കോഴിക്കോട്: രോഗമുക്തമായ സമൂഹത്തിന് വേണ്ടിയായിരിക്കണം ഇനിയുള്ള കാലത്ത് കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടതെന്നും രാജ്യത്തിന്റെ ലക്ഷ്യമായി അത് മാറേണ്ടതുണ്ടെന്നും മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. സി.എച്ച് സെന്റർ പി.എ ഇബ്രാഹിം ഹാജി മെമ്മോറിയൽ മൊബൈൽ മെഡിക്കൽ യൂണിറ്റ് ലോഞ്ചിങ് നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനങ്ങൾക്ക് ഏറെ സഹായകരമായ പ്രവർത്തനവുമായാണ് സി.എച്ച് സെന്റർ മുന്നോട്ട് പോകുന്നത്. മാതൃകാപരമായ ഈ സംരംഭം ലക്ഷ്യം കാണുന്നതിന് സഹായം നൽകിയ മലബാർ ഗ്രൂപ്പ് സാമൂഹ്യ പ്രതിബദ്ധത കാത്തുസൂക്ഷിച്ച് മുന്നോട്ട് പോകുന്ന സ്ഥാപനമാണെന്നും തങ്ങൾ പറഞ്ഞു. നൂതനമായ ഇത്തരം ആശയങ്ങൾ സമൂഹത്തെ ജാഗ്രതയുള്ളവരാക്കുമെന്നും സാദിഖലി തങ്ങൾ കൂട്ടിച്ചേർത്തു.
മലബാർ ഗ്രൂപ്പ് സ്പോൺസർ ചെയ്ത മെഡിക്കൽ യൂണിറ്റ് ക്യാൻസർ, കിഡ്നി രോഗ നിർണയത്തിന് ആവശ്യമായ അത്യാധുനിക സൗകര്യങ്ങളോടെയാണ് പ്രവർത്തനം ആരംഭിച്ചത്. പാലാഴി നോവ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സി.എച്ച് സെന്റർ പ്രസിഡന്റ് കെ.പി കോയ അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി എം.വി സിദ്ദീഖ് മാസ്റ്റർ സ്വാഗതം പറഞ്ഞു. എം.എ റസാഖ് മാസ്റ്റർ പദ്ധതി വിശദീകരണം നടത്തി. മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി അഹമ്മദ് മുഖ്യാതിഥിയായിരുന്നു. പി.എ അബ്ദുള്ള (മലബാർ ഗ്രൂപ്പ്), എം.സി മായിൻ ഹാജി, ഉമ്മർ പാണ്ടികശാല, സി.പി ചെറിയ മുഹമ്മദ്, യു.സി രാമൻ, ടി.ടി ഇസ്മായിൽ, ഡോ. കെ. ജയകുമാർ, ഡോ. കെ.വി. ഗംഗാധരൻ, പി.എ അബൂബക്കർ ഹാജി, ഡോ. രവീന്ദ്രൻ, വി.പി ഇബ്രാഹിം കുട്ടി, ടി.പി.എം ജിഷാൻ, കെ.കെ കോയ, സഫറി വെള്ളയിൽ, എൻ.പി ഹംസ മാസ്റ്റർ, കെ. കെ ആലിക്കുട്ടി മാസ്റ്റർ, പി.പി ഇബ്രാഹിം കുട്ടി, ഹമീദ് മൗലവി, സി.എച്ച് സെന്റർ ഭാരവാഹികളായ ഇ. മാമുക്കോയ മാസ്റ്റർ, പി.എൻ.കെ അഷ്റഫ്, സഫ അലവി ഹാജി, കെ. മരക്കാർ ഹാജി, കെ. മൂസ മൗലവി, ഒ. ഉസൈയിൻ, ബപ്പൻ കുട്ടി നടുവണ്ണൂർ, അരിയിൽ മൊയ്തീൻ ഹാജി, ജനറൽ മാനേജർ അബ്ദുറഹ്മാൻ എന്നിവർ സംബന്ധിച്ചു. സി.എച്ച് സെന്റർ ട്രഷറർ ടി.പി മുഹമ്മദ് നന്ദി പറഞ്ഞു. നഴ്സിങ് കോഴ്സിന് പഠിക്കുന്ന നിർധന വിദ്യാർത്ഥികൾക്കുള്ള സ്‌കോളർഷിപ്പ് വിതരണവും സാദിഖലി തങ്ങൾ നിർവ്വഹിച്ചു.