പിഴചുമത്തലിന് ‘വേഗം കുറച്ച’ മോട്ടോര്‍വാഹനവകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്. 30 ഓഫീസുകളിലെ ഉദ്യോഗസ്ഥരോടാണ് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ വിശദീകരണം തേടിയത്. വാഹനപരിശോധന കുറഞ്ഞതിന്റെ കാരണം നിശ്ചിതദിവസത്തിനുള്ളില്‍ അറിയിക്കണം.
തിരഞ്ഞെടുപ്പു ജോലികള്‍ കാരണം പഴയപടി വാഹന പരിശോധന നടന്നിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. തിരഞ്ഞെടുപ്പ് ആവശ്യത്തിനുവേണ്ടി റവന്യൂവകുപ്പ് ആവശ്യപ്പെട്ട വാഹനങ്ങള്‍ എത്തിക്കേണ്ട ചുമതല മോട്ടോര്‍വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ക്കായിരുന്നു.
വാഹനപരിശോധന നിര്‍ത്തിവെക്കാന്‍ നിര്‍ദേശിച്ച ഓഫീസ് മേധാവിമാര്‍, ഉദ്യോഗസ്ഥരോട് തിരഞ്ഞെടുപ്പ് ഡ്യൂട്ടി ചെയ്യാന്‍ നിര്‍ദേശിച്ചിരുന്നു. ഇതുപ്രകാരം തിരഞ്ഞെടുപ്പ് ഡ്യൂട്ടികള്‍ക്ക് ഇറങ്ങിയവരോടാണ് ഇപ്പോള്‍ വിശദീകരണം തേടിയിട്ടുള്ളത്.
പൊതുതിരഞ്ഞെടുപ്പ് വേളയില്‍ തീവ്രപരിശോധന ഒഴിവാക്കാന്‍ സര്‍ക്കാര്‍തലത്തില്‍ വാക്കാല്‍ നിര്‍ദേശം നല്‍കാറുണ്ട്. എന്നാല്‍, വാഹനപരിശോധന കുറയുന്നത് റോഡുസുരക്ഷാനടപടികളെ ബാധിക്കുന്നതിനാലാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതെന്ന് ഉന്നതോദ്യോഗസ്ഥര്‍ പറഞ്ഞു. ഓണ്‍ലൈന്‍ സംവിധാനമായ ഇ-ചെല്ലാന്‍ വഴി ഗതാഗതനിയമലംഘനങ്ങള്‍ക്ക് പിഴയീടാക്കാന്‍ കഴിയും.
പഴയപടി വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തി പരിശോധിക്കേണ്ടതില്ല. കോവിഡ് രോഗവ്യാപനം കുറയ്ക്കാന്‍ ബസുകളിലെ യാത്രക്കാരുടെ എണ്ണത്തിലെ നിയന്ത്രണം ഉള്‍പ്പെടെ പരിശോധിക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇതില്‍ വീഴ്ചവരുത്തിയവര്‍ക്കെതിരേ നിയമാനുസൃത നടപടികള്‍ മാത്രമാണ് സ്വീകരിച്ചതെന്ന് അധികൃതര്‍ പറയുന്നു.