X
    Categories: Views

സ്വന്തം വീട് കത്തിക്കുന്ന റോഹിങ്ക്യന്‍ മുസ്ലിംകള്‍: ബുദ്ധ സന്യാസിമാരുടെ കള്ളക്കഥ പൊളിച്ച് ബി.ബി.സി

മ്യാന്‍മറില്‍ മുസ്ലിംകള്‍ക്കെതിരായ ബുദ്ധിസ്റ്റ് ആക്രമണം ലോകശ്രദ്ധയാകര്‍ഷിച്ചതോടെ മുഖം രക്ഷിക്കാനുള്ള കൊണ്ടുപിടിച്ച ശ്രമത്തിലാണ് ഭരണകൂടം. ബംഗ്ലാദേശിലേക്കും ഇന്ത്യയിലേക്കും ഒഴുകിയ മൂന്നു ലക്ഷത്തോളം അഭയാര്‍ത്ഥികള്‍ തങ്ങള്‍ നേരിട്ട അക്രമത്തെപ്പറ്റി പെരുപ്പിച്ചു പറയുകയാണെന്ന പ്രചരണമാണ് മ്യാന്‍മര്‍ ഇപ്പോള്‍ നടത്തുന്നത്. ഇതിന്റെ ഭാഗമായി വ്യാജ വാര്‍ത്തകളും കെട്ടിച്ചമച്ച ചിത്രങ്ങളും വീഡിയോകളും വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നുണ്ട്.

എന്നാല്‍, മ്യാന്‍മറിലെ ‘യഥാര്‍ത്ഥ’ അവസ്ഥ ലോകത്തെ അറിയിക്കുക എന്ന ലക്ഷ്യത്തോടെ അന്താരാഷ്ട്ര മാധ്യമ പ്രവര്‍ത്തകരെ കലാപ ബാധിത ജില്ലകളിലേക്ക് കടത്തി വിടാനുള്ള ഭരണകൂടത്തിന്റെ തീരുമാനം വന്‍ തിരിച്ചടിയായിരിക്കുകയാണ്. റോഹിങ്ക്യകള്‍ അതിക്രൂരമായി വേട്ടയാടപ്പെട്ട റഖീനെ സംസ്ഥാനത്തെ മൗങ്‌ഡോ, ബുത്തിഡോങ്, റാത്തെഡോങ് എന്നീ വടക്കന്‍ ജില്ലകളിലേക്കുള്ള വാര്‍ത്താ സംഘത്തില്‍ ഇടം നേടിയ ബി.ബി.സി സൗത്ത്ഈസ്റ്റ് ഏഷ്യ കറസ്‌പോണ്ടന്റ് ജൊനാതന്‍ ഹെഡ്ഡ് ബി.ബി.സി വെബ്‌സൈറ്റില്‍ എഴുതിയ ലേഖനം, പുറംലോകം അറിഞ്ഞതിനേക്കാള്‍ എത്രയോ ക്രൂരമാണ് മ്യാന്‍മറിലെ യാഥാര്‍ത്ഥ്യങ്ങള്‍ എന്ന് വ്യക്തമാക്കുന്നു. ഹീനമായ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കു പുറമെ റോഹിങ്ക്യന്‍ ജനതക്കെതിരെ മ്യാന്‍മര്‍ ഭരണകൂടവും ബുദ്ധ തീവ്രവാദികളും നടത്തുന്ന അപവാദ പ്രചരണങ്ങളും ജൊനാതന്‍ ഹെഡ്ഡ് വിവരിക്കുന്നു.

