യാങ്കൂണ്‍ (മ്യാന്‍മര്‍): മ്യാന്‍മറില്‍ സൈനിക അട്ടിമറി. മ്യാന്‍മര്‍ ദേശീയ നേതാവും സമാധാന നൊബേല്‍ ജേതാവുമായ ആങ് സാന്‍ സൂചി (75) യും പ്രസിഡന്റ് വിന്‍ വിന്‍ മയന്റും ഉള്‍പ്പെടെയുള്ള മ്യാന്‍മറിലെ പ്രമുഖ നേതാക്കളെയെല്ലാം സൈന്യം തടവിലാക്കിയിരിക്കുകയാണ്. തിരഞ്ഞെടുപ്പിനു ശേഷം ആങ് സാന്‍ സൂചിയുടെ നേതൃത്വത്തിലുള്ള ഭരണസമിതി ചേരാനിക്കെയാണ് അപ്രതീക്ഷിത നീക്കം. മ്യാന്‍മറില്‍ ആഭ്യന്തരമായി പട്ടാളം ഭരണം ഏറ്റെടുക്കുന്നതായാണ് സൂചന. പ്രധാന നഗരങ്ങളെല്ലാം സൈന്യത്തിന്റെ പിടിയിലാണ്. ഔദ്യോഗിക ടിവി, റേഡിയോ പ്രവര്‍ത്തനം നിര്‍ത്തിവച്ചു.
പ്രധാന നഗരമായ യാങ്കൂണില്‍ മൊബൈല്‍ സേവനം തടസപ്പെട്ടു. നവംബറില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ആങ് സാന്‍ സൂചിയുടെ നാഷനല്‍ ലീഗ് ഫോര്‍ ഡമോക്രസി (എന്‍എല്‍ഡി) വന്‍ ഭൂരിപക്ഷം നേടിയിരുന്നു. കഴിഞ്ഞ നവംബര്‍ 8 ന് നടന്ന തിരഞ്ഞെടുപ്പില്‍ അട്ടിമറി നടന്നുവെന്ന് സൈന്യം പിന്തുണയ്ക്കുന്ന പ്രതിപക്ഷപാര്‍ട്ടി ആരോപിച്ചിരുന്നു.
തിരഞ്ഞെടുപ്പ് അംഗീകരിക്കില്ലെന്ന നിലപാടിലാണ് സൈന്യം. തിരഞ്ഞെടുപ്പില്‍ വ്യാപക കള്ളവോട്ട് നടന്നുവെന്നാണ് സൈന്യത്തിന്റെ നിലപാട്. അര നൂറ്റാണ്ട് നിന്ന പട്ടാളഭരണത്തിനു ശേഷം രാജ്യത്ത് നടന്ന രണ്ടാമത് പൊതുതിരഞ്ഞെടുപ്പിന് ജനകീയ പിന്തുണ വര്‍ധിച്ചതാണ് സൈനിക അട്ടിമറിയിലേക്ക് വഴിവച്ചതെന്നാണ് രാഷ്ട്രീയ നേതൃത്വത്തിന്റെ ആരോപണം. 50 വര്‍ഷം നീണ്ട സൈനിക ഭരണം അവസാനിപ്പിച്ച് 2015 ലാണ് എന്‍എല്‍ഡി അധികാരത്തിലെത്തിയത്.