X

മ്യാന്മര്‍ സേനയുടെ തോക്കിനു മുന്നില്‍ കുരുന്നുകള്‍ക്ക് പോലും രക്ഷയില്ല

യാങ്കൂണ്‍: മ്യാന്മറിലെ റാഖിന്‍ സ്റ്റേറ്റില്‍ ഒരാഴ്ചക്കിടെ പാവപ്പെട്ട നൂറോളം റോഹിന്‍ഗ്യന്‍ മുസ്്‌ലിംകളെ സൈന്യം കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ട്. ഭീകരമായ മനുഷ്യാവകാശ ധ്വംസനങ്ങളാണ് റോഹിന്‍ഗ്യന്‍ മേഖലയില്‍ അരങ്ങേറുന്നത്. ഭീരക വിരുദ്ധ പോരാട്ടത്തിന്റെ പേരില്‍ കുട്ടികളെയും സ്ത്രീകളെയും സൈന്യം വിവേചനരഹിതമായി വെടിവെച്ചുകൊല്ലുകയാണ്.

മുസ്്‌ലിം വീടുകള്‍ മ്യാന്മര്‍ സേന അഗ്നിക്കിരയാക്കുന്നു. പൊലീസ് ഔട്ട്‌പോസ്റ്റുകള്‍ക്കുനേരെ അറാകന്‍ റോഹിന്‍ഗ്യ സാല്‍വേഷന്‍ ആര്‍മി നടത്തിയ ആക്രമങ്ങള്‍ക്ക് നിരപരാധികളെ കൊലപ്പെടുത്തിയാണ് മ്യാന്മര്‍ പകരം വീട്ടുന്നത്. റാഖിനിലെ റോഹിന്‍ഗ്യന്‍ ഭൂരിപക്ഷ നഗരങ്ങള്‍ സൈന്യം വളഞ്ഞിരിക്കുകയാണ്. ഇരുട്ടിന്റെ മറവില്‍ മുസ്്‌ലിംകള്‍ രക്ഷപ്പെടാതിരിക്കാന്‍ വൈകുന്നേരം ആറു മണി മുതല്‍ പുലര്‍ച്ചെ ആറു വരെ കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. സൈന്യത്തിന്റെ വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ഔദ്യോഗിക കണക്കി നേക്കാള്‍ എത്രയോ ഉയര്‍ന്നതാണെന്നാണ് റിപ്പോര്‍ട്ട്.

കുട്ടികളും സ്ത്രീകളുമടക്കം 800 മുസ്്‌ലിംകള്‍ കൊല്ലപ്പെട്ടതായി റോഹിന്‍ഗ്യന്‍ സംഘടനകളെ ഉദ്ധരിച്ച് അല്‍ജസീറ പറയുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ റോഹിന്‍ഗ്യന്‍ ഗ്രാമങ്ങളിലേക്ക് ഇരച്ചുകയറിയ സൈന്യം വീടുകള്‍ക്കും വാഹനങ്ങള്‍ക്കും നേരെ വിവേചനരഹിതമായി വെടിവെച്ചതായി അസീസ് ഖാന്‍ എന്ന ഗ്രാമീണന്‍ പറഞ്ഞു. പിഞ്ചുകുട്ടികളെപ്പോലും അവര്‍ വെറുതെവിട്ടില്ല. വെടിവെപ്പിനു ശേഷം വീടുകള്‍ക്ക് തീവെച്ചു. പതിനായിരത്തോളം പേര്‍ വീടുകളില്‍നിന്ന് ആട്ടിയോടിക്കപ്പെട്ടതായി റോഹിന്‍ഗ്യന്‍ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ റോ നേ സാന്‍ വിന്‍ പറഞ്ഞു. പള്ളികളും മദ്രസകളുമെല്ലാം സൈന്യം ചുട്ടെരിച്ചു. ഭക്ഷണസാധനങ്ങളും മറ്റ് അവശ്യവസ്തുക്കളും കൊള്ളയടിക്കപ്പെട്ടു. റോഹിന്‍ഗ്യന്‍ മുസ്്‌ലിംകള്‍ വീടുകളില്‍നിന്ന് പുറത്തിറങ്ങാതെ ഭീതിയോടെയാണ് കഴിയുന്നത്. ഏതു സമയവും ആക്രമിക്കപ്പെടുന്നതുകൊണ്ട് മാര്‍ക്കറ്റുകളിലും ആസ്പത്രികളിലും പോകാന്‍ പോലും മുസ്്‌ലിംകള്‍ ഭയക്കുകയാണ്. വസ്ത്രങ്ങള്‍ മാത്രമെടുത്ത് വയലുകളിലൂടെ ഓടിപ്പോകുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്.

സമാധാന നൊബേല്‍ ജേതാവ് ആങ് സാന്‍ സൂകിയുടെ നേതൃത്വത്തിലുള്ള ഭരണകൂടം റാഖിനിലേക്ക് സൈന്യത്തെ അയച്ചതോടെ റോഹിന്‍ഗ്യ മുസ്്‌ലിംകളുടെ സ്ഥിതി കൂടുതല്‍ പരിതാപകരമായിരിക്കുകയാണ്. 2016നുശേഷം സൈന്യത്തെ പേടിച്ച് 86,000 മുസ്്‌ലിംകള്‍ ബംഗ്ലാദേശിലേക്ക് പലായനം ചെയ്തിട്ടുണ്ട്. ബംഗ്ലാദേശില്‍നിന്ന് കുടിയേറിയവരെന്ന് ആരോപിച്ച് മ്യാന്മര്‍ അധികാരികള്‍ റോഹിന്‍ഗ്യകള്‍ക്ക് പൗരത്വം നിഷേധിക്കുകയാണ്.

chandrika: