ലക്‌നോ: കേന്ദ്ര സര്‍ക്കാറിന്റെ മുത്വലാഖ് ബില്ലിനെ തള്ളി മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ്. ബില്ലിലെ വ്യവസ്ഥകള്‍ അംഗീകരിക്കാനാകില്ലെന്നും അത് പിന്‍വലിക്കണമെന്നും വ്യക്തി നിയമ ബോര്‍ഡ് ആവശ്യപ്പെട്ടു. മുത്വലാഖ് കുറ്റമാക്കുന്ന ബില്ലിന്റെ രൂപവല്‍ക്കരണത്തില്‍ നടപടി ക്രമങ്ങള്‍ പാലിച്ചില്ലെന്നും ബില്‍ തയ്യാറാക്കിയത് മുസ്‌ലിം സംഘടനകളുമായോ, നേതാക്കളുമായോ കൂടിയാലോചിക്കാതെയാണെന്നും മുസ്‌ലിം വ്യക്തി നിയമ ബോര്‍ഡ് വിമര്‍ശിച്ചു.
മുത്വലാഖ് ബില്ല് പാര്‍ലമെ ന്റില്‍ അവതരിപ്പിക്കാനിരിക്കെയാണ് വ്യക്തിനിയമ ബോര്‍ഡിന്റെ വിമര്‍ശനം. ബില്ലുമായി ബന്ധപ്പെട്ട അതൃപ്തി ബോര്‍ഡ് പ്രസിഡന്റ് പ്രധാനമന്ത്രിയെ അറിയിക്കുമെന്ന് എ. ഐ.എം.പി.എല്‍ വക്താവ് സജ്ജാദ് നുഅ്മാനി അറിയിച്ചു. മുത്വലാഖ് ചൊല്ലുന്ന പുരുഷനു മൂന്നുവര്‍ഷം വരെ തടവും പിഴയും ഉറപ്പാക്കുന്ന ശിക്ഷയാണു കേന്ദ്ര സര്‍ക്കാര്‍ ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നത്.
മുത്വലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന നിയമം പ്രാബല്യത്തില്‍ വന്നാല്‍ മുത്വലാഖിനു വിധേയമാകുന്ന ഭാര്യയ്ക്കു ഭര്‍ത്താവിനെതിരെ പൊലീസിനെ സമീപിക്കുകയോ, നിയമസഹായം തേടുകയോ ചെയ്യാവുന്നതാണ്. പ്രായപൂര്‍ത്തിയാകാത്ത മക്കളെ തനിക്കൊപ്പം വിടണമെന്നു ഭാര്യയ്ക്കു കോടതിയോട് ആവശ്യപ്പെടാം.
വിവാഹ മോചന ശേഷം സ്ത്രീക്കും കുഞ്ഞിനും ജീവനാംശത്തിന് അര്‍ഹതയുണ്ടെന്നും ബില്ലില്‍ പറയുന്നു. വാക്കാലോ എഴുതിയോ എസ്എംഎസ്, വാട്‌സാപ്പ് തുടങ്ങിയ സന്ദേശ സംവിധാനങ്ങളിലൂടെയോ ഉള്ള ഒറ്റത്തവണ മുത്വലാഖ് അസാധുവാകും. ജമ്മു കശ്മീര്‍ ഒഴികെ രാജ്യമെങ്ങും ബാധകമാകുന്നതാണു നിയമം.