ബുദ്ധിസ്റ്റ് ആക്രമണം നാടു വിടേണ്ടി വന്ന ഹിന്ദു മതസ്ഥരെ മുസ്ലിംകള്‍ക്കെതിരെ തിരിച്ചുവിടാന്‍ ഭരണകൂടം ശ്രമിക്കുന്ന കാര്യം ഹെഡ്ഡ് വ്യക്തമാക്കുന്നു. മ്യാന്‍മറില്‍ നിന്ന് ബംഗ്ലാദേശിലേക്ക് കുടിയേറിയ ഹിന്ദുക്കള്‍, തങ്ങളെ അക്രമിച്ചത് ബുദ്ധിസ്റ്റുകളാണെന്ന് പറയുമ്പോള്‍ രാജ്യത്തിനകത്തെ ക്യാംപുകളിലുള്ള ഹിന്ദുക്കള്‍ അക്രമകാരികള്‍ മുസ്ലിംകളാണെന്നാണ് മാധ്യമ സംഘത്തിന് മൊഴിനല്‍കിയത്. സൈനികരുടെ സാന്നിധ്യത്തിലുള്ള ഈ മൊഴി സമ്മര്‍ദത്തിന്റെ ഫലമാണെന്ന് ഹെഡ്ഡ് പറയുന്നു.

വാര്‍ത്താ സംഘം ബുദ്ധക്ഷേത്രം സന്ദര്‍ശിച്ചപ്പോള്‍ മുസ്ലിംകള്‍ സ്വന്തം വീടുകള്‍ക്ക് തീയിടുകയാണ് ചെയ്യുന്നതെന്ന് സന്യാസമാര്‍ ആരോപിച്ചു. ഇതിന്റെ തെളിവായി, ഒരു സ്ത്രീ വീടിന് തീവെക്കുന്ന ഫോട്ടോയും നല്‍കി. എന്നാല്‍, താന്‍ നേരത്തെ സന്ദര്‍ശിച്ച ക്യാംപിലുണ്ടായിരുന്ന ഹിന്ദു സ്ത്രീയാണ് ഇതെന്ന് ഹെഡ്ഡ് തിരിച്ചറിഞ്ഞു.

മുസ്ലിംകള്‍ കൂട്ടമായി താമസിച്ചിരുന്ന ഗ്രാമങ്ങളെല്ലാം ഏറെക്കുറെ പൂര്‍ണമായി തകര്‍ക്കപ്പെട്ടതായും പനകള്‍ വരെ അഗ്നിക്കിരയാക്കിയതായും ഹെഡ്ഡ് വിവരിക്കുന്നു. ഒരു ഗ്രാമത്തിലും ആള്‍പ്പാര്‍പ്പിന്റെ സൂചനയില്ല. നദിക്കരയില്‍ ബോട്ടുകള്‍ കൂട്ടമായി ഉപേക്ഷിക്കപ്പെട്ട നിലയിലാണ്. മസ്ജിദുകളും മദ്രസകളും അടിച്ചു തകര്‍ക്കപ്പെട്ടിരിക്കുന്നു. അറബി ഭാഷയിലുള്ള പുസ്തകങ്ങള്‍ കത്തിച്ചതിന്റെ അവശിഷ്ടങ്ങള്‍ കാണാം. മുസ്ലിം ഭൂരിപക്ഷ നഗരമായ അലേല്‍ താന്‍ ക്യാവ് നിലം പരിശാക്കപ്പെട്ടിരിക്കുന്നു.

ബംഗ്ലാദേശില്‍ നിന്നുള്ള ഭീകരവാദികളാണ് മുസ്ലിം പ്രദേശങ്ങളില്‍ നാശനഷ്ടങ്ങള്‍ വിതച്ചത് എന്ന വിചിത്ര ന്യായത്തിലാണ് അതിര്‍ത്തി സുരക്ഷാ മന്ത്രി കേണല്‍ ഫോനെ ടിന്റ്. സൈന്യം അക്രമം നടത്തിയിട്ടില്ലെന്നും ബലാത്സംഗ ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്ും ഫോനെ ടിന്റ് പറയുന്നു. മുസ്ലിംകള്‍ നാടുവിട്ടിട്ടും വീടുകളും മറ്റും അഗ്നിക്കിരയാക്കപ്പെടുന്നതിനു പിന്നിലും ബംഗ്ലാദേശികളാണോ എന്ന ചോദ്യത്തിന്, ചില മുസ്ലിംകള്‍ ഇപ്പോഴും താമസിക്കുന്നുണ്ട് എന്നായിരുന്നു ഫോനെയുടെ മറുപിട.

ചന്ദ്രിക വെബ് ഡെസ്‌ക്‌: