തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ നയിച്ച ജനകീയ പ്രതിരോധ യാത്ര തിരുവനന്തപുരത്ത് സമാപിച്ചപ്പോള്‍ ശരിക്കും പ്രതിരോധത്തിലായത് മുഖ്യമന്ത്രി പിണറായി വിജയന്‍. യാത്ര തലസ്ഥാനത്തെത്തിയപ്പോള്‍ സ്വപ്‌നാ സുരേഷിനെതിരെ കേസ് കൊടുക്കുമെന്നുകൂടി പ്രഖ്യാപിച്ചുകൊണ്ടാണ് ഗോവിന്ദന്‍ പിണറായിയെ പ്രതിരോധത്തിലാക്കിയത്. പിണറായിക്കും കുടുംബത്തിനും മാനമില്ലേ എന്ന ചോദ്യം ശക്തമായി ഉയര്‍ന്നുവരുന്നതിനിടെയാണ് ഗോവിന്ദന്‍ ഒരുമുഴം നീട്ടിയെറിഞ്ഞത്. യാത്രയിലുടനീളം എം.വി.ഗോവിന്ദന്‍ സ്വീകരിച്ച നിലപാടുകള്‍ പിണറായിയും എം.വി.ഗോവിന്ദനും തമ്മിലുള്ള ഭിന്നത വ്യക്തമാക്കുന്ന തരത്തിലുള്ളതായിരുന്നു. പാര്‍ട്ടിയെ ലഹരി, അഴിമതി മാഫിയയില്‍ നിന്ന് ശുദ്ധീകരിക്കുമെന്ന എം.വി.ഗോവിന്ദന്റെ ആവര്‍ത്തിച്ചുള്ള പറച്ചില്‍
പിണറായിക്കുള്ള പരോക്ഷമായും പ്രത്യക്ഷമായും വിമര്‍ശനമായി. ജാഥക്കിടയില്‍ ഉയര്‍ന്നുവന്ന രാഷ്ട്രീയ സംഭവ വികാസങ്ങളിലും ഗോവിന്ദന്‍ പിണറായിയെ വിഷമവൃത്തത്തിലാക്കി. സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ ജാഥയില്‍ ഉയര്‍ത്തി കാട്ടുമെന്ന് പറഞ്ഞിരുന്നുവെങ്കിലും സര്‍ക്കാരിനെ നയിക്കുന്ന മുഖ്യമന്ത്രി ജാഥയുടെ സമാപനത്തില്‍ പങ്കെടുക്കാത്തത് പാര്‍ട്ടിയില്‍ പുതിയ വിവാദങ്ങള്‍ക്ക് തുടക്കമിടും. പാര്‍ട്ടി സെക്രട്ടറി സ്വപ്‌നയ്‌ക്കെതിരെ മാനനഷ്ടക്കേസ് കൊടുക്കുമെന്ന് പറഞ്ഞത് സ്വപ്‌ന ലൈംഗിക പീഡന ആരോപണങ്ങള്‍ ഉള്‍പെടെ ഉന്നയിച്ചിട്ടും മാനനഷ്ടക്കേസ് ഫയല്‍ ചെയ്യാന്‍ ധൈര്യപ്പെടാത്ത പിണറായിയെയും കൂട്ടരെയും വെട്ടിലാക്കുക തന്നെ ചെയ്തു. ലൈഫ്മിഷന്‍ കേസില്‍ ഇ.ഡി അറസ്റ്റ് ചെയ്ത മുഖ്യമന്ത്രിയുടെ വിശ്വസ്തന്‍ എം.ശിവശങ്കരനെയും ചോദ്യം ചെയ്ത അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രനെയും ജാഥയ്ക്കിടയില്‍ എം.വി.ഗോവിന്ദന്‍ പല തവണ തള്ളിപ്പറഞ്ഞു.
ജാഥക്കിടെ ഉയര്‍ന്നു വന്ന വിഷയങ്ങള്‍ കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ ഒന്നാം നമ്പര്‍ ആകാനുള്ള എം.വി.ഗോവിന്ദന്റെ നീക്കങ്ങള്‍ക്കു സഹായകരമായി. പിണറായി, ഗോവിന്ദന്‍ വിഭാഗങ്ങളുടെ വടംവലിയില്‍ വീര്‍പ്പുമുട്ടിയ ജനകീയ പ്രതിരോധ ജാഥയുടെ സകലശോഭയും കെടുത്തും വിധം സ്വപ്‌നയെത്തി. ജാഥയുടെ ഏറെ സമയവും സ്വപ്‌നയെ പ്രതിരോധിക്കാനാണ് ചിലവഴിക്കപ്പെട്ടത്. തുടര്‍ന്ന് ബ്രഹ്മപുരം, ആലപ്പുഴയിലെ വിഭാഗീയത, ഇപിയുടെ വിട്ടു നില്‍ക്കല്‍ തുടങ്ങിയ സംഭവങ്ങളാല്‍ ജാഥ ഹൈജാക്ക് ചെയ്യപ്പെട്ടു. പ്രതിരോധ ജാഥില്‍ തുടക്കം മുതല്‍ പ്രതിരോധത്തിലായ സിപിഎം ജാഥ തിരുവനന്തപുരത്ത് അവസാനിക്കുമ്പോള്‍ ജാഥ ഉയര്‍ത്തുന്ന കേന്ദ്ര വിരുദ്ധ മുദ്രാവാക്യമോ, രാഷ്ട്രീയ ചോദ്യങ്ങളോ അല്ല പാര്‍ട്ടിയുമായി ബന്ധപ്പെട്ട വിവാദങ്ങളാണ് ചര്‍ച്ചയായത്. ജാഥയുടെ തുടക്കത്തില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്റെ വിട്ടുനില്‍ക്കല്‍ ജാഥയെ വല്ലാതെ വലച്ചു.