നയ്ചിദോ: രോഹിന്‍ഗ്യ വിഷയത്തില്‍ കഴിഞ്ഞ ദിവസം രാജ്യത്തെ അഭിസംബോധനം ചെയ്തു സംസാരിക്കവെ രോഹിന്‍ഗ്യകളെന്നു പറയാതിരുന്നതില്‍ വിശദീകരണവുമായി മ്യാന്‍മര്‍ സ്റ്റേറ്റ് കൗണ്‍സിലര്‍ ഓങ് സാന്‍ സൂ ചി. പ്രശ്‌നബാധിതമായ സമൂഹത്തില്‍ വീണ്ടും വൈകാരികമായി ബുദ്ധിമുട്ടുണ്ടാക്കുന്ന പദങ്ങള്‍ ഉപയോഗിക്കേണ്ടെന്ന തീരുമാനമാണ് ആ പേരുപയോഗിക്കാതിരുന്നതിനു കാരണമെന്നു സൂ ചി വ്യക്തമാക്കി. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐക്കു നല്‍കിയ അഭിമുഖത്തിലാണു സൂ ചി ഇക്കാര്യം പറഞ്ഞത്.
രോഹിന്‍ഗ്യകളെന്നു പറയാതെ സൂ ചി നടത്തിയ പ്രസ്താവന ആഗോള തലത്തില്‍ വന്‍ വിമര്‍ശനത്തിന് വഴിയൊരുക്കുകയും സൂ ചിയുടെ നൊബേല്‍ തിരിച്ചെടുക്കണമെന്ന ആവശ്യം ശക്തമാക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സൂചിയുടെ വിശദീകരണം
‘ചിലര്‍ രോഹിന്‍ഗ്യകളെന്നു വിളിക്കപ്പെടാന്‍ ആഗ്രഹിക്കുന്നു. മറ്റു ചിലര്‍ക്ക് അങ്ങനെ വിളിക്കപ്പെടാന്‍ താല്‍പ്പര്യമില്ല. ചിലര്‍ക്കു ബംഗാളികളെന്നു വിളിക്കപ്പെടാനാണു താല്‍പ്പര്യം. റാഖൈന്‍ വംശജരല്ലാത്തതുകൊണ്ടാണത്. ഈ പ്രശ്‌നങ്ങളുള്ളതിനാലാണ് അവരെ മുസ്ലിംകള്‍ എന്നു മാത്രം വിളിച്ചത്. അതു നിഷേധിക്കാന്‍ ആര്‍ക്കും കഴിയുകയില്ല. റാഖൈനിലെ മുസ്ലിം സമൂഹത്തെക്കുറിച്ചാണു താന്‍ പറയുന്നത്. പ്രശ്‌നങ്ങള്‍ ഇനിയും വഷളാക്കുന്ന പദങ്ങള്‍ ഉപയോഗിക്കുന്നതില്‍ ഒരര്‍ഥവും കാണുന്നില്ല’ സൂചി പറഞ്ഞു. റാഖൈനിലെ മുസ്ലിംകളെ ഏതു പേരുപയോഗിച്ചു അഭിസംബോധന ചെയ്യണമെന്ന വിവാദം നിലനില്‍ക്കുകയാണെന്നും സൂ ചി ചൂണ്ടികാട്ടുന്നു.
സൂ ചിയുടെ 30 മിനുറ്റ് നീണ്ടു നിന്ന പ്രസംഗത്തില്‍ റോഹിഗ്യ എന്ന പദം ഉപയോഗിക്കാതിരിക്കാന്‍ സൂചി ശ്രദ്ധിച്ചു. രോഹിന്‍ഗ്യകള്‍ക്കിടയിലെ സായുധ സേനയായ അരാക്കന്‍ രോഹിന്‍ഗ്യ സാല്‍വേഷന്‍ ആര്‍മി എന്ന സംഘടനയെക്കുറിച്ചു പറഞ്ഞിടത്തു മാത്രമാണ് രോഹിന്‍ഗ്യ എന്ന പദം സൂചി ഉപയോഗിച്ചത്. ഇതിന് പകരം ബംഗാളി മുസ്ലിംങ്ങള്‍ എന്ന പദമാണ് അവര്‍ പ്രസംഗത്തിലുടനീളം ഉപയോഗിച്ചത്. ഇംഗ്ലീഷില്‍ നടത്തിയ പ്രസംഗം സ്വന്തം നാട്ടുകാരേക്കാള്‍ അന്താരാഷ്ട്ര സമൂഹത്തെ ലക്ഷ്യം വെച്ചുള്ളതായിരുന്നു. എന്നാല്‍ മനുഷ്യാവകാശ ലംഘനങ്ങളെ വിമര്‍ശിച്ചു സംസാരിച്ച സൂ ചി സൈന്യത്തെ കുറ്റപ്പെടുത്താന്‍ തയാറായില്ല. മാത്രമല്ല, വംശീയ ഉന്മൂലനമെന്ന ആരോപണത്തെക്കുറിച്ചു സംസാരിക്കാനും അവര്‍ തയാറായിരുന്നില്ല.
പത്തുലക്ഷം വരുന്ന റോഹിന്‍ഗ്യന്‍ മുസ്ലിംകളെ മ്യാന്മര്‍ തങ്ങളുടെ പൗരന്മാരായി അംഗീകരിക്കുന്നില്ല. കിഴക്കന്‍ബംഗാളില്‍നിന്നെത്തിയ (ബംഗ്ലാദേശ്) അനധികൃത കുടിയേറ്റക്കാരായാണ് ഇവരെ പരിഗണിക്കുന്നത്.