യാങ്കൂണ്‍: റോഹിന്‍ഗ്യന്‍ മുസ്‌ലിംകള്‍ക്കുനേരെയുള്ള മനുഷ്യാവകാശ ധ്വംസനങ്ങളെ ന്യായീകരിക്കുന്ന മ്യാന്മര്‍ ഭരണകൂടത്തിന് വിശ്വാസ്യത നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് യു.എന്‍ മനുഷ്യാവകാശ വിഭാഗം പ്രതിനിധി യാങ്കീ ലീ. മ്യാന്മര്‍ സേന റോഹിന്‍ഗ്യന്‍ മുസ്്‌ലിം ഗ്രാമങ്ങളില്‍ തുടരുന്ന മനുഷ്യാവകാശ ധ്വംസനങ്ങളെ ന്യായീകരിക്കുന്നതും നിഷേധാത്മകവുമായ നിലപാടാണ് ഭരണകൂടം സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. സമാധാന നൊബേല്‍ പുരസ്‌കാര ജേതാവ് ആങ് സാന്‍ സൂകിയുടെ നേതൃത്വത്തിലുള്ള ഭരണകൂടത്തിന്റെ വിശ്വാസ്യത കൂടുതല്‍ തകരുകയാണെന്ന് തോന്നുന്നു.
രാജ്യത്ത് ശുഭാപ്തി വിശ്വാസം ചോര്‍ന്നുകൊണ്ടിരിക്കുകയാണ്. എന്നാല്‍ വിവിധ സമുദായങ്ങളെ ഒരുമിപ്പിക്കാന്‍ അക്ഷീണം പ്രയത്‌നിക്കുന്നവരെയും താന്‍ സന്ദര്‍ശനത്തിനിടെ കണ്ടതായി അവര്‍ പറഞ്ഞു. റോഹിന്‍ഗ്യന്‍ മുസ്്‌ലിംകള്‍ക്കെതിരായ സൈനിക നടപടിയെ തുടര്‍ന്നുള്ള സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ജനുവരി എട്ടിനാണ് യാങ്കീ ലീ മ്യാന്മറിലെത്തിയത്.
മനുഷ്യാവകാശ ധ്വംസനങ്ങള്‍ നടന്ന ഗ്രാമങ്ങളും പ്രദേശങ്ങളും അവര്‍ സന്ദര്‍ശിച്ചു. മുസ്്‌ലിം പ്രതിനിധികളുമായും ഉദ്യോഗസ്ഥരുമായും പൊലീസുകാരുമായും ലീ കൂടിക്കാഴ്ച നടത്തി. സൂകിയേയും കണ്ടു. മാര്‍ച്ചില്‍ യു.എന്‍ മനുഷ്യാവകാശ സമിതിക്ക് റിപ്പോര്‍ട്ട് കൈമാറും. 2014ല്‍ യു.എന്‍ മനുഷ്യാവകാശ പ്രതിനിധിയായി ചുമതലയേറ്റെടുത്ത ശേഷം ലീ മ്യാന്മറില്‍ അഞ്ചു സന്ദര്‍ശനങ്ങള്‍ നടത്തിയിട്ടുണ്ട്.