X

റോഹിന്‍ഗ്യ; മ്യാന്മറിന്റെ ലക്ഷ്യം ശാശ്വത ഉന്മൂലനമെന്ന് യു.എന്‍

ജനീവ: മ്യാന്മറിലെ റാഖൈന്‍ സ്‌റ്റേറ്റില്‍നിന്ന് മുസ്്‌ലിം ന്യൂനപക്ഷത്തെ ശാശ്വതമായി ഉന്മൂലനം ചെയ്യുകയെന്ന ലക്ഷ്യത്തോടെയായിരുന്നു റോഹിന്‍ഗ്യകള്‍ക്കെതിരെയുള്ള സൈനിക നടപടിയെന്ന് ഐക്യരാഷ്ട്രസഭ. റോഹിന്‍ഗ്യകള്‍ക്കെതിരെയുള്ള കിരാതമായ ആക്രമണങ്ങള്‍ സംഘടിതവും ഏകോപിതവും വ്യവസ്ഥാപിതവുമായിരുന്നു.

മ്യാന്മര്‍ ജനസംഖ്യയില്‍നിന്ന് അവരെ ആട്ടിപ്പുറത്താക്കുക മാത്രമല്ല, അവര്‍ വീടുകളിലേക്ക് മടങ്ങുന്നത് തടയാനും മ്യാന്മറിന് പദ്ധതിയുള്ളതായി യു.എന്‍ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. ആഗസ്റ്റ് 25ന് റാഖൈനില്‍ സൈനിക നടപടി ആരംഭിച്ച ശേഷം ബംഗ്ലാദേശിലേക്ക് പലായനം ചെയ്ത റോഹിന്‍ഗ്യ അഭയാര്‍ത്ഥികളുമായി സംസാരിച്ചാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. അഞ്ചുലക്ഷത്തിലേറെ മുസ്്‌ലിംകള്‍ പലായനം ചെയ്തിട്ടുണ്ടെന്നാണ് യു.എന്‍ കണക്ക്. മ്യാന്മര്‍ നല്‍കുന്ന വിവരത്തില്‍നിന്ന് വ്യത്യസ്തമായി ആഗസ്റ്റ് 25ന് മുമ്പു തന്നെ റാഖൈനില്‍ സൈന്യം ഉന്മൂലന നടപടികള്‍ തുടങ്ങിയിരുന്നുവെന്ന് യു.എന്‍ കണ്ടെത്തി.

ബുദ്ധ ഭൂരിപക്ഷ രാജ്യമായ മ്യാന്മറുമായി റോഹിന്‍ഗ്യ മുസ്്‌ലിംകള്‍ക്കുള്ള ബന്ധം തുടച്ചുനീക്കുകയായിരുന്നു സൈനിക നടപടിയുടെ പ്രധാന ലക്ഷ്യമെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. ‘നിങ്ങള്‍ ഈ നാട്ടുകരല്ല. ബംഗ്ലാദേശിലേക്ക് പോകൂ. നിങ്ങള്‍ പോകുന്നില്ലെങ്കില്‍, നിങ്ങളെ കൊല്ലും; നിങ്ങളുടെ വീടുകള്‍ ചുട്ടെരിക്കും’ എന്ന് ആക്രമണ സമയത്തും അതിനു മുമ്പും സൈന്യം ഉച്ചഭാഷിണിയിലൂടെ വിളിച്ചുപറഞ്ഞതായി യു.എന്‍ കണ്ടെത്തി. റോഹിന്‍ഗ്യകളുടെ ചരിത്രവും സംസ്‌കാരവും വിജ്ഞാനവും ഉന്മൂലനം ചെയ്യാനുള്ള ശ്രമത്തിന്റെ ഭാഗമായി മുസ്്്‌ലിം അധ്യാപകര്‍ക്കും മത, സാംസ്‌കാരിക, സമുദായ നേതാക്കള്‍ക്കും നേരെ ആക്രമണമുണ്ടായി. റോഹിന്‍ഗ്യ ഭൂപ്രദേശത്തെ സ്മാരകങ്ങളുടെ അടയാളങ്ങള്‍ പോലും ഫലപ്രദമായി തുടച്ചുനീക്കാനുള്ള ശ്രമങ്ങളാണ് നടന്നതെന്ന് അന്വേഷണ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

സെപ്തംബര്‍ 14നും 24നുമിടക്ക് ബംഗ്ലദേശിലെത്തിയ നൂറുകണക്കിന് അഭയാര്‍ത്ഥികളില്‍നിന്ന് യു.എന്‍ അന്വേഷണ സംഘം മൊഴിയെടുത്തു. വംശീയ ഉന്മൂലനത്തിന്റെ പാഠപുസ്തക ഉദാഹരണമെന്നാണ് യു.എന്‍ മനുഷ്യാവകാശ കമ്മീഷണര്‍ സെയ്ദ് റഅദ് അല്‍ ഹുസൈന്‍ സൈനിക നടപടിയെ വിശേഷിപ്പിച്ചിരുന്നത്.

chandrika: