കോഴിക്കോട് : മലയാളികളോടുള്ള ആകാശകൊള്ളക്ക് കേന്ദ്ര – കേരള സര്‍ക്കാറുകള്‍ കൂട്ടുനില്‍ക്കുകയാണെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് പറഞ്ഞു. പ്രവാസി വിമാന നിരക്ക് കൊള്ളയില്‍ പ്രതിഷേധിച്ച് കോഴിക്കോട് ഇന്‍കം ടാക്‌സ് ഓഫീസിന് മുന്നില്‍ മുസ്‌ലിം യൂത്ത് ലീഗ് നടത്തിയ ഉപരോധ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജി.സി.സി സെക്ടറിലേക്ക് സാധാരണ ഗതിയില്‍ റിട്ടേണ്‍ അടക്കം ടിക്കറ്റിന് ശരാശരി ഇരുപതിനായിരം രൂപ ചാര്‍ജ് വരുമ്പോഴാണ് പ്രവാസികള്‍ക്ക് അവധിക്കാല സമയത്ത് വണ്‍വേ ടിക്കറ്റിന് മാത്രം അമ്പതിനായിരം രൂപയില്‍ അധികം ചാര്‍ജ് നല്‍കേണ്ടി വരുന്നത്. വിമാന കമ്പനികളുടെ കൊള്ള മാത്രമല്ല കേന്ദ്ര സര്‍ക്കാര്‍ ടാക്‌സ് ഇനത്തിലും വലിയ തുക ഈടാക്കുന്നത് കൊണ്ടാണ് അധിക ചാര്‍ജ് വിമാന ടിക്കറ്റിന് നല്‍കേണ്ടി വരുന്നത്. അവധിക്കാല സമയത്ത് തന്നെ ലണ്ടനില്‍ നിന്ന് എട്ട് മണിക്കൂര്‍ യാത്രയുള്ള ഡെല്‍ഹിയിലേക്ക് നാല്‍പത്തിഅയ്യായിരം രൂപയാണ് വിമാന കമ്പനികള്‍ ടിക്കറ്റ് നിരക്ക് ഈടാക്കുന്നതെങ്കില്‍ മൂന്നര മണിക്കൂര്‍ ജി.സി.സിയില്‍ നിന്ന് യാത്രയുള്ള കേരളത്തിലേക്ക് അമ്പതിനായിരത്തില്‍ അധികം രൂപയാണ് ചാര്‍ജ് ഈടാക്കുന്നത്.
ഇത് ഒരു നിലക്കും അംഗീകരിക്കാന്‍ കഴിയുന്നതല്ല. സൗജന്യമായി മറ്റ് രാജ്യങ്ങള്‍ മൃതദേഹം നാട്ടിലെത്തിക്കുമ്പോള്‍ ഇന്ത്യയിലേക്ക് വലിയ തുകയാണ് ഈടാക്കുന്നത്. മനുഷ്യതരഹിതമായ ഈ സമീപനവും അംഗീകരിക്കാന്‍ കഴിയുന്നതല്ല. ഇക്കാര്യത്തില്‍ ഇടപെടേണ്ട കേരള സര്‍ക്കാരും മലയാളികളോട് കാണിക്കുന്ന ഈ കൊള്ളയില്‍ മൗനം പാലിക്കുകയാണ്. പ്രവാസികളുടെ പേരില്‍ ലോക കേരള സഭ നടത്തി ധൂര്‍ത്തടിക്കുകയും ലോകം കറങ്ങുകയുമല്ലാതെ കേരള സര്‍ക്കാര്‍ ഒന്നും ചെയ്യുന്നിമില്ല. ലോക്‌സഭ അംഗം എന്ന ഫോമില്‍ ആണ് കേരള ലോകസഭ അംഗങ്ങളുടെ നടപ്പെന്നും ഫിറോസ് പരിഹസിച്ചു. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലാണ് പ്രവാസികളെന്ന പ്രശംസ നടത്തുമ്പോളും രണ്ട് വര്‍ഷത്തിലൊരിക്കല്‍ ഒന്ന് നാട്ടില്‍ വരാന്‍ പോലും കഴിയാത്ത വിധമാണ് കമ്പനികള്‍ ക്രൂരത നടത്തുന്നതെന്നും ഇക്കാര്യത്തില്‍ അധികാരികള്‍ അലംഭാവം വെടിയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഉപരോധ സമരത്തിന്റെ ഭാഗമായി മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസിന്റെ നേതൃത്വത്തില്‍ ഓഫീസിന്റെ മെയിന്‍ ഗെയ്റ്റ് താഴിട്ട് പൂട്ടാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഉപരോധക്കാരെ നേരിടാന്‍ വന്‍ പോലീസ് സന്നാഹം നേരത്തെ സ്ഥാനമുറപ്പിച്ചിരുന്നു. സമാധാനപരമായ സമരത്തിന് നേതൃത്വം നല്‍കിയ പ്രവര്‍ത്തകരെ ബലം പ്രയോഗിച്ച അറസ്റ്റ് ചെയ്ത നീക്കുകയാണ് പോലീസ് ചെയ്തത്. നേതാക്കളെയും പ്രവര്‍ത്തകരെയും പിന്നീട് ജാമ്യത്തില്‍ വിട്ടു.
മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ട്രഷറര്‍ പി. ഇസ്മായില്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റെ അഷ്‌റഫ് എടനീര്‍, സെക്രട്ടറി ടി.പി.എം ജിഷാന്‍ പ്രസംഗിച്ചു. ജില്ല പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍, ജനറല്‍ സെക്രട്ടറി ടി. മൊയ്തീന്‍കോയ, സംസ്ഥാന കമ്മറ്റി അംഗമായ സി. ജാഫര്‍ സാദിഖ്, സി.കെ ഷാക്കിര്‍, എം.പി ഷാജഹാന്‍, ഷഫീഖ് അരക്കിണര്‍, എസ്.വി ഷൗലീക്ക്, കെ.വി മന്‍സൂര്‍, സിറാജ് കിണാശ്ശേരി, റിഷാദ് പുതിയങ്ങാടി, ഷൗക്കത്ത് വിരിപ്പില്‍, ഐ. സല്‍മാന്‍, കെ. കുഞ്ഞിമരക്കാര്‍, ഒ.കെ ഇസ്മായില്‍ സംബന്ധിച്ചു.