X

വിദ്വേഷം കുത്തിനിറച്ച് മ്യാന്മര്‍ സൈനിക മേധാവിയുടെ ഫേസ്ബുക്ക് പേജ്

 

യാങ്കൂണ്‍: മ്യാന്മറില്‍ സൈനിക മേധാവി ഉള്‍പ്പെടെയുള്ള സൈനിക ഉദ്യോഗസ്ഥരുടെ ഫേസ്ബുക്ക് അക്കൗണ്ടുകള്‍ റദ്ദാക്കാന്‍ കാരണം റോഹിന്‍ഗ്യ മുസ്്‌ലിംകള്‍ക്കെതിരെ വിദ്വേഷപ്രചാരണം നടത്തിയതിനാണെന്ന് റിപ്പോര്‍ട്ട്. റോഹിന്‍ഗ്യ മുസ്്‌ലിം വംശഹത്യയില്‍ സൈനിക നേതൃത്വത്തിന് വ്യക്തമായ പങ്കുണ്ടെന്ന യു.എന്‍ റിപ്പോര്‍ട്ടിന് പിന്നാലെയാണ് 1.2 കോടി ഫോളോവര്‍മാരുള്ള അക്കൗണ്ടുകള്‍ ഫേസ്ബുക്ക് റദ്ദാക്കിയത്. ആദ്യമായാണ് ഏതെങ്കിലുമൊരു രാജ്യത്തിന്റെ സൈനിക മേധാവിക്ക് ഫേസ്ബുക്ക് വിലക്കേര്‍പ്പെടുത്തുന്നത്. മ്യാന്മറുമായി ബന്ധമുള്ള 18 അക്കൗണ്ടുകളും 52 ഫേസ്ബുക്ക് പേജുകളും റദ്ദാക്കുകയായിരുന്നു. ഫേസ്ബുക്കിന്റെ ഉടസ്ഥതയിലുള്ള ഒരു ഇന്‍സ്റ്റഗ്രാം അക്കൗണ്ടും അടച്ചു.
മ്യാന്മറിലെ ഏറ്റവും വലിയ സോഷ്യല്‍ മീഡിയ വേദിയാണ് ഫേസ്ബുക്ക്. രാജ്യത്ത് ഫേസ്ബുക്കിന് 1.8 കോടി ഉപയോക്താക്കളുണ്ട്. ഇതുവഴിയാണ് വിദ്വേഷ പ്രചാരണം നടന്നതെന്ന് യു.എന്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്. മ്യാന്മറില്‍ ഫേസ്ബുക്ക് തന്നെയാണ് ഇന്റര്‍നെറ്റ് എന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. റോഹിന്‍ഗ്യ മുസ്്‌ലിം വംശഹത്യയുടെ പേരില്‍ ഏറ്റവും ശക്തമായ ഭാഷയിലാണ് മ്യാന്മര്‍ സൈനിക മേധാവി മിങ് ഓങ് ഹ്ലൈങിനെയും മറ്റ് പട്ടാള ജനല്‍മാരെയും റിപ്പോര്‍ട്ട് അപലപിച്ചത്. മിങ് ഓങ് ഹ്ലൈങിന് രണ്ട് ഫേസ്ബുക്ക് അക്കൗണ്ടുകളുണ്ട്. ബംഗ്ലാദേശില്‍നിന്ന് കുടിയേറിയവരാണ് റോഹിന്‍ഗ്യകളെന്ന് അദ്ദേഹം ഫേസ്ബുക്ക് പേജില്‍ പറഞ്ഞിരുന്നു. ബംഗാളികളെന്നാണ് അദ്ദേഹം റോഹിന്‍ഗ്യകളെ വിളിച്ചത്.

chandrika: