കോഴിക്കോട് : ഏക സിവിൽകോഡ് വിഷയത്തിൽ സി.പി.എം നടത്തുന്ന കള്ളക്കളി സെമിനാറിലൂടെ വെളിച്ചെത്ത് വന്നതായി മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് പറഞ്ഞു. വിദ്വേഷത്തിനെതിരെ ദുർഭരണത്തിനെതിരെ എന്ന പ്രമേയവുമായി മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മറ്റി നടത്തുന്ന ക്യാംപയിനോടനുബന്ധിച്ച് പഞ്ചായത്ത്‌തലത്തിൽ നടക്കുന്ന പ്രതിനിധി സംഗമത്തിൻ്റെ സംസ്ഥാന തല ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു ഭാഗത്ത് ഏക സിവിൽകോഡിനെ എതിർക്കുന്നുവെന്ന് പറയുകയും മറുഭാഗത്ത് വ്യക്തിനിയമങ്ങളിൽ പരിഷ്കരണം നടത്തണമെന്ന നിലപാട് സ്വീകരിക്കുകയും ചെയ്ത സി.പി.എമ്മിന്റെ ഇരട്ട മുഖമാണ് സെമിനാറിലൂടെ പുറത്ത് വന്നത്. ന്യൂനപക്ഷ വോട്ടുകളിൽ കണ്ണുനട്ട് ഏക സിവിൽ കോഡിനെതിരെ പറയുമ്പോഴും മതനിയമങ്ങൾ പിന്തിരിപ്പനാണെന്നും വ്യക്തിനിയമങ്ങളിൽ കാലോചിത മാറ്റം അനിവാര്യമാണന്നുമാണ് സി.പി.എമ്മിൻ്റെ എക്കാലത്തെയും നിലപാട്. ഇതിൽ തങ്ങൾ ഉറച്ച് നിൽക്കുന്നുവെന്നാണ് സെമിനാറിലൂടെ സി.പി.എം വ്യക്തമാക്കിയത്. പൗരത്വ നിയമ ദേദഗതിക്കെതിരെ പ്രസംഗിക്കുകയും എന്നാൽ സമരം ചെയ്തവർക്കെതിരെ കേസെടുക്കുകയും ചെയ്ത സി.പി.എമ്മിൻ്റെ ഇരട്ടത്താപ്പ് നയം തന്നെയാണ് എകസിവിൽ കോഡിലും സ്വീകരിക്കുന്നത്. ഇത് കേരള സമൂഹം അംഗീകരിക്കില്ലെന്നും ഫിറോസ് കൂട്ടിച്ചേർത്തു.
ശാഖാ തലത്തിൽ നടത്തേണ്ട യൂത്ത് മീറ്റുകൾ പൂർത്തീകച്ച പഞ്ചായത്തുകളിൽ ആണ് പ്രതിനിധി സംഗമങ്ങൾക്ക് തുടക്കമായത്. പെരുവയൽ പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡണ്ട് യാസർ അറഫാത്ത് അദ്ധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് സംസ്ഥാന ട്രഷറർ പി ഇസ്മായിൽ മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡണ്ട് അഷ്റഫ് എടനീർ, സെക്രട്ടറി ടി.പി.എം ജിഷാൻ, മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡണ്ട് കെ മൂസ മൗലവി, യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് മിസ്ഹബ് കീഴരിയൂർ, ട്രഷറർ കെ.എം.എ റഷീദ്, സെക്രട്ടറി ഒ.എം നൗഷാദ്, മണ്ഡലം പ്രസിഡണ്ട് ഐ സൽമാൻ, എം.പി സലിം, മുഹമ്മദ് കോയ, സി.ടി ഷരീഫ്, പൊതാത്ത് മുഹമ്മദ് ഹാജി, പി.പി ജാഫർ മാസ്റ്റർ, ഹബീബ് റഹ്മാൻ, എൻ വി കോയ, മുജീബ് ഇടക്കണ്ടി, എൻ.ടി ഹംസ, കെ.എം ഷാഫി, പി അഷ്റഫ്, എം.സി സെനുദ്ദീൻ, പി കെ ഷറഫുദ്ദീൻ, ഉനൈസ് എ തുടങ്ങിയവർ പ്രസംഗിച്ചു.പഞ്ചായത്ത് യൂത്ത് ലീഗ് ജനറൽ സിക്രട്ടറി ഹാരിസ് വി സ്വാഗതവും ട്രഷറർ നുഹ്മാൻ നന്ദിയും പറഞ്ഞു. കാമ്പയിന്റെ ഭാഗമായി മണ്ഡലം തലത്തിൽ സ്മൃതിപഥം, ജില്ലാ തലത്തിൽ പദയാത്ര തുടങ്ങിയ പരിപാടികൾക്ക് ശേഷം എറണാകുളത്ത് വെച്ച് നടക്കുന്ന യുവജന മഹാറാലിയോടെ ക്യാംപയിൻ സമാപിക്കും .