തിരുവനന്തപുരം: മുസ്ലിം ലീഗിനെ പ്രശംസിച്ച സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പരാമര്‍ശത്തിനെതിരെ തുറന്നടിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ലീഗിന് സ്വഭാവ സര്‍ട്ടിഫിക്കേറ്റ് നല്‍കേണ്ട അത്യാവശ്യം എല്‍ഡിഎഫിനില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ലീഗ് ഇപ്പോഴും യുഡിഎഫില്‍ ഉറച്ചുനില്‍ക്കുന്ന പാര്‍ട്ടിയാണ്. അതുകൊണ്ട് ലീഗിന് സ്വാഭാവ സര്‍ട്ടിഫിക്കേറ്റ് കൊടുക്കേണ്ട ആവശ്യമൊന്നും ഇപ്പോള്‍ എല്‍ഡിഎഫിനില്ലെന്നായിരുന്നു കാനം രാജേന്ദ്രന്റെ പ്രതികരണം. എംവി ഗോവിന്ദന്റെ പ്രസ്താവന യുഡിഎഫിലെ പാര്‍ട്ടികള്‍ക്കിടയില്‍ ഐക്യം ശക്തമാക്കുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ മുന്‍കാലത്ത് എടുത്തിട്ടുള്ള നിലപാടുകള്‍ ജനങ്ങളുടെ മനസ്സിലുണ്ടാകും. താത്ക്കാലിക ലാഭത്തിന് വേണ്ടി എടുക്കുന്ന നിലപാടുകള്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ദോഷം ചെയ്യുകയില്ലെന്ന് ഉറപ്പു പറയാന്‍ നമുക്ക് പറ്റുമോ? അതുകൊണ്ട് അതെല്ലാം വളരെ സൂക്ഷിച്ച് ചെയ്യേണ്ട കാര്യങ്ങളാണെന്ന് കാനം പറഞ്ഞു. മുസ്ലിം ലീഗ് മതനിരപേക്ഷ നിലപാടെടുക്കുന്ന പാര്‍ട്ടി ആയിരുന്നു എന്നു പറയുന്നതില്‍ അഭിപ്രായ വ്യത്യാസമില്ലെന്നും കാനം കുട്ടിച്ചേര്‍ത്തു.