കെ.പി ജലീല്‍
പ്രതിദിനം 25 കോടി രൂപ. ഇനി മലയാളിയും ഭയക്കേണ്ടത് നികുതിവര്‍ധനവിനെയല്ല. വാഹനയാത്രയെയാണ്. വരുന്ന 20ന് കേരളത്തിലെ റോഡിരികുകളിലെ നിര്‍മിത ബുദ്ധി ( എ. ഐ) ക്യാമറകള്‍ പ്രവര്‍ത്തനക്ഷമമാകുമ്പോള്‍ മലയാളി കുത്തുപാളയെടുക്കും. സര്‍ക്കാരിന് വരുന്നതോ ശതകോടികളും.
കേരളത്തിലെ 726 എ.ഐ ക്യാമറകളാണ് സംസ്ഥാനസര്‍ക്കാരിലെ ഖജനാവിലേക്ക് ജനങ്ങളില്‍നിന്ന് കോടികള്‍ പിരിച്ചെടുക്കാന്‍ തയ്യാറെടുത്തുനില്‍ക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തോളമായി സ്ഥാപിച്ചിരുന്ന ക്യാമറകള്‍ എന്നുമുതല്‍ പ്രവര്‍ത്തിക്കണമെന്നും പിഴകള്‍ ഏതിനൊക്കെ ഇടണമെന്നുമുള്ള ആലോചനയിലായിരുന്നു സര്‍ക്കാര്‍. എന്നാല്‍ കഴിഞ്ഞ മന്ത്രിസഭായോഗമാണ് കടുത്ത സാമ്പത്തികപ്രയാസം മറികടക്കാന്‍ റോഡിലെ ക്യാമറകളെ ആശ്രയിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. അതായത് വലിയ പ്രതിഷേധത്തെ ക്ഷണിച്ചുവരുത്തുമെന്നറിഞ്ഞിട്ടും ജനങ്ങളെ ഏതുവിധേനയും പിഴിയാനുള്ള തീരുമാനത്തിന് ഇടതുമുന്നണിയുടെ ആകെ സമ്മതം കിട്ടിയെന്നര്‍ത്ഥം.
ഹെല്‍മറ്റുകളില്ലാതിരിക്കല്‍, സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കല്‍, അമിതവേഗത, മൊബൈല്‍ ഫോണ്‍ ഉപയോഗം, പാര്‍ക്കിംഗ്, മൂന്നുപേര്‍ ഒരുമിച്ച് ഇരുചക്രവാഹനത്തില്‍ യാത്ര ചെയ്യല്‍, നിയമംലംഘിച്ചുള്ള മറികടക്കല്‍ തുടങ്ങിയവക്കാണ് ക്യാമറകള്‍ പിഴ വിധിക്കുക. തിരുവനന്തപുരത്തെ കെല്‍ട്രോണിന്റെ കേന്ദ്രത്തില്‍നിന്നാണ് ഇതുസംബന്ധിച്ച അറിയിപ്പുകള്‍ വാഹന ഉടമകളിലേക്കും ഗതാഗതവകുപ്പിലേക്കും പോകുക. ഇതുവരെയും അബദ്ധത്തില്‍ ചെയ്തുപോയ നിയമലംഘനങ്ങള്‍പോലും ഇനി കടുത്ത ശിക്ഷക്ക് വിധേയാമും. കുട്ടികളെ ബൈക്കില്‍ ഇരുത്തിപോയാല്‍ പോലും ക്യാമറകള്‍ പിടികൂടി ഹെല്‍മറ്റില്ലാത്തതിനും മൂന്നുപേരുടെ യാത്രക്കും പിഴയിട്ടാല്‍ ചോദ്യം ചെയ്യാനാവില്ല. പൊലീസും ഗതാഗതവകുപ്പ് ഉദ്യോഗസ്ഥരും ലൈസന്‍സും മറ്റും പരിശോധിക്കാനായി മുമ്പ് റോഡരികില്‍ തടഞ്ഞുനിര്‍ത്തുമ്പോള്‍ അവരോട് നിജസ്ഥിതി പറഞ്ഞ് കാര്യം ബോധ്യപ്പെട്ടാല്‍ പിഴ ഒഴിവാക്കുമായിരുന്നതാണ് ഇനി ഇല്ലാതാകുന്നത്.2000 കോടി രൂപ പിരിച്ചെടുക്കണമന്നെ് കാട്ടി ഗതാഗതവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ ഉത്തരവ് കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു.
പ്രതിദിനം 25 കോടിയെന്നാല്‍ ലക്ഷക്കണക്കിന് പേര്‍ക്ക് പിഴ കിട്ടുമെന്നര്‍ത്ഥം. കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ പരീക്ഷണത്തിനിടെ മാത്രം ഒരു മിനിറ്റില്‍ ഒരൊറ്റ ക്യാമറയില്‍നിന്ന് മാത്രം 10 റോഡ് നിയമലംഘനങ്ങള്‍ പിടികൂടപ്പെട്ടതായാണ് വിവരം. ഇതനുസരിച്ചാണ് പ്രതിദിനം 25 കോടി എന്ന കണക്ക് ലഭിച്ചത്. ഹെല്‍മറ്റില്ലാത്തതിന് 500 രൂപയും മൊബൈല്‍ ഫോണ്‍ ഉപയോഗത്തിന് 2000 രൂപയും അമിതവേഗത്തിന് 1500 രൂപയുമാണ് കനത്ത പിഴയായി ചുമത്തുന്നത്. മുമ്പ് ചില ഇളവുകളെല്ലാം ഉദ്യോഗസ്ഥര്‍ അനുവദിച്ച സമയത്താണ് ഈ പകല്‍കൊള്ളക്ക് സര്‍ക്കാര്‍ തയ്യാറെടുത്തിരിക്കുന്നത്. വാഹനാപകടങ്ങള്‍ കുറക്കുന്നതിനാണ് ഇതെന്ന ്പറയുന്നതെങ്കിലും സര്‍ക്കാരിന്റെ സാമ്പത്തികപ്രതിസന്ധി മറികടക്കലാണ് മുഖ്യലക്ഷ്യമെന്നാണ് പരാതി.
കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിക്കാതെയാണ് ഇത്തരമൊരു വന്‍ധനസമാഹരണത്തിന് സര്‍ക്കാര്‍ തയ്യാറായിരിക്കുന്നത്. സകലവസ്തുക്കളുടെയും വിലക്കയറ്റത്തിന് വഴിവെക്കുന്ന ഇന്ധനസെസ്, ഭൂമിന്യായവില വര്‍ധന, കെട്ടിടനിര്‍മാണപെര്‍മിറ്റിലെ കുത്തനെയുള്ള വര്‍ധന, ഭൂനികുതി വര്‍ധന തുടങ്ങിയവക്ക് ശേഷമാണ് ഇത്തരത്തില്‍ കഴുത്തറുപ്പിന് തെരഞ്ഞെടുപ്പടുത്തിരിക്കെതന്നെയുള്ള ഈ നീക്കം.