X

കൈക്കൂലി വാങ്ങുന്നതിനിടെ എം.വി.ഐ പിടിയില്‍; പണം കണ്ടെടുത്തത് ചാക്കില്‍ നിന്ന്‌

കൈക്കൂലി വാങ്ങുന്നതിനിടെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ വിജിലന്‍സിന്റെ പിടിയില്‍. ഫറോക്ക് സബ് ആര്‍.ടി.ഒ ഓഫീസിലെ എം.വി.ഐ. അബ്ദുള്‍ ജലീലാണ് അറസ്റ്റിലായത്. അഴിഞ്ഞിലത്തെ വീട്ടില്‍വെച്ച് 10000 രൂപയുമായാണ് ജലീല്‍ പിടിയിലായത്. ഫറോക്കിലെ ഒരു വാഹനപുകപരിശോധന കേന്ദ്രത്തിന്റെ ലോഗിന്‍ ഐ.ഡി. ബ്ലോക്ക് ചെയ്തതുമായി ബന്ധപ്പെട്ട് കൈക്കൂലിത്തുക വാങ്ങിയതിനാണ് അറസ്റ്റിലായത്.

അവധിദിവസം ആയതിനാല്‍ കൈക്കൂലിത്തുക വീട്ടിലെത്തി നല്‍കണം എന്ന് ജലീല്‍ ആവശ്യപ്പെട്ടതിന്‍പ്രകാരം പരാതിക്കാരന്‍ ഈ തുകയുമായി ഉദ്യോഗസ്ഥന്റെ വീട്ടിലെത്തുകയായിരുന്നു. ഇവിടെവെച്ച് പണം കൈമാറി പരാതിക്കാരന്‍ പുറത്തിയങ്ങിയ ശേഷമാണ് വിജിലന്‍സ് വീടിനുള്ളില്‍ കടന്ന് കൈക്കൂലിത്തുക കൈയോടെ പിടികൂടിയത്.

ഫറോക്കിലെ ഒരു വാഹനപുകപരിശോധന കേന്ദ്രത്തിന്റെ ലോഗിന്‍ ഐ.ഡി. അബ്ദുള്‍ ജലീല്‍ ഈയടുത്ത് ബ്ലോക്ക് ചെയ്തിരുന്നു. പരിശോധനയ്ക്ക് എത്തിയ സമയത്ത് കടയുടെ ഉടമ അവിടെ ഇല്ലായിരുന്നു എന്ന കാരണം പറഞ്ഞാണ് ജലീല്‍ സിസ്റ്റത്തിന്റെ ലോഗിന്‍ ഐ.ഡി. ബ്ലോക്ക് ചെയ്തത്.

ഐ.ഡി. വീണ്ടെടുത്ത് നല്‍കുന്നതിനായി 10000 രൂപ നല്‍കണമെന്നായിരുന്നു അബ്ദുള്‍ ജലീലിന്റെ ആവശ്യം. ഇതോടെ കടയുടമ വിജിലന്‍സിന് പരാതി നല്‍കുകയായിരുന്നു. വിജിലന്‍സ് ഉദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരമാണ് പരാതിക്കാരന്‍ ഫിനോഫ്‌തെലിന്‍ പുരട്ടിയ നോട്ടുകളുമായി ജലീലിന്റെ വീട്ടിലെത്തിയത്.

മഫ്തിയിലെത്തിയവരെ കണ്ട് സംശയം തോന്നിയ അബ്ദുള്‍ ലത്തീഫ് ഉടന്‍തന്നെ പണം അടുക്കളിയിലുണ്ടായിരുന്ന ചാക്കിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ നിന്നാണ് വിജിലന്‍സ് പണം കണ്ടെടുത്തത്. ഇയാള്‍ക്കെതിരെ നിരവധി പരാതികള്‍ ലഭിച്ചിരുന്നതായി വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പറയുന്നു. എന്നാല്‍ അന്വേഷണത്തില്‍ തെളിവുകള്‍ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.

ഇടുക്കി കാഞ്ഞാര്‍ സ്വദേശിയായ അബ്ദുള്‍ ലത്തീഫ് ഫറോക്ക് സബ് ആര്‍.ടി.ഒ. ഓഫീസിലെത്തിയിട്ട് രണ്ടുവര്‍ഷമേ ആകുന്നുള്ളൂ. ഏജന്‍സികളില്‍ നിന്നും െ്രെഡവിങ് സ്‌കൂളുകളില്‍ നിന്നും ഇയാള്‍ പണം വാങ്ങിയിരുന്നതായി പരാതികള്‍ ലഭിച്ചിരുന്നുവെങ്കിലും തെളിവുകളുടെ അഭാവം മൂലമാണ് ഇതുവരെയും കേസെടുക്കാതിരുന്നത് എന്ന് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പറയുന്നു.

ഇയാളെ ഇന്നുതന്നെ കോടതിയില്‍ ഹാജരാക്കുമെന്നും സസ്‌പെന്‍ഷന്‍ അടക്കമുള്ള നടപടികള്‍ ഉണ്ടാകുമെന്നും വിജിലന്‍സ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

webdesk13: