X
    Categories: keralaNews

ബജറ്റിലെ നികുതിക്കൊള്ള യൂത്ത്‌ലീഗ് തുടര്‍ പ്രക്ഷോഭത്തിലേക്ക് ;കലക്‌ക്ട്രേറ്റ് മാര്‍ച്ചുകള്‍ 15 മുതല്‍ 23 വരെ

കോഴിക്കോട് : ഇടത്പക്ഷ സര്‍ക്കാര്‍ പ്രഖ്യാപിച്ച ബജറ്റില്‍ ജനങ്ങളെ ദ്രോഹിക്കുന്ന നിരവധി പ്രഖ്യാപനങ്ങളാണ് നടത്തിയിട്ടുള്ളത്. അത്യാഗ്രഹിയായ ഷൈലോക്കിന്റെ മനോഗതിയാണ് ഈ സര്‍ക്കാരിനെ നയിക്കുന്നത്. പെട്രോളിന്റെയും ഡീസലിന്റെയും വില രണ്ട് രൂപ വര്‍ദ്ധിക്കുന്ന തരത്തില്‍ സെസ്സ് ഏര്‍പ്പെടുത്തുക, വെള്ളം, വൈദ്യുതി, വിവിധ നികുതികള്‍ എന്നിവ ഭീമമായി വര്‍ദ്ധിപ്പിക്കുക തുടങ്ങി ദൈനംദിന ജീവിതം താളം തെറ്റിക്കുന്ന നടപടികളാണ് ഇടത്പക്ഷ ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുള്ളത്. 22,000 കോടിയിലേറെ രൂപ നികുതി കുടിശ്ശിക പിരിച്ചെടുക്കുന്നതില്‍ വീഴ്ച വരുത്തിയ സര്‍ക്കാറാണ് ജനങ്ങളുടെ മേല്‍ നികുതിഭാരം അടിച്ചേല്‍പ്പിക്കുന്നത്. റേഷന്‍ സംവിധാനം താറുമാറായതിന്റെയും പൊതുവിപണിയില്‍ കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടതിന്റെയും ഫലമായി, വിലക്കയറ്റം കൊണ്ട് പൊറുതി മുട്ടിയ ജനങ്ങളെ നികുതിഭാരത്തിലൂടെ വീണ്ടും കൊള്ളയടിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. കേരളീയ സമൂഹത്തോട് മാപ്പര്‍ഹിക്കാത്ത കുറ്റമാണ് പിണറായി സര്‍ക്കാര്‍ ചെയ്യുന്നത്.

സര്‍ക്കാറിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയുള്ള സമരം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സെക്രട്ടറിയേറ്റ് മാര്‍ച്ചിന്റെ തുടര്‍ച്ച എന്ന നിലയില്‍ സംസ്ഥാനത്തെ മുഴുവന്‍ കലക്ട്രേറ്റ്കളിലേക്കും ഒരാഴ്ചക്കാലം നീണ്ടു നില്‍ക്കുന്ന രീതിയില്‍ മാര്‍ച്ച് സംഘടിപ്പിക്കും. ഫെബ്രുവരി 15ന് ആരംഭിച്ച് 23ന് അവസാനിക്കുന്ന രീതിയിലാണ് രണ്ടാം ഘട്ട സമരം ആസൂത്രണം ചെയ്തിട്ടുള്ളത്. വര്‍ദ്ധിപ്പിച്ച നിരക്കുകള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ലയെങ്കില്‍ രണ്ടാംഘട്ട സമരത്തിന് ശേഷം തുടര്‍ സമര പരിപാടികള്‍ പ്രഖ്യാപിക്കും.

ജനങ്ങളെ കൊള്ളയടിച്ചതിന് ശേഷം ഇതെല്ലാം ജനങ്ങളുടെ നന്മക്കാണെന്ന് പറയുന്നത് ക്രൂരമായ തമാശയാണ്. പ്രതിഷേധങ്ങള്‍ ഉയര്‍ന്നിട്ടും പെട്രോളിന്റെരെയും ഡീസലിന്റെയും വര്‍ദ്ധിപ്പിച്ച വില ഉള്‍പ്പെടെ പിന്‍വലിക്കില്ലെന്ന നിലപാട് ഒരു നിലക്കും അംഗീകരിക്കാന്‍ കഴിയുന്നതല്ല. ഇത് കേരളത്തിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണ്. പെട്രോളിനും ഡീസലിനും നിരന്തരം വില വര്‍ദ്ധിപ്പിക്കുന്ന ബി.ജെ.പി സര്‍ക്കാരിന്റെ അതേ മനസ്സാണ് കേരളത്തിലെ ഇടത്പക്ഷ സര്‍ക്കാരിനുമുള്ളത്. ഇതിനെതിരായ പ്രക്ഷോഭങ്ങളുടെ തുടര്‍ച്ചക്ക് കേരളീയ സമൂഹത്തിന്റെ പിന്തുണ ഉണ്ടാകണമെന്ന് യൂത്ത്‌ലീഗ് ആവശ്യപ്പെടുകയാണ്.

കലക്ട്രേറ്റ് മാര്‍ച്ചുകള്‍
ഫെബ്രുവരി 15ന് – കാസര്‍കോട്, തിരുവനന്തപുരം
ഫെബ്രുവരി 16ന് – പാലക്കാട്, കൊല്ലം
ഫെബ്രുവരി 17ന് – വയനാട് , കോട്ടയം
ഫെബ്രുവരി 20ന് – കണ്ണൂര്‍, പത്തനംതിട്ട
ഫെബ്രുവരി 21ന് – തൃശ്ശൂര്‍, ആലപ്പുഴ
ഫെബ്രുവരി 22ന് – മലപ്പുറം, എറണാകുളം
ഫെബ്രുവരി 23ന് – കോഴിക്കോട്, ഇടുക്കി

പത്രസമ്മേളനത്തില്‍ പങ്കെടുത്തത്
പി. ഇസ്മായില്‍ (സംസ്ഥാന ട്രഷറര്‍)
ടി.പി.എം ജിഷാന്‍ (സംസ്ഥാന സെക്രട്ടറി)

Chandrika Web: