X

എന്റെ പാര്‍ട്ടിക്ക് എന്റെ ഹദിയ: ശാഖാ തലത്തില്‍ 500 പേരെ പങ്കാളികളാക്കും

മലപ്പുറം: മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റിയുടെ എന്റെ പാര്‍ട്ടിക്ക് എന്റെ ഹദിയ പ്രവര്‍ത്തന ഫണ്ട് ശേഖരണ ക്യാമ്പയിന്‍ വിജയിപ്പിക്കാന്‍ കര്‍മ്മപദ്ധതി തയ്യാറാക്കി. മണ്ഡലം, പഞ്ചായത്ത് തലത്തിലുള്ള നേതൃയോഗങ്ങള്‍ പൂര്‍ത്തിയായതോടെ ഇന്നു മുതല്‍ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജസ്വലമാവുമെന്ന് നേതാക്കള്‍ അറിയിച്ചു.

ഇന്നലെ ഓണ്‍ലൈനായി ചേര്‍ന്ന മുതിര്‍ന്ന നേതാക്കളുടെ യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി, സംസ്ഥാന ജനറല്‍ സെക്രട്ടി പി.എം.എ. സലാം, മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, ക്യാമ്പയിന്‍ കണ്‍വീനര്‍ മഞ്ഞളാംകുഴി അലി എംഎല്‍എ, പി.എം.എ. സമീര്‍ എന്നിവര്‍ പങ്കെടുത്തു.

വാര്‍ഡ് തലത്തില്‍ 500 പേരെ ക്യാമ്പയിന്റെ ഭാഗമാക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. മുഴുവന്‍ വീടുകളിലും ക്യാമ്പയിന്റ ഭാഗമായി പ്രവര്‍ത്തകര്‍ സന്ദര്‍ശിക്കും. മുസ്‌ലിം ലീഗ് ഉയര്‍ത്തുന്ന രാഷ്്ട്രീയ സന്ദേശം എല്ലാ വിഭാഗം ജനങ്ങളിലേക്കും എത്തിക്കുന്നതിനുവേണ്ടി കൂടിയാണ് ക്യാമ്പയിന്‍.

പാര്‍ട്ടിയെ നെഞ്ചേറ്റുന്ന പ്രവര്‍ത്തകര്‍ ഈ ക്യാമ്പയിനില്‍ സജീവമായി രംഗത്തിറങ്ങിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതിന്റെ ഭാഗമായുള്ള ജില്ലാ, മണ്ഡലം, പഞ്ചായത്ത് അവലോകനങ്ങള്‍ നടന്നു. വാര്‍ഡ് തലത്തിലാണ് പ്രവര്‍ത്തനങ്ങള്‍ കേന്ദ്രീകരിക്കുന്നത്. പാര്‍ട്ടി പ്രവര്‍ത്തന ഫണ്ട് ശേഖരണം സമ്പൂര്‍ണ്ണമായി ഓണ്‍ലൈന്‍ വഴിയാണ് ഇത്തവണ നടത്തുന്നത്.

ആപ്പ് വഴി എത്ര പണം ലഭ്യമായി എന്ന് ആര്‍ക്കും പരിശോധിക്കാന്‍ കഴിയുന്നുണ്ട്. ഒരു പാര്‍ട്ടിക്കും അവകാശപ്പെടാനില്ലാത്ത സുതാര്യതയാണ് മുസ്്‌ലിം ലീഗ് ഇക്കാര്യത്തില്‍ കാണിച്ചുകൊടുക്കുന്നതെന്നും നേതാക്കള്‍ പറഞ്ഞു. പ്ലേസ്റ്റോറില്‍നിന്ന് ഐയുഎംഎല്‍ ഹദിയ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് പണമയക്കുമ്പോള്‍ അപ്പോള്‍ തന്നെ അയച്ചയാളുടെ മൊബൈലില്‍ റസിപ്റ്റ് ലഭ്യമാവും.

ക്യുആര്‍ കോഡ് വഴിയും നേരിട്ട് അക്കൗണ്ടിലേക്കും പണമയക്കാന്‍ സംവിധാനമുണ്ട്. എന്നാല്‍ ആപ്പുവഴി തല്‍സമയം തന്നെ റസിപ്റ്റ് ലഭിക്കുന്നതിനാല്‍ ആളുകള്‍ ഈ മാര്‍ഗമാണ് പ്രധാനമായും ഉപയോഗിക്കുന്നത്. ആപ്പ് വഴിയുള്ള പേയ്‌മെന്റിന് സാങ്കേതിക തകരാറുകള്‍ പരിഹരിച്ച് മുന്നോട്ട് പോവുകയാണെന്ന് നേതാക്കള്‍ അറിയിച്ചു.

Test User: