X

എന്റെ മകന്‍ മോഷ്ടാവല്ല, അവനെ നാട്ടുകാര്‍ തല്ലിക്കൊന്നതാണ്’; മകന്‍ അനുഭവിച്ച വേദന തല്ലിയവരും അനുഭവിക്കണം: മധുവിന്റ അമ്മ

പാലക്കാട്: അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ മോഷ്ടിച്ചു എന്നാരോപിച്ച് നാട്ടുകാര്‍ തല്ലിക്കൊന്ന സംഭവത്തില്‍ കുറ്റവാളികളെ ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് അമ്മയും ബന്ധുക്കളും രംഗത്ത്. തന്റെ മകന്‍ മോഷ്ടാവല്ലെന്നും അവന് മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നെന്നും തന്റെ മകനെ കൊന്നവരെ ശിക്ഷിക്കണമെന്ന് കൊല്ലപ്പെട്ട മധുവിന്റെ അമ്മ അല്ലി ആവശ്യപ്പെട്ടു. മകന്‍ അനുഭവിച്ച വേദന അവനെ തല്ലിയവരും അനുഭവിക്കണമെന്നും അല്ലി കൂട്ടിച്ചേര്‍ത്തു. കുറ്റവാളികള്‍ക്കെതിരെ നിയമപരമായ നടപടിയെടുക്കണമെന്ന് സഹോദരി സരസുവും ആവശ്യപ്പെട്ടു.

ആദിവാസി യുവാവ് മര്‍ദ്ദനമേറ്റ് മരിച്ച സംഭവം അത്യന്തം അപലപനീയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇത്തരം ആക്രമങ്ങള്‍ പരിഷ്‌കൃത സമൂഹത്തിന് യോജിച്ചതല്ല. ഒരുതരത്തിലും അംഗീകരിക്കാനുമാവില്ല. ഇതു പോലുള്ള സംഭവങ്ങള്‍ കേരളത്തിലുണ്ടാവുക എന്നത് നാം നേടിയ സാമൂഹ്യസാംസ്‌കാരിക മുന്നേറ്റങ്ങളെയാകെ കളങ്കപ്പെടുത്തുന്നതാണ്. കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും അതിനുള്ള നിര്‍ദേശം സംസ്ഥാന പൊലീസ് മേധാവിക്ക് നല്‍കിയിട്ടുണ്ട്. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശന നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് മന്ത്രി എകെ ബാലന്‍ പറഞ്ഞു. ആരെയും തല്ലിക്കൊല്ലാന്‍ ആര്‍ക്കും അധികാരം നല്‍കിയിട്ടില്ലെന്നും ഇതു പോലുള്ള കാര്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പ്രതികള്‍ക്ക് മാതൃകാപരമായ ശിക്ഷ തന്നെ നല്‍കുമെന്നും മന്ത്രി ബാലന്‍ പറഞ്ഞു

chandrika: