ഗാന്ധിനഗര്‍: മോട്ടോര്‍ വാഹന വകുപ്പിന്റെ പുതുക്കിയ ആക്ടില്‍ മാറ്റങ്ങള്‍ വരുത്തി ഗുജറാത്ത് സര്‍ക്കാര്‍. പുതിയ മോട്ടോര്‍ വാഹന നിയമപ്രകാരം വിവിധ നിയമ ലംഘനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ പിഴയിലാണ് ബി.ജെ.പി ഭരിക്കുന്ന ഗുജറാത്ത് സര്‍ക്കാര്‍ കുറവ് പ്രഖ്യാപിച്ചത്. നിലവില്‍ കേന്ദ്ര നിയമപ്രകാരം ഏര്‍പ്പെടുത്തിയ പിഴകളില്‍ ചിലതില്‍ 50 ശതമാനം വരെയാണ് കുറവ് വരുത്തിയിരിക്കുന്നത്.
ഇത് പ്രകാരം ഹെല്‍മറ്റ് ഇല്ലാതെ വാഹനം ഓടിച്ചാല്‍ ഉള്ള പിഴ 1000 എന്നതില്‍ നിന്നും 500 ആക്കി ചുരുക്കി. ബൈക്കില്‍ മൂന്ന് പേര്‍ സഞ്ചരിച്ചാലുള്ള 1000 രൂപ പിഴ 100 ആക്കി. സീറ്റ് ബെല്‍ട്ട് ധരിക്കാതെ വാഹനം ഓടിച്ചാലുള്ള പിഴ 1000ത്തില്‍ നിന്നും 500 ആക്കി. ലൈസന്‍സ് ഇല്ലാതെ വാഹനം ഓടിച്ചാല്‍ 5000 രൂപ പിഴയുള്ളത് 3000 ആയി കുറച്ചു. ഇത്തരത്തില്‍ ഒട്ടുമിക്ക പിഴകളിലും കുറവ് പ്രഖ്യാപിച്ചിട്ടുണ്ട്.
സെപ്തംബര്‍ 1 മുതലാണ് പരിഷ്‌കരിച്ച ട്രാഫിക്ക് നിയമം രാജ്യത്ത് നിലവില്‍ വന്നത്. എന്നാല്‍ പഞ്ചാബ് അടക്കമുള്ള ചില സംസ്ഥാനങ്ങള്‍ ഇത് നടപ്പിലാക്കാന്‍ വിസമ്മതിച്ചു. കേരളത്തിലെ സര്‍ക്കാര്‍ പോലും നടപ്പിലാക്കിയതിന് പിന്നാലെ പുന:പരിശോധന നടത്താന്‍ ഒരുങ്ങതിനിടെയാണ്. കേന്ദ്രനിയമത്തില്‍ ബിജെപി ഭരിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ മാറ്റം വരുത്തുന്നത്.