്പത് മ്യാന്മര്‍ സൈനികര്‍ കൊല്ലപ്പെട്ടതിനുശേഷമാണ് റോഹന്‍ഗ്യാ ഗ്രാമങ്ങളിലേക്ക് സൈന്യം നരനായാട്ട് തുടങ്ങിയത്.
തീവ്രവാദികളെ പിടികൂടാനെന്ന പേരില്‍ റാഖിന്‍ സ്റ്റേറ്റിലെ റോഹിന്‍ഗ്യാ പ്രദേശങ്ങളിലേക്ക് ഇരച്ചുകയറിയ സൈനികര്‍ കുട്ടികളടക്കം നിരവധി പേരെ വെടിവെച്ചുകൊന്നു. മ്യാന്മര്‍ സേന മുസ്്‌ലിം സ്ത്രീകളെ ബലാത്സംഗം ചെയ്തതായി പ്രദേശവാസികളും മനുഷ്യാവകാശ സംഘടനകളും പറയുന്നു. റോഹിന്‍ഗ്യാ ഗ്രാമങ്ങളിലെ നൂറുകണക്കിന് വീടുകള്‍ സൈന്യം ചുട്ടെരിച്ചു. സ്ത്രീകളെയും കുട്ടികളെയും പുറത്തിറങ്ങാന്‍ അനുവദിക്കാതെയാണ് പല വീടുകളും സൈന്യം അഗ്നിക്കിരയാക്കിയത്.
റാഖിനിലെ വീടിന് പട്ടാളക്കാര്‍ തീവെച്ചതിനുശേഷം തന്റെ എട്ട് കുടുംബാംഗങ്ങള്‍ക്ക് എന്തു സംഭവിച്ചുവെന്ന് അറിയില്ലെന്ന് ബംഗ്ലാദേശിലെ അഭയാര്‍ത്ഥി ക്യാമ്പില്‍ കഴിയുന്ന സിറാജുല്‍ ഇസ്‌ലാം പറയുന്നു. ‘എന്റെ ഭാര്യക്കും മക്കള്‍ക്കും എന്തു പറ്റിയെന്ന് അറിയില്ല. സൈനികരുടെ പിടിയില്‍നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടാണ് ഞാന്‍ അതിര്‍ത്തി കടന്നത്’-അദ്ദേഹം റോയിട്ടേഴ്‌സിനോട് പറഞ്ഞു.
റോഹിന്‍ഗ്യാ മേഖലയിലെ യഥാര്‍ത്ഥ സ്ഥിതി എന്താണെന്ന് പുറംലോകത്തിന് ഇനിയും അറിയില്ല. മാധ്യമപ്രവര്‍ത്തകര്‍ക്ക് ഇവിടേക്ക് പ്രവേശനം നിഷേധിച്ചിരിക്കുകയാണ്. സമാധാന നൊബേല്‍ സമ്മാന ജേതാവ് ആങ്‌സാന്‍ സൂകിയുടെ നേതൃത്വത്തിലുള്ള ഭരണകൂടം റോഹിന്‍ഗ്യാ മുസ്്‌ലിംകളോട് പുറംതിരിഞ്ഞുനില്‍ക്കുകയാണ്. പാവപ്പെട്ട ഗ്രാമീണരെ കൊലപ്പെടുത്തുന്ന പട്ടാള നടപടിയോട് സൂകി ഇതുവരെയും പ്രതികരിച്ചിട്ടില്ല. മുസ്്‌ലിം വംശഹത്യക്ക് സൂകിയുടെ ഭരണകൂടം മൗനാനുവാദം നല്‍കിയിരിക്കുകയാണെന്ന് ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷണല്‍ സ്റ്റേറ്റ് ക്രൈം ഇനിഷിയേറ്റീവ് പ്രൊഫസര്‍ പെന്നി ഗ്രീന്‍ ആരോപിച്ചു.