X

മുത്തലാഖ് ബില്ല്: കേന്ദ്രത്തിന്റേത് പകപോക്കല്‍ നിലപാട്- പി.കെ കുഞ്ഞാലിക്കുട്ടി

സലഫി നഗര്‍ (കൂരിയാട്): മുത്വലാഖ് ബില്ല് അവതരിപ്പിച്ച കേന്ദ്ര സര്‍ക്കാര്‍ പകപോക്കല്‍ നിലപാടാണ് തുടരുന്നതെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു. മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ സമാപനത്തില്‍ അതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്‌ലിം സമുദായത്തെ ടാര്‍ജ്ജറ്റ് ചെയ്യുന്ന നിലപാടാണ് കേന്ദ്രത്തിന്റേത്. അനഭിലഷണീയമായ ശൈലിയാണ് കേന്ദ്രം തുടരുന്നത്. വികലമായ വീക്ഷണമുള്ള കേന്ദ്ര സര്‍ക്കാര്‍ ന്യൂനപക്ഷ, ദലിത് ജനവിഭാഗങ്ങളെ കുറ്റക്കാരായി കാണുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സാമൂഹ്യ പരിഷ്‌കരണത്തിനെന്ന പേരില്‍ ഭരണകൂടം നടത്തുന്ന നിയമനിര്‍മാണങ്ങള്‍ക്ക് പിന്നില്‍ ഗൂഢലക്ഷ്യങ്ങളുണ്ട്. ഇത്തരം ലക്ഷ്യത്തോടെയാണ് മുത്തലാഖ് ബില്‍ കഴിഞ്ഞ ദിവസം ലോക്‌സഭയില്‍ അവതരിപ്പിച്ചത്.

മുസ്്‌ലിംകളെ ഒറ്റപ്പെടുത്തി വിഭാഗീയത പരത്തുകയാണ്. മതേതര കാഴ്ചപാട് തന്നെ ഭീഷണി നേരിടുന്ന സാഹചര്യമാണ് ഇത് സൃഷ്ടിക്കുന്നത്്. രാജ്യത്ത് നിലവിലുള്ള വ്യക്തി നിയമങ്ങള്‍ തന്നെ ഇല്ലാതാക്കുനുള്ള ശ്രമങ്ങളും നടക്കുന്നു. ഈ സ്ഥിതി തുടര്‍ന്നാല്‍ വിശ്വാസപരമായി ജീവിക്കാന്‍ പോലും പറ്റാത്ത തരത്തിലേക്ക് കാര്യങ്ങള്‍ എത്തിച്ചേരും. അധികാര വര്‍ഗത്തിന്റെ ഇത്തരം നീക്കത്തിനെതിരെ പൊതു അഭിപ്രായമുണ്ടാക്കി ഒന്നിച്ചു പ്രവര്‍ത്തിക്കേണ്ട സന്ദര്‍ഭമാണിതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

കേരളത്തിലെ മത-വിദ്യാഭ്യാസ പുരോഗതിക്ക് പിന്നില്‍ ഇസ്‌ലാഹി പ്രസ്ഥാനത്തിന്റെ ശക്തമായ സ്വാധീനമുണ്ട്. വക്കം മൗലവിയുടെയും പി. സീതി ഹാജിയുടെയും കെ.എം. മൗലവിയുടെയും പാത പിന്തുടരുന്ന മുജാഹിദ് പ്രസ്ഥാനം കേരളത്തിലെ മുസ്‌ലിം നവോത്ഥാനത്തിന് നേതൃത്വം നല്‍കിയെന്ന് അദ്ദേഹം പറഞ്ഞു. മുജാഹിദ് സമ്മേളനത്തിന്റെ വേദിയും സദസ്സും പ്രബുദ്ധവും സമ്പുഷ്ടവുമാണ്. സഹിഷ്ണുതയുടെ സന്ദേശമുയര്‍ത്തി ജനലക്ഷങ്ങളെ അണിനിരത്തുക വഴി മുജാഹിദ് പ്രസ്ഥാനം ചരിത്രത്തില്‍ തുല്യതയില്ലാത്ത അധ്യായം രചിച്ചിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

chandrika: