ന്യൂഡല്‍ഹി: മുത്തലാഖ് ബില്‍ ബജറ്റ് സമ്മേളനത്തില്‍ തന്നെ പാസാക്കിയെടുക്കാന്‍ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് കേന്ദ്ര പാര്‍ലമെന്ററി കാര്യമന്ത്രി അനന്ത്കുമാര്‍. ബജറ്റ് സമ്മേളനത്തിനു മുന്നോടിയായി വിളിച്ചുചേര്‍ത്ത സര്‍വ്വ കക്ഷി യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍വ്വ കക്ഷി സമ്മേളനം ക്രിയാത്മകമായിരുന്നുവെന്ന് അദ്ദേഹം അവകാശപ്പെട്ടു. അതേസമയം മുത്തലാഖ് ബില്‍ സംബന്ധിച്ച് വിവിധ പാര്‍ട്ടികള്‍ക്കിടയില്‍ സമവായമുണ്ടായോ എന്ന ചോദ്യത്തിന് അദ്ദേഹം മറുപടി നല്‍കിയില്ല.
ബില്ലിലെ വ്യവസ്ഥകള്‍ സംബന്ധിച്ച ആശയക്കുഴപ്പം പരിഹരിക്കാതെ, നിയമ നിര്‍മാണവുമായി സഹകരിക്കില്ലെന്ന കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികള്‍ സര്‍വ്വ കക്ഷി യോഗത്തില്‍ നിലപാടെടുത്തതായാണ് വിവരം. പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്, ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി എന്നിവരും യോഗത്തില്‍ സംബന്ധിച്ചു.