മുതലപ്പൊഴി യാത്ര ഒഴിവാക്കണമെന്ന മന്ത്രി സജി ചെറിയാന്റെ നിർദേശം തള്ളി ലത്തീൻ അതിരൂപത. തലവേദനയുണ്ടെന്ന് പറഞ്ഞാൽ ഉടനെ തല വെട്ടി കളയുകയാണോ ചെയ്യേണ്ടതെന്നും ഹാർബർ അടച്ചിടുക എന്ന് പറഞ്ഞാൽ കെടുകാര്യസ്ഥതയാണെന്നും ഫാദർ യൂജിൻ പെരേര പറഞ്ഞു.
മുതലപ്പൊഴിയിലെ പ്രശ്നം നേരത്തെ പരിഹരിക്കേണ്ടതായിരുന്നു. മത്സ്യം സുലഭമായി കിട്ടുന്നത് വർഷകാലത്താണ്. മത്സ്യതൊഴിലാളികളുടെ ജീവിതം തന്നെ തടസ്സപ്പെടുത്തുകയാണെങ്കിൽ അതിന് പ്രതിവിധി എന്താണെന്ന് പ്രഖ്യാപിക്കണം. തൊഴിൽ നഷ്ടം ഉണ്ടാവുകയാണെങ്കിൽ തത്തുല്യമായ നഷ്ട പരിഹാരം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു..
മുതലപ്പൊഴി അപകടമേഖലയാണെന്നും അവിടേക്കുള്ള യാത്ര ഒഴിവാക്കണമെന്നുമായിരുന്നു സജി ചെറിയാന്റെ നിർദേശം. അടുത്തദിവസം തൊഴിലാളി സംഘടനകളുമായി ചർച്ച നടത്തുമെന്നും മൺതിട്ട നീക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചിരുന്നു