വാസുദേവന്‍ കുപ്പാട്ട്
കോഴിക്കോട് :സത്യത്തിന്റെ തുറമുഖം ഹരിതരാഷ്ട്രീയത്തിന്റെ യുവജനശബ്ദത്തിന് വേണ്ടി കാതോര്‍ക്കുന്നു. ദേശീയപ്രസ്ഥാനവും സ്വാതന്ത്ര്യസമരവും രണഭൂമിയാക്കി മാറ്റിയ കോഴിക്കോടിന്റെ മണ്ണില്‍ മുസ്്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന സമ്മേളനം ചിന്തയുടെയും കര്‍മത്തിന്റെയും പുതിയ യുഗത്തിന് നാന്ദി കുറിക്കും. ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഗതിവിഗതികള്‍ നിയന്ത്രിച്ച മഹാരഥന്മാരെ ആദരിച്ചും അനുസ്മരിച്ചും കമാനങ്ങളും ബോര്‍ഡുകളും ഉയര്‍ന്നുകഴിഞ്ഞു. മഹാത്മാഗാന്ധി, ജവഹര്‍ലാല്‍ നെഹ്്‌റു, അബുള്‍കലാം ആസാദ്, സര്‍സയ്യിദ് അഹമ്മദ്ഖാന്‍, മൗലാനാ മുഹമ്മദലി, അല്ലാമ ഇക്്ബാല്‍ തുടങ്ങിയവരുടെ ചിത്രങ്ങള്‍ കമാനങ്ങളില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്.
സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖി തങ്ങള്‍, പൂക്കോയ തങ്ങള്‍, സീതിസാഹിബ്, ഉപ്പി സാഹിബ്, ജി.എം ബനാത്ത് വാല, ഉമര്‍ ബാഫഖി തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ എന്നിങ്ങനെ മുസ്്‌ലിംലീഗ് പ്രസ്ഥാനത്തെ നെഞ്ചോട് ചേര്‍ത്ത നേതൃസരണിയിലെ പ്രമുഖരുടെ ഛായാപടങ്ങളും കമാനങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നു. ശ്രീനാരായണഗുരു, ബി.ആര്‍ അംബേദ്കര്‍ തുടങ്ങിയ സാമൂഹ്യ പരിഷ്‌കര്‍ത്താക്കളും സമ്മേളനത്തിന്റെ പ്രചാരണ കമാനങ്ങളില്‍ അനുസ്മരിക്കുന്നു. ഫാസിസം വാക്കുകളിലും പ്രവൃത്തികളിലും നിറച്ചിട്ടുള്ള ഇന്ത്യന്‍ ഭരണകൂടത്തിന്റെ പൈശാചിക വേഷം തുറന്നു കാണിക്കുക എന്നതാണ് സമ്മേളനത്തിന്റെ പ്രധാന ലക്ഷ്യം. സംഘപരിവാര്‍ രാജ്യത്ത് നടപ്പാക്കുന്ന സാമ്പത്തിക അടിയന്തരാവസ്ഥ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ സമ്മേളനത്തില്‍ ചര്‍ച്ചയാവും.
യുവജനങ്ങള്‍ നേരിടുന്ന നിരവധി പ്രശ്‌നങ്ങള്‍ സമ്മേളനം വിശദമായി തന്നെ പരിശോധിക്കും. മയക്കുംമരുന്നും തീവ്രവാദവും യുവാക്കളെ ആകര്‍ഷിക്കുന്ന ഘടകങ്ങളായി മാറുകയാണെന്ന വസ്തുത യൂത്ത്‌ലീഗ് മനസ്സിലാക്കുന്നുണ്ട്. ഇത്തരം സാമൂഹ്യവിപത്തുകളില്‍ നിന്ന് യുവാക്കളെ രക്ഷിച്ചെടുക്കേണ്ട ബാധ്യത തങ്ങളില്‍ നിക്ഷിപ്തമാണെന്ന് യൂത്ത്‌ലീഗ് വിശ്വസിക്കുന്നു. ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ പ്രസ്ഥാനം ഏറെക്കാലമായി പ്രവര്‍ത്തിക്കുന്നുണ്ട്.
സംഘപരിവാറിന്റെ അജണ്ടക്ക് മറുമരുന്നതായി വേണ്ടത് തീവ്രവാദമാണ് എന്ന ചിന്ത ഒരിക്കലും യൂത്ത്‌ലീഗ് വെച്ചു പുലര്‍ത്തുന്നില്ല. തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നവരെ ഒറ്റപ്പെടുത്താന്‍ യൂത്ത്‌ലീഗ് പ്രതിജ്ഞാബദ്ധമാണ്.
മതസഹിഷ്ണുതയുടേയും മതേതരത്വത്തിന്റെയും കൊടിക്കൂറകള്‍ നാടെങ്ങും ഉയരട്ടെ എന്നാണ് യൂത്ത്‌ലീഗിന്റെ ആശംസ. അത്തരം ചിന്തകളും അന്വേഷണങ്ങളുമാണ് സമ്മേളനനഗരിയില്‍ മുഴങ്ങികേള്‍ക്കുക. തീവ്രവാദവുമായി സന്ധിയില്ലാത്ത പോരാട്ടം യൂത്ത്‌ലീഗ് തുടരും. നമ്മുടെ നാട്ടില്‍ ശാന്തിയും സമാധാനവും പുലരണം എന്നാണ് യൂത്ത്‌ലീഗ് ആഗ്രഹിക്കുന്നത്. സാമൂതിരിയും മങ്ങാട്ടച്ചനും കുഞ്ഞാലി മരക്കാരും ചേര്‍ന്നുള്ള സദ്്ഭരണത്തിന്റെ കഥയാണ് കോഴിക്കോടിന് പറയാനുള്ളത്. ബ്രിട്ടീഷുകാരോടും മറ്റ് വിദേശശക്തികളോടും പൊരുതിയ പാരമ്പര്യം ഇന്ന് രാജ്യത്ത് തന്നെയുള്ള ഫാസിസ്റ്റ് ശക്തികളുമായി പോരാടാനാണ് ആഹ്വാനം ചെയ്യുന്നത്. ഈ ദൗത്യം ഏറ്റെടുക്കാന്‍ യൂത്ത്‌ലീഗ് സന്നദ്ധമാണെന്ന്്് ഇതിനകം വിളംബരം ചെയ്യപ്പെട്ടു. സമ്മേളനത്തില്‍ ഉരുത്തിരിയുന്ന ആശയങ്ങള്‍ യുവജനതയുടെ പുതിയൊരു ലോകം കെട്ടിപ്പടുക്കുന്നതിനുള്ള അലകും പിടിയും ആയിരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.