X

മോട്ടര്‍ വാഹനവകുപ്പിന്റെ വാഹനങ്ങള്‍ക്ക് ഇന്ധനം നല്‍കുന്നത് നിര്‍ത്തുന്നു; വാഹന പരിശോധന പ്രതിസന്ധിയില്‍

ഇന്ധനം നിറയ്ക്കാന്‍ കാശില്ലാത്തതിനാല്‍ മോട്ടര്‍ വാഹനവകുപ്പിന്റെ വണ്ടികളുടെ ഓട്ടം നിലച്ചു തുടങ്ങി. പണം കുടിശിക വന്നതോടെ പെട്രോള്‍ പമ്പുകള്‍ ഇന്ധനം നല്‍കാതെ വന്നതാണ് പ്രതിസന്ധിക്കു കാരണം.

മലപ്പുറം ജില്ലയിലെ 7 ഓഫിസുകളിലെയും വാഹനങ്ങളുടെ ഓട്ടം പ്രതിസന്ധിയിലേക്കു നീങ്ങുകയാണ്. പമ്പുകളില്‍ നല്‍കുന്ന ബില്‍ ട്രഷറിയില്‍ നിന്നാണ് പാസാക്കേണ്ടത്. എന്നാല്‍ ട്രഷറി നിയന്ത്രണം കാരണം ഈ ബില്ലുകള്‍ പാസാക്കാനാകാത്ത സ്ഥിതിയാണ്.

തിരൂരങ്ങാടി ഓഫിസിലെ വണ്ടിയുടെ ഓട്ടം പാടേ നിലച്ച മട്ടാണ്. ഇവിടെ 80,000 രൂപയാണ് പമ്പുകളില്‍ കുടിശികയായത്. 10,000 രൂപ പാസായിട്ടുണ്ടെങ്കിലും നടപടി പൂര്‍ത്തിയാക്കാത്തതിനാല്‍ കൊടുത്തു തീര്‍ക്കാന്‍ ആയിട്ടില്ല. തിരൂരില്‍ 93,000 രൂപയാണ് പമ്പുകളില്‍ നല്‍കാനുള്ളത്. എന്നാല്‍ ഉദ്യോഗസ്ഥര്‍ സംസാരിച്ചതിനാല്‍ ഇവിടെയുള്ള പമ്പുടമകള്‍ ഇന്ധനം നല്‍കുന്നത് തടസ്സപ്പെടുത്തിയിട്ടില്ല. പണമെത്തിയാല്‍ ഉടന്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണിവര്‍.

കൊണ്ടോട്ടിയിലും പ്രതിസന്ധിയുണ്ട്. മറ്റിടങ്ങളിലെല്ലാം പണം നല്‍കിയില്ലെങ്കില്‍ ഇന്ധനം ലഭിക്കില്ലെന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങളുടെ പോക്ക്. ഇത് വാഹന പരിശോധനകളെ കാര്യമായി ബാധിക്കും. പരിശോധനയ്ക്കായി വൈദ്യുതകാറുകള്‍ കയ്യിലുള്ളതാണ് വകുപ്പിന്റെ ഏക ആശ്വാസം.

webdesk14: