തിരുവനന്തപുരം: മോട്ടോര്‍ വാഹന വകുപ്പില്‍ വിവിധ സേവനങ്ങള്‍ക്കായി ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തി. ലേണേഴ്‌സ് ലൈസന്‍സ് (പുതിയത്/പുതുക്കിയത്), ഡ്രൈവിംഗ് ലൈസന്‍സ്, വാഹന രജിസ്‌ട്രേഷന്‍, ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് എന്നിവ ഓണ്‍ലൈനില്‍ പ്രിന്റ് എടുക്കാം.
പുതിയ ലൈസന്‍സ് എടുക്കുമ്പോഴും, ലൈസന്‍സ് പുതുക്കുമ്പോഴും, പുതിയ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുമ്പോഴും വാഹന കൈമാറ്റം നടത്തുമ്പോഴും പുതിയ ആര്‍.സി ബുക്ക് ലഭിക്കുന്നതിനും ആര്‍ ടി ഓഫീസിലെ നടപടിക്രമം പൂര്‍ത്തിയാകുമ്പോള്‍ അപേക്ഷകന് മൊബൈല്‍ ഫോണില്‍ സന്ദേശം ലഭിക്കും. ഇത് എം പരിവാഹന്‍ മൊബൈല്‍ ആപ്ലിക്കേഷനിലും ഡിജി ലോക്കറിലും ഡിജിറ്റല്‍ ഫോര്‍മാറ്റില്‍ ലഭിക്കും. വാഹനപരിശോധനാ സമയത്ത് ഇത് പരിശോധന ഉദ്യോഗസ്ഥന്‍ മുമ്പാകെ ഹാജരാക്കാം. 15 ദിവസത്തിനകം ഡ്രൈവിംഗ് ലൈസന്‍സിന്റെ അസ്സല്‍ രേഖകള്‍ അപേക്ഷകന് ഓഫീസില്‍ നിന്നോ തപാലിലോ ലഭിക്കും.
പുതിയ പെര്‍മിറ്റുകള്‍ (സ്‌റ്റേജ് കാര്യേജ് ഒഴികെ), പെര്‍മിറ്റ് പുതുക്കിയത് (സ്‌റ്റേജ് കാര്യേജ് ഒഴികെ), താല്‍ക്കാലിക പെര്‍മിറ്റ് (എല്ലാത്തരം വാഹനങ്ങളുടേയും), സ്‌പെഷ്യല്‍ പെര്‍മിറ്റ് (എല്ലാത്തരം വാഹനങ്ങളുടേയും), ഓതറൈസേഷന്‍ (നാഷണല്‍ പെര്‍മിറ്റ്) എന്നിവയും ഓണ്‍ലൈനില്‍ പ്രിന്റ് എടുക്കാം.മോട്ടോര്‍ വാഹന വകുപ്പിന്റെ സേവനങ്ങളുടെ വിശദാംശങ്ങള്‍ MVD KERALA facebook ല്‍ ലഭിക്കുമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ എം ആര്‍ അജിത്കുമാര്‍ അറിയിച്ചു.