X
    Categories: MoreViews

മുത്തലാഖില്‍ പിടിമുറുക്കി കേന്ദ്രം

പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം കുറിക്കാനിരിക്കെ, മുത്തലാഖ് ഉള്‍പ്പെടെയുള്ള വിവാദ വിഷയങ്ങളില്‍ പിടിമുറുക്കി വീണ്ടും കേന്ദ്ര സര്‍ക്കാര്‍. ശീതകാല സമ്മേളനത്തില്‍ പാസാകാതിരുന്ന ബില്‍ ബജറ്റ് സമ്മേളനത്തില്‍ വീണ്ടും പരിഗണനക്കെടുക്കാനാണ് സര്‍ക്കാര്‍ നീക്കം. ഇതോടെ ബജറ്റ് സമ്മേളനവും പ്രക്ഷുബ്ധമാകുമെന്ന് ഉറപ്പായി.

രാഷ്ട്രപതി രാംനാഥ് കോവിന്ദ് പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യുന്നതോടെയാണ് ബജറ്റ് സമ്മേളനത്തിന് തുടക്കം കുറിക്കുക. ഫെബ്രുവരി ഒന്നിനാണ് ബജറ്റ് അവതരണം. ഇതിനു മുന്നോടിയായി സാമ്പത്തിക സര്‍വേ സഭയുടെ മേശപ്പുറത്ത് വെക്കും. രാംനാഥ് കോവിന്ദ് രാഷ്ട്രപതിയായി ചുമതലയേറ്റ ശേഷം പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യുന്നതും ഇതാദ്യമാണ്.

ബജറ്റിനു പുറമെ ഏതാനും ബില്ലുകളും ഒന്നര മാസത്തോളം നീളുന്ന സമ്മേളനത്തില്‍ സഭയുടെ പരിഗണനക്ക് വരുന്നുണ്ട്. ശീതകാല സമ്മേളനത്തെ ചൂടുപിടിപ്പിച്ച മുത്തലാഖ് ബില്‍ (മുസ്്‌ലിം സ്ത്രീകളുടെ വിവാഹ അവകാശ ബില്‍- 2017) ആണ് ഇതില്‍ പ്രധാനം. ബില്‍ ലോക്‌സഭ പാസാക്കിയെങ്കിലും പ്രതിപക്ഷ പാര്‍ട്ടികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് രാജ്യസഭ കടന്നിരുന്നില്ല. ബില്ലിലെ വ്യവസ്ഥകള്‍ സംബന്ധിച്ച് വ്യാപക വിമര്‍ശനങ്ങള്‍ ഉയരുമ്പോഴും സ്റ്റാന്റിങ് കമ്മിറ്റിയുടെ പരിഗണനക്ക് പോലും വിടാതെ പാസാക്കണമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഇതിനുള്ള തിടുക്കപ്പെട്ട നീക്കങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്. ന്യൂനപക്ഷ കമ്മീഷന് ഭരണഘടനാ പദവി നല്‍കാന്‍ വ്യവസ്ഥ ചെയ്യുന്ന 123ാം ഭരണഘടനാ ഭേദഗതി ബില്‍ ആണ് മറ്റൊന്ന്. വിവിധ സംസ്ഥാനങ്ങളിലേക്ക് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പും 2019ലെ പൊതുതെരഞ്ഞെടുപ്പും മുന്നില്‍ കണ്ട് രാഷ്ട്രീയ നേട്ടം ലക്ഷ്യമിട്ടാണ് ബില്‍ കൊണ്ടുവരുന്നത്.
രണ്ടു ഘട്ടങ്ങളിലായാണ് ബജറ്റ് സമ്മേളനം ചേരുന്നത്. ആദ്യ ഘട്ടം ഇന്ന് തുടങ്ങി ഫെബ്രുവരി ഒമ്പതിന് അവസാനിക്കും.

മാര്‍ച്ച് അഞ്ചിന് ആരംഭിക്കുന്ന രണ്ടാം ഘട്ടം ഏപ്രില്‍ ആറുവരെ നീണ്ടു നില്‍ക്കും. കഴിഞ്ഞ വര്‍ഷത്തെപോലെ വോട്ട് ഓണ്‍ അക്കൗണ്ട് ഒഴിവാക്കി മാര്‍ച്ച് 31ന് മുമ്പു തന്നെ പുതിയ സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് പാസാക്കുന്ന രീതിയിലാണ് സഭാ സമ്മേളനത്തിന് രൂപം നല്‍കിയിരിക്കുന്നത്. റെയില്‍വികസന പദ്ധതികള്‍ ഇത്തവണയും പൊതുജറ്റില്‍ ഉള്‍പ്പെടുത്തിയായിരിക്കും അവതരിപ്പിക്കുക. 2017ലാണ് റെയില്‍ ബജറ്റിനെ പൊതുബജറ്റില്‍ ലയിപ്പിച്ചത്. ചരക്കുസേവന നികുതി (ജി.എസ്.ടി) നടപ്പാക്കിയത് സാമ്പത്തിക മേഖലയിലുണ്ടാക്കിയ പ്രതിസന്ധി മറികടക്കുന്നതിന് എന്തെല്ലാം പദ്ധതികളാണ് കേന്ദ്ര സര്‍ക്കാര്‍ ബജറ്റില്‍ അവതരിപ്പിക്കുക എന്നതാണ് പ്രധാനമായും ഉറ്റുനോക്കുന്നത്. 2019ല്‍ രാജ്യം പൊതുതെരഞ്ഞെടുപ്പിനെ നേരിടാന്‍ ഒരുങ്ങുന്ന പശ്ചാത്തലത്തില്‍ ജനകീയ ബജറ്റ് ആണ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയില്‍നിന്നും ജനം പ്രതീക്ഷിക്കുന്നത്.

ജി.എസ്.ടി പ്രാബല്യത്തില്‍ വന്നതോടെ ഓരോ ഉത്പന്നങ്ങളുടേയും നികുതി കൂടുകയും കുറയുകയും ചെയ്യുന്ന പ്രവണത ഇത്തവണത്തെ ബജറ്റില്‍ ഉണ്ടാവില്ല. കേന്ദ്ര, സംസ്ഥാന ധനമന്ത്രിമാര്‍ അടങ്ങുന്ന ജി.എസ്.ടി കൗണ്‍സിലിനാണ് പുതിയ നികുതി ഘടനയില്‍
നിരക്കുകള്‍ നിശ്ചയിക്കുന്നതിനും മാറ്റങ്ങള്‍ വരുത്തുന്നതിനുമുള്ള അധികാരം. അതേസമയം ആദായ നികുതി പരിധി മൂന്നു ലക്ഷമാക്കി ഉയര്‍ത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. നിലവില്‍ രണ്ടര ലക്ഷമാണ് പരിധി.

chandrika: