കോഴിക്കോട്: ‘എന്റെ പാര്‍ട്ടിക്ക് എന്റെ ഹദിയ’ പ്രമേയത്തില്‍ മുസ്ലിംലീഗ് സംസ്ഥാന കമ്മിറ്റി നടത്തിവരുന്ന പ്രവര്‍ത്തന ഫണ്ട് കാമ്പയിന്റെ ഭാഗമായ ഹൗസ് കാമ്പയിന് വിജയിപ്പിക്കാന്‍ മുഴുവന്‍ പ്രവര്‍ത്തകരും രംഗത്തിറങ്ങണമെന്ന് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അഭ്യര്‍ത്ഥിച്ചു.
നാളെ മുതല്‍ 18 വരെയാണ് ഹൗസ് കാമ്പയിന്. ദേശീയ, സംസ്ഥാന, ജില്ലാ, മണ്ഡലം, പഞ്ചായത്ത് ഭാരവാഹികളും നേതാക്കളും ജനപ്രതിനിധികളും ഈ ദിവസങ്ങളില്‍ അതാത് പ്രദേശങ്ങളില്‍ ഗൃഹസന്ദര്‍ശന കാമ്പയിന് നേതൃത്വം നല്‍കണം. മുസ്ലിംലീഗ് പോഷക സംഘടനാ പ്രതിനിധികളും നാട്ടിലുള്ള കെ. എം.സി.സി നേതാക്കളും പ്രവര്‍ത്തകരും വീടുകള്‍ കയറിയിറങ്ങണം.
വിദേശ രാജ്യങ്ങളിലെ കെ.എം.സി.സി പ്രവര്‍ത്തകര്‍ ഈ ദിവസങ്ങളില്‍ അതാത് രാജ്യങ്ങളില്‍ കാമ്പയിന് സജീവമാക്കാന്‍ രംഗത്തിറങ്ങണം. ക്യാമ്പയിന്റെ പ്രാധാന്യം ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനും മുസ്ലിംലീഗിന്റെ രാഷ്ട്രീയ സന്ദേശം ഓരോ വീടുകളിലും എത്തിക്കുന്നതിനും വേണ്ടിയാണ് ഗൃഹ സമ്പര്‍ക്ക പരിപാടി-തങ്ങള്‍ വ്യക്തമാക്കി.