കൊച്ചി: ഇന്ത്യ രാജ്യത്തെ ഒരു ശക്തിക്കും തീറെഴുതി കൊടുക്കാന്‍ സമ്മതിക്കില്ലെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. രാജ്യം തങ്ങളുടേത് മാത്രമാണെന്ന് ആര്‍ക്കെങ്കിലും മോഹമുണ്ടെങ്കില്‍ അത് വ്യാമോഹം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ലാ കോവിവെന്‍സിയ ക്യാമ്പയിന്റെ ഭാഗമായി ഇന്ത്യ ആരുടേതാണ് എന്ന ശീര്‍ഷകത്തില്‍ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി എറണാകുളം ടൗണ്‍ ഹാളില്‍ സംഘടിപ്പിച്ച ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന്റെ കരുത്തും ശക്തിയുമായി വര്‍ത്തിക്കുന്ന മതനിരപേക്ഷതയും ജനാതിപത്യ സംവിധാനവും മോഡി ഭരണത്തില്‍ കനത്ത ഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ബഹുസ്വരതയുടെ വിളംബരവുമായി യൂത്ത് ലീഗ് ഏറ്റെടുത്ത ലാ കോവിവെന്‍സിയ ക്യാമ്പയിന്‍ എല്ലാ അര്‍ത്ഥത്തിലും അഭിനന്ദനീയമാണ്. ഇന്ത്യ ആരുടേതാണൊണെന്നാണ് സെമിനാറില്‍ യൂത്ത് ലീഗ് ഉയര്‍ത്തുന്ന ചോദ്യം. ഇന്ത്യ എല്ലാവരുടേതുമാണ്. അതു മാത്രമാണ് ആ ചോദ്യത്തിനുള്ള ശരിയുത്തരം.
ഇഷ്ടപെട്ട മതം സ്വീകരിക്കാനും നിരാകരിക്കാനുമുള്ള മതസ്വാതന്ത്ര്യമാണ് ഭരണഘടന വിഭാവനം ചെയ്യുന്നത്. രാഷ്ട്രത്തിന്റെ നികുതിപ്പണം ഉപയോഗിച്ച് ഒരു മതത്തെ വളര്‍ത്താനോ ഇല്ലാതാക്കാനോ രാഷ്ട്രം ശ്രമിക്കില്ല. ഇതാണ് ഇന്ത്യന്‍ മതേതരത്വത്തിന്റെ രത്‌നചുരുക്കം. രാഷ്ട്രത്തിന് ഔദ്യോഗികമായി ഒരു മതവുമില്ലെന്ന പ്രഖ്യാപനത്തില്‍ ഏറെ മനംനൊന്തവരായിരുന്നു ആര്‍എസ്എസ് നേതൃത്വം നല്‍കുന്ന സംഘ് പരിവാര്‍ ശക്തികള്‍. മതരാഷ്ട്ര വാദത്തിന്റെ വക്താക്കളാണവര്‍. മതനിരപേക്ഷതയുടെ ആധാരശിലകളില്‍ വിള്ളലുണ്ടാക്കാന്‍ അവര്‍ അന്നേ ശ്രമിച്ചിരുന്നു. രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ വധിച്ചുകൊണ്ടാണ് അവര്‍ ആ ശ്രമത്തിന് തുടക്കം കുറിച്ചത്. തുടര്‍ന്ന് അവര്‍ നടത്തിയ ഓരോ നീക്കവും ഇന്ത്യയുടെ ബഹുസ്വരത തകര്‍ക്കുംവിധത്തിലായിരുന്നുവെന്നും തങ്ങള്‍ പറഞ്ഞു.
കേന്ദ്രസര്‍ക്കാര്‍ രണ്ട് തരത്തിലുളള ഫാസിസമാണിപ്പോള്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. ഒന്നാമത്തേത് രാഷ്ട്രീയ ഫാസിസമാണ്. ബീഹാറിലെ സര്‍ക്കാരിനെ അട്ടിമറിച്ചതും ഗുജറാത്തിലെ എംഎല്‍എമാരെ പണം നല്‍കി വിലയ്‌ക്കെടുക്കാന്‍ ശ്രമിച്ചതും ഇസ്രായേല്‍ സന്ദര്‍ശനം നടത്തിയതും രാഷ്ട്രീയ ഫാസിസത്തിന്റെ ഒടുവിലത്തെ ഉദാഹരണങ്ങളാണ്. ഇതിന്റെ ഇരകള്‍ എന്നും സാധാരണക്കാരാണ്. നോട്ട് നിരോധനത്തിന്റെ കഷ്ടതകള്‍ അനുഭവിച്ചവരും പണം പിന്‍വലിക്കാനായി ക്യൂവില്‍ നിന്ന് മരിച്ചവരും വിവിധ സംസ്ഥാനങ്ങളില്‍ വെടിയേറ്റ് മരിച്ച കര്‍ഷകരും സാധാരണക്കാരായിരുന്നു. നരേന്ദ്ര ധബോല്‍ക്കര്‍, ഗോവിന്ദ പന്‍സാരെ, കല്‍ബുര്‍ഗി തുടങ്ങിയ എഴുത്തുകാര്‍ സാംസ്‌കാരിക ഫാസിസത്തിന്റെ ഇരകളാണ്. വിദ്യാഭ്യാസരംഗത്തെ കാവിവല്‍ക്കരണവും ഉന്നത വിദ്യാഭ്യാസ മേഖലയില്‍ യോഗ്യരല്ലാത്തവരെ അടിച്ചേല്‍പ്പിച്ചതും സാംസ്‌കാരിക ഫാസിസത്തിന്റെ ഭാഗമാണെന്നും തങ്ങള്‍ പറഞ്ഞു.
യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ എഴുത്തുകാരനും നിരൂപകനുമായ സുനില്‍ പി ഇളയിടം, അഖില ലോക ക്രൈസ്തവ യുവജന ഫെഡറേഷന്‍ പ്രസിഡന്റ് ഗീവര്‍ഗീസ് മാര്‍ കൂറിലോസ്, മാധ്യമ പ്രവര്‍ത്തകന്‍ സനീഷ് ഇളയേടത്ത്, കെ.എം ഷാജി എം.എല്‍.എ എന്നിവര്‍ വിഷയാവതരണം നടത്തി. യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ ഫിറോസ് സ്വാഗതവും ട്രഷറര്‍ എം.എ സമദ് നന്ദിയും പറഞ്ഞു.