കോഴിക്കോട് : കത്വ ഫണ്ട് തട്ടിപ്പ് ആരോപണം കള്ളമാണെന്ന് കുന്ദമംഗലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയിൽ പൊലീസ് നൽകിയ റിപ്പോർട്ട് മുസ്‌ലിം യൂത്ത് ലീഗിനുള്ള ഗുഡ് സർട്ടിഫിക്കറ്റാണെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സിക്രട്ടറി പി കെ ഫിറോസ് പറഞ്ഞു. മാധ്യമ പ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കടിച്ച പാമ്പിനെ കൊണ്ട് തന്നെ വിഷം ഇറക്കിക്കാൻ സാധിച്ചു. കഴിഞ്ഞ നിയമസഭാ തെരഞ്ഞടുപ്പ് കാലത്ത് താനൂർ മണ്ഡലത്തിൽ എനിക്കെതിരെ ഈ കേസുമായി ബന്ധപ്പെട്ട് എഫ്.ഐ.ആറി ൻ്റെ കോപ്പി ഉപയോഗിച്ച് വ്യാപകമായ പ്രചാരണം മന്ത്രി വി.അബ്ദുറഹ്മാൻ്റെ നേതൃത്വത്തിൽ നടത്തിയിരുന്നു.
മുൻ മന്ത്രി കെ.ടി ജലീലിൻ്റെയും സി.പി.എം നേതൃത്വത്തിൻ്റെയും ഒത്താശയോട് കൂടിയാണ് കള്ള പ്രചാരണം നടന്നത്. ആരോപണം വ്യാജമാണെന്ന് പൊലീസ് തന്നെ റിപ്പോർട്ട് സമർപ്പിച്ചതിലൂടെ കള്ള പ്രചാരണം നടത്തിയ മന്ത്രിക്ക് പദവിയിൽ തുടരാൻ അർഹതയില്ലെന്നും കെ.ടി ജലീലും സി.പി.എം നേതൃത്വവും പൊതു സമൂഹത്തോട് മാപ്പ് പറയണമെന്നും ഫിറോസ് ആവശ്യപ്പെട്ടു. ഈ ആരോപണത്തിലെ ഗൂഢാലോചനയിൽ കൃത്യമായ പങ്കുള്ള വി. അബ്ദുറഹ്മാൻ – കെ ടി ജലീൽ – സി പി എം നേതൃത്വത്തിനെതിരെ നിയമ നടപടിയുമുമായി മുന്നോട്ട് പോകുമെന്നും ഫിറോസ് കൂട്ടിച്ചേർത്തു