മ്യാന്മറിലും തായ്‌ലന്‍ഡിലുമുണ്ടായ ഭൂചലനത്തില്‍ 694 പേര്‍ മരിച്ചതായും 1600 ഓളം പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ട് .റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തി. ഭൂചലനത്തിന് പിന്നാലെ മ്യാന്‍മറില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. മരണസംഖ്യ 10,000 കവിയുമെന്ന് യുഎസ് ഏജന്‍സി മുന്നറിയിപ്പ് നല്‍കി.
അതേസമയം കെട്ടിട്ടങ്ങള്‍ക്കുള്ളില്‍ കുടുങ്ങി കിടക്കുന്നവര്‍ക്കുവേണ്ടിയുള്ള രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ഭൂചലനത്തില്‍ മ്യാന്‍മറിലെ രണ്ടാമത്തെ വലിയ നഗരമായ മാന്‍ഡലെ തകര്‍ന്നടിഞ്ഞു. യുണൈറ്റഡ് സ്റ്റേറ്റ്‌സ് ജിയോളജിക്കല്‍ സര്‍വേയുടെ കണക്ക് പ്രകാരം മാന്റെലെയില്‍ നിന്ന് 17.2 കിലോമീറ്റര്‍ അകലെയുള്ള നഗരമാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. മ്യാന്‍മറില്‍, രാജ്യത്തെ ഏറ്റവും വലിയ ആശ്രമങ്ങളിലൊന്നായ മാ സോ യാനെ മൊണാസ്ട്രി ഉള്‍പ്പെടെ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു, നയ്പിഡാവിലെ മുന്‍ രാജകൊട്ടാരത്തിനും സര്‍ക്കാര്‍ ഭവനത്തിനും കേടുപാടുകള്‍ സംഭവിച്ചു. റോഡുകളും പാലങ്ങളും തകര്‍ന്നു. അതേസമയം അണക്കെട്ട് പൊട്ടി താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളപ്പൊക്കമുണ്ടായതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. നഗരത്തിന് തെക്ക് പടിഞ്ഞാറുള്ള സാഗൈങ്ങ് മേഖലയില്‍, 90 വര്‍ഷം പഴക്കമുള്ള ഒരു പാലം തകര്‍ന്നു, മണ്ഡലയെയും മ്യാന്‍മറിലെ ഏറ്റവും വലിയ നഗരമായ യാങ്കോണിനെയും ബന്ധിപ്പിക്കുന്ന ഹൈവേയുടെ ചില ഭാഗങ്ങളും തകര്‍ന്നു.