മലപ്പുറം: മുസ്‌ലിംലീഗ് സംസ്ഥാന കമ്മിറ്റിയുടെ ‘എന്റെ പാര്‍ട്ടിക്ക് എന്റെ ഹദിയ’ കാമ്പയിന്‍ ഇന്ന് അര്‍ധരാത്രിയോടെ അവസാനിക്കും. വാര്‍ഡുതലങ്ങളില്‍ വൈകുന്നേരം ഹദിയ വിജയദിന പരിപാടികള്‍ നടക്കും. ഏപ്രില്‍ മൂന്നിനാണ് ഓണ്‍ലൈന്‍ വഴിയുള്ള പ്രവര്‍ത്തന ഫണ്ട് സമാഹരണം തുടങ്ങിയത്.
റമസാന്‍ ഒന്നു മുതല്‍ 30 വരെയാണ് കാമ്പയിന്‍ പ്രഖ്യാപിച്ചതെങ്കിലും പിന്നീട് മെയ് 31വരെ നീട്ടി. ഇന്നലെ വരെ ഒമ്പത് കോടിയിലധികം രൂപയാണ് ഹദിയ അക്കൗണ്ടുകളില്‍ ലഭിച്ചത്. കൂടുതല്‍ ധനസമാഹരണം നടത്തിയ വാര്‍ഡ്, പഞ്ചായത്ത്, മണ്ഡലം, ജില്ല എന്നിവ കണ്ടെത്താനുള്ള സംവിധാനവും ആപ്പില്‍ സംവിധാനിച്ചിരുന്നു. എല്ലാ വാര്‍ഡുകളിലും ഇന്ന് ഹദിയ വിജയദിനം ആഘോഷിക്കും. ഹദിയ വിജയമാക്കാന്‍ പിന്തുണച്ച എല്ലാവരോടും സ്‌നേഹവും നന്ദിയും പ്രകടിപ്പിക്കുന്ന ചടങ്ങാണിത്.
പ്രകടനമോ ലളിതമായ പൊതുയോഗമോ നടത്തി കാമ്പയിന്‍ അവസാനിപ്പിക്കും. സമ്പൂര്‍ണമായി ഓണ്‍ലൈന്‍ വഴിയുള്ള ധനസമാഹരണം വന്‍വിജയം നേടിയെന്ന് ഹദിയ കാമ്പയിന്‍ കണ്‍വീനര്‍ മഞ്ഞളാംകുഴി അലി എം.എല്‍.എ പറഞ്ഞു. മുസ്‌ലിംലീഗ് മുന്നോട്ടുവെയ്ക്കുന്ന ആശയങ്ങള്‍ക്കുള്ള പിന്തുണയാണ് ഇത്. പൊതുസമൂഹം നല്ല രീതിയില്‍ പ്രതികരിച്ചു. പണ സമാഹരണം മാത്രമല്ല, മികച്ച രാഷ്ട്രീയ പ്രവര്‍ത്തനം കൂടിയാണ് കാമ്പയിനിലൂടെ നടന്നതെന്നും അദ്ദേഹം പറഞ്ഞു.