യൂറോപ്പ് വിട്ടതിന് ശേഷം സഊദിയിലും മികച്ച പ്രകടനം തുടരുകയാണ് പോര്‍ച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. 2023 ജനുവരിയിലാണ് താരം സഊദി പ്രോ ലീഗ് ക്ലബ്ബായ അല്‍ നസറിലെത്തുന്നത്. ക്ലബ്ബിനായി 67 മത്സരങ്ങള്‍ കളിച്ച റൊണാള്‍ഡോ ഇതുവരെ 61 ഗോളുകളും 16 അസിസ്റ്റുകളും നേടിക്കഴിഞ്ഞു. ഇപ്പോഴിതാ അല്‍നസറില്‍ തന്നെ തന്റെ കരിയര്‍ അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് താരം. ഫുട്ബോളില്‍നിന്ന് വിരമിച്ചാല്‍ പരിശീലകനാവാനില്ലെന്ന സൂചനയും റോണോ നല്‍കി. ഒരു പോര്‍ച്ചുഗീസ് ടിവി ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പ്രതികരണം.
ഞാന്‍ ഉടന്‍തന്നെ വിരമിക്കുമോയെന്ന് അറിയില്ല. പക്ഷേ, അല്‍ നസറില്‍ തന്നെ വിരമിക്കാനാണ് സാധ്യത. ഞാന്‍ ഈ ക്ലബ്ബില്‍ സന്തോഷവാനാണ്. ഈ രാജ്യത്തും നല്ല അനുഭവമാണ്. സഊദിയില്‍ കളിക്കാനിഷ്ടപ്പെടുന്നു. എനിക്കിത് തുടരണം- റൊണാള്‍ഡോ പറഞ്ഞു.
മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, റയല്‍ മഡ്രിഡ്, യുവന്റസ,സ്‌പോര്‍ട്ടിങ് എന്നീ ടീമുകള്‍ക്കായി മിന്നും പ്രകടനം കാഴ്ചവെച്ചാണ് താരം യൂറോപ്പ് വിട്ടത്. രാജ്യാന്തര ഫുട്ബോളില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരവും റൊണാള്‍ഡോയാണ്. വരാനിരിക്കുന്ന മത്സരങ്ങളില്‍ പോര്‍ച്ചുഗലിനായി കളിക്കുമെന്നും വിരമിച്ചതിന് ശേഷം പരിശീലകനാകാന്‍ ഇല്ലെന്നും റൊണാള്‍ഡോ കൂട്ടിച്ചേര്‍ത്തു.
ഒരു ടീമിന്റെ പരിശീലകനാകുന്ന കാര്യം ഈ നിമിഷം എന്റെ മനസിലില്ല. എന്റെ ഭാവി ആ വഴിയിലൂടെയായിരിക്കുമെന്ന് തോന്നുന്നില്ല. ഫുട്ബോളിന് പുറമേ മറ്റ് കാര്യങ്ങളാണ് ഞാന്‍ ചെയ്യുക. ഭാവിയില്‍ എന്ത് സംഭവിക്കുമെന്ന് ദൈവത്തിന് മാത്രമേ അറിയൂ, റൊണാള്‍ഡോ കൂട്ടിച്ചേര്‍ത്തു.