കോഴിക്കോട് : പൊലീസ് ഗുണ്ടാ സി.പി.എം കൂട്ടുകെട്ടാണ് കേരളം ഭരിക്കുന്നതെന്ന് യൂത്ത്‌ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്. ഈ കൂട്ടുകെട്ടിനെതിരെ യൂത്ത്‌ലീഗ് സംസ്ഥാന വ്യാപകമായി പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രക്ഷോഭത്തിന്റെ ആദ്യപടിയായി ജൂണ്‍ രണ്ട് ശനിയാഴ്ച സംസ്ഥാന വ്യാപകമായി പൊലീസ് സ്റ്റഷനുകള്‍ക്ക് മുന്നില്‍ ജനകീയ വിചാരണ സംഘടിപ്പിക്കും. നിയോജക മണ്ഡലം കമ്മറ്റികളുടെ ആഭിമുഖ്യത്തിലാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. ആഭ്യന്തര വകുപ്പിനെതിരെ മുസ്‌ലിം യൂത്ത് ലീഗ് തയ്യാറാക്കിയ കുറ്റപത്രം അന്നേ ദിവസം സമര്‍പ്പിക്കുമെന്നും ഫിറോസ് പറഞ്ഞു. കോഴിക്കോട് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ക്രമസമാധാനപാലനം കേരളത്തില്‍ സമ്പൂര്‍ണ്ണ പരാജയമായി മാറിയിരിക്കുകയാണ്. രണ്ട് വര്‍ഷം പൂര്‍ത്തിയാക്കിയ ഇടത്പക്ഷ സര്‍ക്കാരിന്റെ ആഭ്യന്തര വകുപ്പിന് പൂജ്യം മാര്‍ക്കിനെ അര്‍ഹതയുള്ളൂ. കോട്ടയത് പോലീസിന്റെ അനാസ്ഥമൂലം കെവിന്‍ എന്ന ദളിത് യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ ഒന്നാംപ്രതി കേരള മുഖ്യമന്ത്രിയാണ്. ജനങ്ങളുടെ സുരക്ഷക്ക് പ്രാധാന്യം കൊടുക്കാതെ തന്റെ സുരക്ഷക്ക് അമിത പ്രാധാന്യം നല്‍കിയത് കൊണ്ടാണ് ഈ കൊലപാതകം സംഭവിച്ചത്. പൈലറ്റും എസ്‌കോര്‍ട്ടും മന്ത്രിമാര്‍ക്ക് ഉണ്ടാകില്ലെന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രി സ്വന്തം സുരക്ഷക്ക് എന്തിനാണ് 250 പോലീസുകാരെ വിന്യസിച്ചതെന്ന് വ്യക്തമാക്കണം. തനിക്ക് ന്യായമെന്ന് തോന്നുന്ന കാര്യത്തില്‍ മാത്രമേ ഇടപെടുകയുള്ളൂവെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ഏകാധിപതിയുടെതാണ്. കേരളത്തില്‍ 3.5കോടി പാര്‍ട്ടി പ്രവര്‍ത്തകര്‍ അല്ലാ ഉള്ളതെന്നും 3.5കോടി ജനങ്ങളാണ് ഉള്ളതെന്നും മുഖ്യമന്ത്രി മനസ്സിലാക്കണം. തന്നിഷ്ടം നടപ്പിലാക്കാന്‍ കേരളം പിണറായി വിജയന്റെ തറവാട്ട് സ്വത്തല്ല.
പോലീസിന്റെ ഭാഗത്ത് നിന്നും ഗുരുതരമായ വീഴചകള്‍ നിരന്തരമായി സംഭവിക്കുമ്പോഴും പോലീസിനെതിരെ നടപടിയെടുത്തിട്ടുണ്ട് എന്ന് പറഞ്ഞ് കൈ കഴുകുകയാണ് മുഖ്യമന്ത്രി ചെയ്യുന്നത്. മാസങ്ങള്‍ക്ക് മുമ്പ് തൃശ്ശൂരിലെ പാവറട്ടി പോലീസ് സ്‌റ്റേഷനിലെ പീഡനത്തെ തുടര്‍ന്ന് ദളിത് യുവാവായ വിനായകന്‍ മരണപ്പെട്ട സംഭവത്തില്‍ രണ്ട് പോലീസുകാര്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട് എന്നാണ് അന്ന് മുഖ്യമന്ത്രി പറഞ്ഞത്. എന്നാല്‍ ആറ് മാസം തികയുന്നതിന് മുമ്പെ സസ്‌പെന്‍ഷനിലായ സിവില്‍ പോലീസ് ഓഫീസര്‍മാരായ സാജന്‍, ശ്രീജിത്ത് എന്നിവരെ സര്‍വ്വീസിലേക്ക് തിരിച്ചെടുക്കുകയായിരുന്നു. സസ്‌പെന്‍ഷന്‍ നടപടികള്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള തന്ത്രം മാത്രമാണെന്നും ഇതോടെ തെളിഞ്ഞിരിക്കയാണ്. വിനായകന്റെ കുടുംബത്തിന് യാതൊരു നഷ്ടപരിഹാരവും നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇത്‌വരെ തയ്യാറായിട്ടില്ല. മരണപ്പെട്ട വിനായകന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്നും ഉപജീവന മാര്‍ഗത്തിന് വീട്ടിലെ ഒരാള്‍ക്ക് ജോലി നല്‍കണമെന്നും ഫിറോസ് ആവശ്യപ്പെട്ടു.
കെവിന്‍ ജോസഫ് എന്ന യുവാവിനെ കൊലപ്പെടുത്താന്‍ സി.പി.എം പ്രാദേശിക നേതാക്കള്‍ ഉള്‍പ്പെടെ പങ്കെടുത്ത ഗൂഢാലോചന നടന്നിട്ടുണ്ട്. ഇത് സ്വതന്ത്ര അന്വേഷണ ഏജന്‍സിയെ കൊണ്ട് അന്വേഷിപ്പിക്കണം. മാന്നാനത്തെ ബാങ്കില്‍ ജോലി ചെയ്യുന്ന ഡി.വൈ.എഫ്.ഐ നേതാവിന്റെ നേതൃത്വത്തിലാണ് ഗൂഢാലോചന നടന്നിട്ടുള്ളത്. കെവിന്‍ താമസിച്ചിരുന്ന സുഹൃത്ത് അനീഷിന്റെ വീട് കാണിച്ച് കൊടുത്തതും പ്രാദേശിക സി.പി.എം നേതാവാണെന്ന ആരോപണവും അന്വേഷണ വിധേയമാക്കണം. പുരോഗമന പ്രസ്ഥാനമെന്ന് മേനി നടിച്ചിരുന്ന ഡി.വൈ.എഫ്.ഐ ജാതിവെറിയുടെ വക്താക്കളും ദുരഭിമാനകൊലയുടെ നടത്തിപ്പുകാരുമായി മാറിയിരിക്കയാണെന്നും ഫിറോസ് ആരോപിച്ചു. പൊലീസ് മര്‍ദനത്തില്‍ കൊല്ലപ്പെട്ട വിനായകന്റെ അച്ഛന്‍ കൃഷ്ണനും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.