X

മ്യാന്മര്‍ സൈന്യത്തെ സമ്മര്‍ദ്ദത്തിലാക്കാന്‍ യുഎസ്

വാഷിങ്ടണ്‍: മ്യാന്മര്‍ ഭരണകൂടത്തിന്റെയും ബുദ്ധിസ്റ്റുകളുടെയും ആക്രമണത്തിന് ഇരയാകുന്ന റോഹിന്‍ഗ്യന്‍ ജനതയുടെ സംരക്ഷണത്തിനായി യുഎസ് ഒരുങ്ങുന്നു. മ്യാന്മറില്‍ സൈനിക നടപടിയാണ് യുഎസ് നടത്തുന്നതെന്ന് അഭ്യൂഹം പരന്നിട്ടുണ്ട്. റോഹിന്‍ഗ്യന്‍ ജനതയ്‌ക്കെതിരെ നടക്കുന്ന ആക്രമണത്തില്‍ ഇടപെടാനാണ് യുഎസിന്റെ നീക്കം. റോഹിന്‍ഗ്യക്കാര്‍ക്കെതിരായുള്ള അക്രമം തടയാന്‍ മ്യാന്മര്‍ സൈന്യത്തെ സമ്മര്‍ദ്ദത്തിലാക്കാനാണ് യുഎസ് തന്ത്രമൊരുക്കുന്നത്. ഇതിനായി മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ക്ക് യാത്രാനിയന്ത്രണം ഏര്‍പ്പെടുത്തും.

ഇതിനായി അഞ്ച് പേര്‍ അടങ്ങിയ നിയമജ്ഞരുടെ സംഘം നിയമനിര്‍മാണത്തിന് രൂപം നല്‍കും.സെനറ്റന്‍മാരായ ജോണ്‍ മക്‌കെയ്ന്‍, ബെന്‍ കാര്‍ഡിക്, ഡിക്ക് ദര്‍ബിന്‍, മാക്രോ റൂബിയോ എന്നിവരാണ് പുതിയ നീക്കത്തിന് പിന്നില്‍. അക്രമം തുടരുന്നതിനാല്‍ മ്യാന്മര്‍ സൈന്യവുമായുള്ള സഹകരണം നിര്‍ത്തി വെയ്ക്കാനാണ് യുഎസ് സൈന്യത്തിന്റെ നീക്കം. ഇതിലൂടെ അക്രമം തടയാന്‍ മ്യാന്മറിനു മേല്‍ സമ്മര്‍ദ്ദം ചെലുത്തും. പീഡനം അനുഭവിക്കുന്നവര്‍ക്ക് സാമ്പത്തിക സഹായവും സുരക്ഷയും ഉറപ്പാക്കും. കൂടാതെ മ്യാന്മറിനെ ജനാധിപത്യ ഭരണത്തിലേക്ക് നയിക്കാനുള്ള നീക്കങ്ങള്‍ക്ക് തുടക്കമിടാനും സൈന്യത്തിന് നിര്‍ദേശം നല്‍കും.

‘റോഹിന്‍ഗ്യന്‍ ജനത ക്രൂരമായ മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് ഇരയാകുന്നു. യുഎസിനും ലോക ജനതയ്ക്കും ഉത്തരവാദിത്വത്തില്‍ നിന്നും ഓടിയൊളിക്കാനാവില്ല’. മക് കെയ്ന്‍ പറഞ്ഞു. ആറ് ലക്ഷം റോഹിന്‍ഗ്യന്‍ ജനങ്ങള്‍ വീടും സ്ഥലവും ഉപേഷിച്ച് രാജ്യം വിട്ടു പോയി. നൂറുകണക്കിന് ഗ്രാമങ്ങള്‍ അഗ്നിക്കിരയായി കഴിഞ്ഞു. അക്രമികളാല്‍ ഒട്ടേറെ പൗരന്മാര്‍ കൊല്ലപ്പെട്ടു. സ്ത്രീകള്‍ ക്രൂരമായ പീഡനങ്ങള്‍ക്ക് ഇരയായി. വംശീയമായ തുടച്ചു നീക്കലാണ് മ്യാന്മറില്‍ നടന്നതെന്ന് ഐക്യരാഷ്ട്ര സംഘടനപോലും വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

മ്യാന്മറില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ സൈന്യം ശക്തമായി ഇടപെടാനാണ് നിയമനിര്‍മാണം നടത്തുന്നത്. കുട്ടികള്‍ക്കെതിരെയും സ്ത്രീകള്‍ക്കെതിരെയും നടക്കുന്ന ക്രൂരതകള്‍ക്കെതിരെ യുഎസ് ശക്തമായ നിലപാട് സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. യുഎസ് സെനറ്റിലെയും കോണ്‍ഗ്രസിലെയും ഒട്ടേറെ അംഗങ്ങള്‍ നിയമനിര്‍മാണത്തെ പിന്‍തുണച്ചിട്ടുണ്ട്.

സിറിയ, ഇറാഖ് തുടങ്ങിയ രാജ്യങ്ങില്‍ നടത്തുന്ന സൈനിക നടപടിയ്ക്ക് തുല്യമായ ഇടപെടല്‍ മ്യാന്മറില്‍ നടത്താനാണ് യുഎസ് സെനറ്റ് ഒരുങ്ങുന്നതെന്നാണ് സൂചന. ലോകത്തു നിന്നും തീവ്രവാദം തുടച്ചു നീക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് മ്യാന്മറില്‍ പ്രത്യേക സൈനിക നടപടികള്‍ക്ക് മുതിര്‍ന്ന ഉദ്യോഗസ്ഥരെ നിയമിക്കുന്നതിനുള്ള ശുപാര്‍ശയ്ക്ക് സെനറ്റര്‍മാര്‍ നീക്കങ്ങള്‍ ആരംഭിച്ചത്.

chandrika: