മാനന്തവാടി: മുത്തലാഖ് ബില്‍ മുസ്ലിം സമുദായത്തെ അവഹേളിക്കുന്നതാണെന്ന് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു. ന്യൂനപക്ഷ വിഭാഗങ്ങളെ മുഖ്യധാരയില്‍ നിന്നും അകറ്റാനാണ് കേന്ദ്ര സര്‍ക്കാരിന്റെ ശ്രമം. ഇതിനെതിരെ സമാനമനസ്‌കരുമായി ചേര്‍ന്ന് ശക്തമായ ചെറുത്ത് നില്‍പ് നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
മൗനം വെടിയുക ഫാസിസം പടിവാതില്‍ക്കല്‍ എന്ന പ്രമേയവുമായി മാനന്തവാടി നിയോജക മണ്ഡലം മുസ്ലിംലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഫാസിസ്റ്റ് വിരുദ്ധസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി. മുത്തലാഖ് വിഷയത്തില്‍ സഹകരിക്കാന്‍ തയ്യാറാവാത്ത ഇടതുനിലപാട് കാപട്യമാണ്. എല്ലാകാര്യത്തിലും ഇടതുപക്ഷം ബി.ജെ.പിയെ സഹായിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്.
അലിഖിത സഹകരണത്തോടെയാണ് ഇരുപാര്‍ട്ടികളും പ്രവര്‍ത്തിക്കുന്നത്. ബി.ജെ.പിയാണോ കോണ്‍ഗ്രസാണോ മുഖ്യശത്രുവെന്ന കാര്യത്തിലുള്ള സംശയം പോലും ദുരീകരിക്കാന്‍ ഇതുവരെ ഇടത് നേതാക്കള്‍ക്കായിട്ടില്ല. കേരളത്തിലെ ഇടതുഭരണം ജനങ്ങള്‍ മടുത്തുകഴിഞ്ഞു. എല്‍.ഡി.എഫ് സര്‍ക്കാര്‍ ഭരണത്തില്‍ നിന്നിറങ്ങിക്കിട്ടാന്‍ വേണ്ടി കാത്തിരിക്കുകയാണ് മലയാളികള്‍. ഭരിക്കാനറിയില്ലെങ്കില്‍ ഇറങ്ങിപ്പോകാനുള്ള മാന്യതയെങ്കിലും കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തെ ഞെട്ടിച്ച ഓഖി ദുരിതത്തില്‍പെട്ടവരെ ആശ്വസിപ്പിക്കാന്‍ പോലും എല്‍.ഡി. എഫ് സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. റോഡിലൂടെ യാത്ര ചെയ്യുന്നവര്‍ ഇന്ന് മരണഭയത്തിലാണ്.
വന്‍കിട കുത്തകകള്‍ക്ക് വേണ്ടി നിലപാടെടുക്കുന്ന ബി.ജെപി സര്‍ക്കാര്‍, ന്യൂനപക്ഷവിഭാഗങ്ങളുടെ അസ്തിത്വം പോലും ചോദ്യം ചെയ്യുകയാണ്. ഇത്രയും ജനവിരുദ്ധമായൊരു സര്‍ക്കാരിനെ രാജ്യം തൂത്തെറിയുക തന്നെ ചെയ്യും. നിയോജക മണ്ഡലം മുസ്ലിംലീഗ് പ്രസിഡണ്ട് എന്‍. നിസ്സാര്‍ അഹമ്മദ് അധ്യക്ഷത വഹിച്ചു.
ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ് പി.പി.എ കരീം, ജനറല്‍ സെക്രട്ടറി കെ.കെ അഹമ്മദ് ഹാജി, എം.എല്‍.എമാരായ കെ. എം. ഷാജി, ഐ.സി ബാലകൃഷ്ണന്‍, മുന്‍ എം.എല്‍.എ എ.പി അബ്ദുല്ലക്കുട്ടി, യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് പി. ഇസ്മായില്‍, ജില്ലാ പ്രസിഡന്റ് കെ.ഹാരിസ്, എംയഎസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി നവാസ്, സിറാജ് പേരാവൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജനറല്‍ സിക്രട്ടറി പി കെ അസ്മത്ത് സ്വാഗതം പറഞ്ഞു.