X

പരസ്പര ആദരവാണ് രാജ്യത്തിന്റെ കാതല്‍: സാദിഖലി തങ്ങള്‍

കണ്ണൂര്‍: രാജ്യത്ത് പൂര്‍വികര്‍ തുടര്‍ന്ന് വന്നത് പരസ്പര സ്നേഹത്തിന്റെയും ബഹുമാനത്തിന്റെയും രാഷ്ട്രീയമായിരുന്നുവെന്ന് മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. പരസ്പരം സഹകരിച്ചുള്ള ഊഷ്മളമായ ബന്ധം, ആദരവിലൂന്നിയതായിരുന്നു രാജ്യത്തിന്റെ കാതലെന്നും തങ്ങള്‍ പറഞ്ഞു. മുസ്‌ലിംലീഗ് കണ്ണൂര്‍ ജില്ലാ കമ്മിറ്റി നടത്തുന്ന ദേശരക്ഷായാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയമാണ് ഒരു ഭാഗത്ത്. മറുഭാഗത്ത് പ്രീണനത്തിന്റെ രാഷ്ട്രീയമാണ്. രണ്ടും അധികാരത്തിലേക്കുള്ള പടവുകളായാണ് സംഘ്പരിവാര്‍ ഭരണകൂടം ഉപയോഗപ്പെടുത്തുന്നത്. ഇങ്ങിനെയൊരു കാലഘട്ടത്തിലൂടെ മുന്നോട്ടുപോകുമ്പോള്‍ ഭീതികരമാണ് സാഹചര്യം. പരസ്പര സ്പര്‍ദ ലക്ഷ്യമാക്കിയാണ് ഭരണകൂടം മുന്നോട്ടുപോകുന്നത്. ധാര്‍മികമായ വിശ്വാസ പ്രമാണങ്ങള്‍ കേവല രാഷ്ട്രീയത്തിന്റെ തുറുപ്പ് ശീട്ടുകളായി ഉപയോഗിക്കുകയാണ്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം പതിറ്റാണ്ടുകളുടെ മതേതര സാഹോദര്യത്തിന്റെ സംസ്കാരവും പെെതൃകവും കൂടിചേര്‍ന്നതാണ്.

വിശ്വാസ പ്രമാണങ്ങളെ ബഹുമാനിക്കുന്നതാണ് ഭാരതീയ സംസ്കാരം. പരസ്പര ആദരവിന്റേതായ കാതല്‍, മുനിമാരും മഹര്‍ഷിമാരും സ്വാമിമാലും സൂഫിവര്യന്‍മാരും ഔലിയാക്കളും മഠങ്ങളിലെ ആരാധ്യ പുരുഷന്‍മാരും സ്വന്തം വിശ്വാസ പ്രമാണങ്ങളില്‍ ഊന്നിയിരുന്നപ്പോഴും പരസ്പരം ബഹുമാനിച്ചും സ്നേഹിച്ചുമാണ് കഴിഞ്ഞുപോന്നത്. ഗാന്ധിജിയും പണ്ഡിറ്റ് ജവഹര്‍ലാര്‍ നെഹ്റുവും ആ സംസ്കാരത്തെ കണ്ടറിഞ്ഞവരായിരുന്നു. വെെവിധ്യങ്ങളില്‍ ഇന്ത്യന്‍ ജനതയെ കോര്‍ത്തിണക്കിയാണ് ഗാന്ധിജി മുതല്‍ രാജ്യം ഭരിച്ചത്.

രാമക്ഷേത്ര ഉദ്ഘാടനം രാഷ്ട്രീയവല്‍ക്കരിച്ചതോടെ രാജ്യം തുടര്‍ന്നുവന്ന സംസ്കാരത്തെയാണ് ഭരണകൂടം തകര്‍ത്തത്. വിശ്വാസികളെ ചൂഷണം ചെയ്യുകയാണ് ഇന്ത്യന്‍ ഭരണകൂടം. ഇനിയും കബളിപ്പിക്കപ്പെടേണ്ട സാഹചര്യത്തിന് നാം കൂട്ട് നില്‍ക്കരുത്. ജനങ്ങള്‍ പ്രതീക്ഷയര്‍പ്പിക്കുന്നത് കോണ്‍ഗ്രസിലാണ്. മാധ്യമങ്ങളില്‍ സൃഷ്ടിക്കപ്പെടുന്ന വാര്‍ത്തകള്‍ യാഥാര്‍ഥ്യങ്ങളില്‍ നിന്നും അകലെയാണ് ചില ഘട്ടങ്ങളില്‍. പ്രതിസന്ധികളെ അതിജീവിക്കേണ്ടതുണ്ടെന്നും സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

webdesk13: