കോഴിക്കോട്: എഴുത്തുകാരെയും സാംസ്‌കാരിക നായകന്‍മാരെയും നിശബ്ദരാക്കാനുള്ള ഏത് നീക്കത്തെയും ചെറുക്കുമെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
പ്രമുഖ സാഹിത്യകാരനും ജ്ഞാനപീഠം ജേതാവുമായ എം.ടി വാസുദേവന്‍ നായരുടെ വസതിയിലെത്തി സംഘ്പരിവാര്‍ ഭീഷണിക്കെതിരെ മുസ്്‌ലിം യൂത്ത്‌ലീഗ് പിന്തുണ അറിയിച്ച ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
എം.ടി വാസുദേവന്‍ നായര്‍ കേരളത്തിലെ ലബ്ദപ്രതിഷ്ഠനായ എഴുത്തുകാരനാണ്. അതിലപ്പുറം എം.ടി സംസാരിക്കുന്നത് സാധാരണ ജനങ്ങളുടെ വികാരവും ഭാഷയുമാണ്. എം.ടി ക്കെതിരായ ഫാസിസ്റ്റ് നിലപാട് ആസൂത്രിതമായ ആക്രമണമാണ്.
ഇതിനെ മലയാളികള്‍ ഒറ്റക്കെട്ടായി ചെറുക്കണം. അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കി ആളാവേണ്ട ആവശ്യം എം.ടിക്കില്ല. പൊതുജനങ്ങളുടെ മനസ്സില്‍ ഭരണകൂടത്തിനെതിരെ വിങ്ങി നില്‍ക്കുന്ന വികാരമാണ് അദ്ദേഹത്തിന്റെ വാക്കിലൂടെ പുറത്ത് വന്നത്.
ഇതിനെ സഹിഷ്ണുതയോടെ കാണുകയും വിമര്‍ശിക്കാനുള്ള അവകാശത്തെ അംഗീകരിക്കുകയുമാണ് ബി.ജെ.പി നേതാക്കള്‍ ചെയ്യേണ്ടത്. എം.ടിക്കെതിരായ ആക്രമണം ഒറ്റപ്പെട്ടതല്ലെന്നും അതിന് ഫാസിസത്തിന്റെ സ്വരമുണ്ടെന്നും മുനവ്വറലി തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്, ട്രഷറര്‍ എം.എ സമദ്, സീനിയര്‍ വൈസ് പ്രസിഡന്റ് നജീബ് കാന്തപുരം, സെക്രട്ടറിമാരായ ആഷിക്ക് ചെലവൂര്‍, പി.പി അന്‍വര്‍ സാദത്ത്, മണ്ഡലം ജനറല്‍ സെക്രട്ടറി ടി.പി.എം ജിഷാന്‍ എന്നിവര്‍ അനുഗമിച്ചു.