X

പ്രതിഷേധം കനത്തപ്പോൾ പറഞ്ഞത് വിഴുങ്ങി എം.വി ഗോവിന്ദൻ

മാര്‍ക്ക്‌ലിസ്റ്റ് വിവാദത്തില്‍ മാധ്യമങ്ങള്‍ക്കെതിരെ നടത്തിയ പ്രസ്താവനയില്‍നിന്നു മലക്കംമറിഞ്ഞ് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. സര്‍ക്കാര്‍ വിരുദ്ധപ്രചാരണത്തിനു മാധ്യമങ്ങളെ കേസില്‍ കുടുക്കുമെന്നു പറഞ്ഞിട്ടില്ലെന്ന് എം.വി.ഗോവിന്ദന്‍ പറഞ്ഞു.ആടിനെ പട്ടിയാക്കുന്ന സമീപനമാണു മാധ്യമങ്ങള്‍ സ്വീകരിക്കുന്നത്. എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി ആര്‍ഷോയ്‌ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്കു മാത്രമാണു മറുപടി പറഞ്ഞത്. എസ്.എഫ്.ഐ നേതാവിനെതിരെ ഗൂഢാലോചന നടത്തിയാല്‍ അതു പറയും. അതു ബോധ്യപ്പെട്ടതിനാലാണു കേസെടുത്തത്. അന്വേഷണം നടക്കട്ടെയെന്നും എം.വി.ഗോവിന്ദന്‍ പറഞ്ഞു.

ആര്‍ഷോയുടെ പരാതിയില്‍ പൊലീസ് ഗൂഢാലോചന കുറ്റം ചുമത്തി കേസെടുത്തു. എഫ്‌ഐആറില്‍ പ്രതി ചേര്‍ക്കപ്പെട്ടവരെ എങ്ങനെയാണു കാണുന്നതെന്ന് എന്നോടു ചോദിച്ചു. ക്രിമിനല്‍ ഗൂഢാലോചന നിയമത്തിന്റെ മുന്നില്‍ കൃത്യമായി വരേണ്ടതാണ്, അങ്ങനെ വരിക തന്നെ വേണം എന്നു ഞാന്‍ പറഞ്ഞു. കുറ്റവാളികള്‍ ആരായാലും, പത്രപ്രവര്‍ത്തകയാകാം, മാധ്യമത്തിന്റെ ഭാഗമാകാം, രാഷ്ട്രീയക്കാരാകാം, ആരായാലും സ്വാഭാവികമായും നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരേണ്ടതാണ് എന്ന് മാത്രമാണ് പറഞ്ഞത്.

സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ പാടില്ലെന്നു ഞാന്‍ പറഞ്ഞെന്നു പ്രചരിപ്പിച്ചാല്‍ ലോകത്ത് ആരെങ്കിലും അംഗീകരിക്കുമോ, ഞാന്‍ എല്ലാ സന്ദര്‍ഭത്തിലും പറയുന്നത്, മാധ്യമങ്ങള്‍ക്കായാലും വ്യക്തികള്‍ക്കായാലും സര്‍ക്കാരിനെയും പാര്‍ട്ടിയെയും അതുപോലെ വിവിധ തലങ്ങളിലുള്ള രാഷ്ട്രീയ പ്രക്രിയകളെയും വിമര്‍ശിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. സാമാന്യ ബുദ്ധിയോടെ പറയാന്‍ സാധിക്കുന്ന ഇക്കാര്യം, സര്‍ക്കാരിനെ വിമര്‍ശിച്ചാല്‍ അതിനെതിരെ കേസെടുക്കുമെന്നു ഞാന്‍ പറഞ്ഞെന്ന് പറഞ്ഞാല്‍ അത് ശുദ്ധമായ ഭാഷയില്‍ പറഞ്ഞാല്‍, അസംബന്ധം എന്നാണ് ഞാന്‍ സാധാരണ പറയുന്നത്. ഇന്ന് അതു പറയുന്നില്ല, തെറ്റായ ഒരു നിലപാടാണ് എന്നു പറയുന്നു.ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.

സര്‍ക്കാര്‍വിരുദ്ധ, എസ്എഫ്‌ഐ വിരുദ്ധ പ്രചാരണവുമായി മാധ്യമങ്ങളുടെ പേരുംപറഞ്ഞു നടന്നാല്‍ ഇനിയും കേസില്‍ ഉള്‍പ്പെടുത്തുമെന്നും അതിലൊരു സംശയവും വേണ്ടെന്നാണ് എം.വി.ഗോവിന്ദന്‍ കഴിഞ്ഞ ഞായറാഴ്ച ഭീഷണി മുഴക്കിയത്. മുന്‍പും കേസെടുത്തിട്ടുണ്ട്. മാധ്യമത്തിനു മാധ്യമത്തിന്റെ സ്റ്റാന്‍ഡ് ഉണ്ട്. ആ സ്റ്റാന്‍ഡിലേ നില്‍ക്കാന്‍ പാടുള്ളൂ ഗോവിന്ദന്‍ പറഞ്ഞു. എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എം.ആര്‍ഷോ എഴുതാത്ത പരീക്ഷ വിജയിച്ചതായി വെബ്‌സൈറ്റിലുള്ളതു റിപ്പോര്‍ട്ട് ചെയ്തതിന്റെ പേരില്‍ ഏഷ്യാനെറ്റ് ന്യൂസ് ചീഫ് റിപ്പോര്‍ട്ടര്‍ അഖില നന്ദകുമാറിനെതിരെ കേസെടുത്തതു സംബന്ധിച്ച ചോദ്യങ്ങളോടു പ്രതികരിക്കുകയായിരുന്നു എംവി ഗോവിന്ദന്‍.

 

webdesk13: