X

കാണണം റോളണ്ട് ഗാരോസ്

പാരീസ്:കുട്ടിക്കാലം മുതൽ കേൾക്കുന്ന ടെന്നിസ് വേദിയാണ് റോളണ്ട് ഗാരോസ്. ഫ്രഞ്ച് ഓപ്പൺ എന്ന മെഗാ ഗ്രാൻഡ്സ്ലാം ചാമ്പ്യൻഷിപ്പ് അരങ്ങ് തകർക്കുന്ന വേദി. ബ്യോൺ ബോർഗ്, ജോൺ മെക്കൻറോ, ജിമ്മി കോണേഴ്സ് തുടങ്ങിയവർ തലക്ക് പിടിച്ച കാലത്താണ് വിംബിൾഡണും ഫ്രഞ്ച് ഓപ്പണും ഓസ്ട്രേലിയൻ ഓപ്പണും, യു.എസ് ഓപ്പണും സുപരിചിതമാവാൻ തുടങ്ങിയത്. പിന്നെ ആന്ദ്രെ അഗാസി,സ്റ്റെഫി ഗ്രാഫ്, പീറ്റ് സംപ്രാസ്, മാറ്റ്സ് വിലാൻഡർ തുടങ്ങിയവർ പ്രിയ കളിക്കാരായി മാറി. പുതിയ തലമുറയിൽ റോജർ ഫെഡ്ററും നോവാക് ദ്യോക്യോവിച്ചും റഫേൽ നദാലുമെല്ലാം.

1924 മുതലുണ്ട് ഫ്രഞ്ച് ഓപ്പൺ ഗാഥ. റോളണ്ട് ഗാരോസ് എന്നത് ഒന്നാം ലോക മഹായുദ്ധ വേളയിൽ കൊല്ലപ്പെട്ട ടെന്നിസിനെ അതിയായി സ്നേഹിച്ച ഒരു ധീരനായ സൈനിക നാമമാണ്. അദ്ദേഹത്തിനുള്ള സ്മരണാർത്ഥമാണ് സ്റ്റേഡിയത്തിന് ഈ പേരിട്ടത്. ലോകത്തെ ഏറ്റവും വിഖ്യാതമായ കളിമൺ കോർട്ട്. മറ്റ് ഗ്രാൻഡ്സ്ലാമുകൾ പുൽത്തകിടിയിൽ നടക്കുമ്പോൾ ഫ്രഞ്ച് ഓപൺ എന്നത് ക്ലേ കോർട്ടിൽ പലർക്കും കിട്ടാകനിയാണ്.

പുതിയ കാലത്തെ കളിമൺ കോർട്ട് വിദഗ്ദ്ധൻ സ്പാനിഷ് താരം റഫേൽ നദാലാണ്. അദ്ദേഹമുൾപ്പെടുന്നവരാണ് ഒളിംപിക്സ് ടെന്നിസിന് കരുത്ത് പകരാൻ എത്തിയിരിക്കുന്നത്. ഒപ്പം നിലവിലെ ഫ്രഞ്ച് ഓപ്പൺ,വിംബിൾഡൺ ജേതാവ് കാർലോസ് അൽകരാസ്, നോവാക് ദ്യോക്യോവിച്ച് തുടങ്ങിയവർ കളത്തിലുണ്ട്. ഇന്ത്യയിൽ നിന്ന് രോഹൻ ബോപ്പണയും സംഘവും.

webdesk13: