തിരുവനന്തപുരം മുതലപ്പൊഴിയിൽ 2006 ൽ പുലിമുട്ടിന്റെ നിർമാണം പൂർത്തിയായ ശേഷം സ്ഥലത്ത് ഉണ്ടായ 125 അപകടങ്ങളിൽപ്പെട്ട് ഇതുവരെ 69 മത്സ്യത്തൊഴിലാളികൾ മരിച്ചതായി കണക്ക്. എഴുനൂറിലേറെ പേർ പരുക്കേറ്റ് കഴിയുന്നു. പുലിമുട്ടിന്റെ അശാസ്ത്രീയ നിർമിതിയാണ് ഭൂരിഭാഗം പേരുടെയും മരണത്തിന് കാരണമായതെന്നാണ് ആക്ഷേപം. ഏറ്റവും അവസാനം നാല് മൽസ്യത്തൊഴിലാളികൾക്കാണ് ഇവിടെ ജീവൻ നഷ്ടമായത്.പുതുക്കുറിച്ചി സ്വദേശികളായ ചേരിയിൽ പുരയിടത്തിൽ സുരേഷ് ഫെർണാണ്ടസ് (58), തൈവിളാകം വീട്ടിൽ ബിജു ആന്റണി (45), തെരുവിൽ തൈവിളാകത്തിൽ റോബിൻ എഡ്വിൻ (42), കുഞ്ഞുമോന്‍ (40) എന്നിവരാണ് മരിച്ചത്.
ഉയര്‍ന്നു പൊങ്ങുന്ന തിരമാലകളില്‍പ്പെട്ട് ബോട്ടുകളുടെ നിയന്ത്രണം തെറ്റി പൊഴിയുടെ ഇരുഭാഗത്തുമുള്ള പാറക്കല്ലിലും ടെട്രോപാഡിലും ഇടിച്ച് ബോട്ടുകൾ തകരുകയാണ് ചെയ്യുന്നത്.പാറക്കല്ലുകളില്‍ തലയിടിച്ചാണ് ഏറെ പേരുടെയും മരണം സംഭവിച്ചിരിക്കുന്നത്.ഇപ്പോൾ സംഭവിച്ച അപകടത്തിലും കല്ലുകൾക്കിടയിൽ ആഴത്തിൽ വലയിൽ കുരുങ്ങിയ നിലയിലായിരുന്നു സുരേഷ് ഫെർണാണ്ടസിന്റെയും ബിജു ആന്റണിയുടെയും മൃതദേഹങ്ങൾ കണ്ടെടുത്തത്